You are Here : Home / News Plus

എംഎല്‍എ കരുണാസ് അറസ്റ്റില്‍

Text Size  

Story Dated: Sunday, September 23, 2018 06:20 hrs UTC

തമിഴ്‌നാട് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിയെ വിമര്‍ശിച്ച സ്വതന്ത്ര എംഎല്‍എ കരുണാസ് അറസ്റ്റില്‍. സാലി ഗ്രാമത്തെ വസതിയില്‍ എത്തിയാണ് കരുണാസിനെ പൊലീസ് അറസ്റ്റ് ചെയ്തത്. ശശികലയുടെ വിശ്വസ്ഥനായത് കൊണ്ട് മാത്രമാണ് എടപ്പാടി മുഖ്യമന്ത്രിയായത് എന്ന പരാമര്‍ശത്തിന്റെ പേരിലാണ് നടപടി.

മുഖ്യമന്ത്രിയുള്‍പ്പെടെയുള്ളവര്‍ക്കെതിരെ വിമര്‍ശനപരമായ പ്രസ്താവന നടത്തിയതിന് കരുണാസിനെതിരെ പൊതുജനപ്രതിഷേധം നിലവിലുണ്ടായിരുന്നു. വള്ളുവര്‍ കോട്ടത്ത് നടന്ന പൊതുപരിപാടിയിലെ പ്രസംഗത്തില്‍ നടത്തിയ നിയമവിരുദ്ധ പ്രസ്താവനകളാണ് കരുണാസിനെതിരെ ക്രിമിനല്‍ കേസെടുക്കാന്‍ കാരണമായത്.

47 മിനിറ്റ് നീണ്ട പ്രസംഗത്തില്‍ ഉപമുഖ്യമന്ത്രി പനീര്‍ശെല്‍വത്തിനെയും കരുണാസ് വിമര്‍ശിച്ചിരുന്നു. 2017 ല്‍ കൂവത്തൂര്‍ റിസോര്‍ട്ടില്‍ നടന്ന കാര്യങ്ങള്‍ തനിക്കറിയാമെന്നും അത് പുറത്തു പറയാന്‍ മടിയില്ലെന്നും കരുണാസ് മുന്നറിയിപ്പ് നല്‍കിയിരുന്നു.

പ്രസംഗത്തിനിടെ തന്റെ അനുയായികളോട് കൊലപാതകം ചെയ്തിട്ടു വന്നാല്‍ താന്‍ നോക്കിക്കോളാമെന്നും കരുണാസ് പറഞ്ഞിട്ടുണ്ട്. ഹൈക്കോടതിയുടെ മുമ്ബാകെ തനിക്ക് പറയാനുള്ളതൊക്കെ വെളിപ്പെടുത്താന്‍ ഒരുക്കമാണെന്നും കരുണാസ് പറഞ്ഞു. സാമുദായിക സ്പര്‍ധ ഉളവാക്കുന്ന തരത്തിലുള്ള പരാമര്‍ശങ്ങളും പ്രസംഗത്തിലുണ്ട്.

മുഖ്യമന്ത്രിക്കെതിരെ അപകീര്‍ത്തി ശ്രമം, സമുദായങ്ങള്‍ക്കിടയില്‍ സ്പര്‍ധയുണ്ടാക്കാനുള്ള ശ്രമം, ഗൂഢാലോചന എന്നിവയ്ക്കാണ് കരുണാസിനെതിരെ പോലീസ് കേസെടുത്തിരിക്കുന്നത്. വിവാദപരമായ പ്രസംഗം നടത്തിയതിന് തമിഴ്‌നാട് നാടാര്‍ അസോസിയേഷന്‍ പ്രവര്‍ത്തകര്‍ കരുണാസിന്റെ സാലിഗ്രമത്തെ വീട് ഉപരോധിച്ചിരുന്നു.

രാമനാഥപുരം ജില്ലയിലെ തിരുവദനൈ മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന കരുണാസ് തമിഴ്‌സിനിമകളില്‍ നിരവധി ഹാസ്യവേഷങ്ങള്‍ ചെയ്തിട്ടുണ്ട്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.