രണ്ടാഴ്ചയ്ക്കിടെ രണ്ടാം തവണയും ലണ്ടന്‍ ഹൈഗേറ്റ് സെമിത്തേരിയിലെ കാള്‍ മാര്‍ക്‌സിന്റെ ശവകുടീരത്തിന് നേരെ ആക്രമണം. എന്നിട്ടും അക്രമികളെ പിടികൂടാനാകാതെ പൊലീസ്.ഫെബ്രുവരി നാലിനും 16നുമാണ് ശവകുടീരം ആക്രമിക്കപ്പെട്ടത്. അതീവപ്രാധാന്യമുള്ള ഗ്രേഡ് വണ്‍ ലിസ്റ്റില്‍ ഉള്‍പ്പെടുത്തി ഇംഗ്ലണ്ട് ഭരണകൂടം സംരക്ഷിക്കുന്ന ശവകുടീരമാണ് തുടര്‍ച്ചയായി ആക്രമിക്കപ്പെട്ടത്. ഫെബ്രുവരി നാലിനുണ്ടായ ആദ്യ ആക്രമണത്തില്‍ ശവകുടീരത്തില്‍ സ്ഥാപിച്ചിരുന്ന മാര്‍ബിള്‍ ഫലകം ചുറ്റികകൊണ്ട് അടിച്ചുതകര്‍ത്തിരുന്നു.
മാര്‍ബിള്‍ പാളിയില്‍ കൊത്തിവച്ച മാര്‍ക്‌സിന്റെയും കുടുംബത്തിന്റെയും പേര് വികൃതമാക്കാനും ശ്രമിച്ചു. ഫെബ്രുവരി 16ന് ശവകുടീരത്തിന് മുകളിലെ മാര്‍ബിള്‍ ഫലകവും സ്മാരകവുമാണ് ആക്രമിച്ചത്. 'ഡോക്ടറിന്‍ ഓഫ് ഹെയ്റ്റ്' (വെറുപ്പിന്റെ വക്താവ്), 'ആര്‍കിടെക്ട് ഓഫ് ജെനോസൈഡ്'(വംശഹത്യയുടെ ശില്‍പ്പി) എന്നീ വാചകങ്ങള്‍ ശവകുടീരത്തിന് ചുറ്റും ചുവന്ന പെയിന്റ് കൊണ്ടെഴുതി വികൃതമാക്കി.
രണ്ടാമതും ആക്രമണമുണ്ടായ സാഹചര്യത്തില്‍ സ്മാരകത്തിന് സംരക്ഷണം ഏര്‍പ്പെടുത്താനും പ്രതികള്‍ക്കായി തെരച്ചില്‍ ശക്തമാക്കാനും പൊലീസ് തീരുമാനിച്ചു. അധിക്ഷേപവാക്കുകള്‍ മാഞ്ഞുപോകാമെങ്കിലും മാര്‍ക്‌സിനെപ്പോലുള്ള ചരിത്രപുരുഷന്റെ സ്മാരകവും ശവകുടീരവും ആക്രമിക്കപ്പെടുന്നത് നല്ല പ്രവണതയല്ലെന്ന് ബ്രിട്ടീഷ് മ്യൂസിയം പ്രതിനിധി പ്രതികരിച്ചു. ഹൈഗേറ്റ് സെമിത്തേരിയുടെ പ്രശസ്തി തന്നെ മാര്‍ക്‌സിന്റെ ശവകുടീരമാണെന്നും അത് ആക്രമിക്കപ്പെടുന്നത് രാജ്യത്തിന് നാണക്കേടാണെന്നും അദ്ദേഹം പറഞ്ഞു. 1883ല്‍ കാള്‍ മാക്‌സിനെ സംസ്‌കരിച്ച സ്ഥലത്ത്‌നിന്ന് ശരീരാവശിഷ്ടങ്ങള്‍ ശേഖരിച്ച് 1956ലാണ് ശവകുടീരം സ്മാരകമാക്കി അര്‍ധകായപ്രതിമ സ്ഥാപിച്ചത്.
Comments