You are Here : Home / News Plus

അക്രമരാഷ്ട്രീയത്തിനെതിരായ പ്രതീകമാണ് ജയരാജൻ

Text Size  

Story Dated: Sunday, March 10, 2019 08:35 hrs UTC

അക്രമ രാഷ്ട്രീയത്തിന്റെ ജീവിക്കുന്ന രക്തസാക്ഷി എന്ന നിലയ്ക്കാണു പി ജയരാജനെ വടകരയില്‍ സ്ഥാനാര്‍ത്ഥിയാക്കിയതെന്നും തുന്നിച്ചേര്‍ത്ത ആ കൈയാണ് അക്രമരാഷ്ട്രീയത്തിനെതിരായ കേരളത്തിന്റെ പ്രതീകമെന്നും സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലൃകൃഷ്ണന്‍. 

സി.പി.എം സ്ഥാനാര്‍ത്ഥിപട്ടിക പരസ്യമാക്കി കൊണ്ടുള്ള കോടിയേരിയുടെ വാര്‍ത്താസമ്മേളനത്തിന്റെ സിംഹഭാഗവും വടകരമണ്ഡലത്തിലെ പി.ജയരാജന്റെ സ്ഥാനാര്‍ത്ഥിത്വവുമായി ബന്ധപ്പെട്ടുള്ളതായിരുന്നു. ചെങ്കോട്ടയായിരുന്ന വടകരയെ സി.പി.എമ്മിന്റെ കൈയ്യിലേക്ക് തിരികെ എത്തിക്കുവാനുള്ള ചരിത്രനിയോഗമാണ് ഇക്കുറി പി.ജയരാജന് പാര്‍ട്ടി നല്‍കുന്നതെന്നായിരുന്നു കോടിയേരിയുടെ വിശദീകരണം. എന്നാല്‍ കണ്ണൂരിലെ സ്വന്തം തട്ടകത്തില്‍ നിന്നും അദ്ദേഹത്തെ മാറ്റുവാനുള്ള പാര്‍ട്ടി ശ്രമമാണോ ഇതിന് പിന്നില്‍ എന്നതരത്തിലുള്ള നിരവധി ചോദ്യങ്ങള്‍ കഴിഞ്ഞ ദിവസം കോടിയേരിക്ക് നേരിടേണ്ടി വന്നു. കണ്ണൂര്‍ ജില്ലാ സെക്രട്ടറി സ്ഥാനത്ത് നിന്നും ജയരാജനെ മാറ്റി അവിടെ താത്കാലിക സെക്രട്ടറിയെ വച്ചതിനും കോടിയേരിക്ക് മറുപടി പറയേണ്ടിവന്നു.

അക്രമരാഷ്ട്രീയത്തിന്റെ പേരില്‍ പലപ്പോഴും പഴികേള്‍ക്കുകയും, സി.ബി.ഐ അന്വേഷിക്കുന്ന രാഷ്ട്രീയ കൊലപാതക കേസില്‍ പ്രതിചേര്‍ക്കുകയും ചെയ്ത പി.ജയരാജനെ മത്സരിപ്പിക്കുന്നതിലെ ധാര്‍മ്മികതയെ കുറിച്ച്‌ ഉയര്‍ന്ന ചോദ്യങ്ങള്‍ക്ക് അതേ നാണയത്തില്‍ തന്നെ മറുപടി നല്‍കാന്‍ കോടിയേരിക്ക് കഴിഞ്ഞു. 

കേരളത്തിലെ അക്രമ രാഷ്ട്രീയത്തിന്റെ ജീവിക്കുന്ന രക്തസാക്ഷി എന്ന നിലയ്ക്കാണു പി.ജയരാജനെ വടകരയില്‍ സ്ഥാനാര്‍ത്ഥിയാക്കിയതെന്നാണ് സി.പി.എം ഭാഷ്യം. ആര്‍.എസ്.എസ് അതിക്രമത്തിന്റെ ഭാഗമായി അദ്ദേഹത്തിന്റെ വലതു കൈ വെട്ടിമാറ്റപ്പെട്ടതാണ്. ഓണനാളിലെ അക്രമത്തില്‍ മൃതപ്രായനായ അദ്ദേഹത്തിനെ ആശുപത്രിയിലെത്തിച്ചു കൈ തുന്നിച്ചേര്‍ക്കുകയായിരുന്നു. തുന്നിച്ചേര്‍ത്ത ആ കൈയാണ് അക്രമരാഷ്ട്രീയത്തിനെതിരായ കേരളത്തിന്റെ പ്രതീകമെന്നും കോടിയേരി പറയുകയുണ്ടായി.

ഒരു കേസില്‍ ശിക്ഷിക്കപ്പെട്ടാലെ മത്സരിക്കുന്നതില്‍ നിന്നും ഒരാള്‍ക്ക് അയോഗ്യതയുള്ളു. എന്നാല്‍ ജയരാജനെതിരെ ഉയര്‍ന്ന ഒരു കേസിലും അദ്ദേഹം ശിക്ഷിക്കപ്പെട്ടിട്ടില്ല. അതിനാല്‍ തന്നെ വടകരയില്‍ പി.ജയരാജനെ സ്ഥാനാര്‍ത്ഥിയാക്കുന്നില്‍ അപാകതയൊന്നുമില്ലെന്നും സി.പി.എം സ്ഥാനാര്‍ത്ഥിപട്ടിക പുറത്ത് വിട്ടുകൊണ്ടു സംസാരിക്കവെ സി.പി.എം സംസ്ഥാന സെക്രട്ടറി കൊടിയേരി ബാലൃഷ്ണന്‍ പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.