You are Here : Home / News Plus

കഴുതകളുടെ ചൈതന്യം പോലും തന്ത്രിമാര്‍ക്കില്ലെന്ന് സുധാകരന്‍

Text Size  

Story Dated: Sunday, December 02, 2018 10:13 hrs UTC

ശബരിമലയില്‍ അലഞ്ഞു നടക്കുന്ന കഴുതകളുടെ ചൈതന്യം പോലും തന്ത്രിമാര്‍ക്കില്ലെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി. സുധാകരന്‍. ബ്രാഹ്മണാധിപത്യമാണ് ശബരിമലയില്‍ നടക്കുന്നത്. സന്നിധാനത്ത് തന്ത്രിമാര്‍ നടത്തിയ ധര്‍ണ ഭക്തന്‍മാര്‍ വിലയിരുത്തുമെന്നും അദ്ദേഹം പറഞ്ഞു.

'തന്ത്രിമാര്‍ക്ക് അയ്യപ്പനോടല്ല കൂറ്. അയ്യപ്പനോട് കൂറുള്ള ആളുകള്‍ അയ്യപ്പനെ അവിടെ വെച്ച്‌ പൂട്ടി താക്കോലും കൊണ്ട് പോകുമെന്ന് പറയില്ല. ഈ തന്ത്രി ഇരിക്കുന്നിടത്ത് അയ്യപ്പന്‍ ഇരിക്കുമോ എന്ന കാര്യം സംശയമാണ്' മന്ത്രി സുധാകരന്‍ പറഞ്ഞു.

വില്ലുവണ്ടിയുടെ 125ാം വാര്‍ഷികത്തോടനുബന്ധിച്ച്‌ ചേരമാന്‍ മഹാസഭ സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ശബരിമലയില്‍ ഏറ്റവും കൂടുതല്‍ കഷ്ടപ്പെടുന്നത് അവിടുത്തെ കഴുതകളാണ്. ഭാരമെല്ലാം ചുമന്ന് തളര്‍ന്ന് പമ്ബയാറ്റില്‍ കിടക്കുന്ന അവയുടെ ചൈതന്യം പോലും ഈ തന്ത്രിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, ശബരിമല വിഷയത്തിന്റെ പേരില്‍ ഈശ്വര വിശ്വാസികളെ ജാതീയമായി ചേരിതിരിക്കാനുള്ള ശ്രമമാണ് സര്‍ക്കാരിന്റെ ഭാഗത്തു നിന്ന് ഉണ്ടായിക്കൊണ്ടിരിക്കുന്നതെന്ന് എന്‍എസ്‌എസ് ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍ നായര്‍. കോടതി വിധി നടപ്പാക്കാന്‍ കഴിയാത്തതിനു കാരണം സവര്‍ണരുടെ ആധിപത്യം ആണെന്നു വരുത്തിത്തീര്‍ക്കാനുള്ള ശ്രമത്തിലാണു സര്‍ക്കാര്‍.

സവര്‍ണനെന്നും അവര്‍ണനെന്നും ചേരിതിരിക്കുന്നത് ജാതീയമായ വിഭാഗീയത സൃഷ്ടിക്കാനേ ഉപകരിക്കൂ. അതുവഴി ശബരിമലവിഷയത്തിന് പരിഹാരം കാണാമെന്നുള്ള സര്‍ക്കാര്‍നീക്കം രാഷ്ട്രീയലക്ഷ്യം മുന്നില്‍ കണ്ടുകൊണ്ടാണ്. ഒരു ജനാധിപത്യസര്‍ക്കാര്‍ ഒരിക്കലും സ്വീകരിക്കാന്‍ പാടില്ലാത്ത നടപടിയാണിത്.

സര്‍വകക്ഷിയോഗം വിളിച്ച്‌ സര്‍ക്കാരിന്റെ തീരുമാനം അടിച്ചേല്‍പിക്കാന്‍ ശ്രമിച്ചു പരാജയപ്പെട്ടു. ഒടുവില്‍, നവോത്ഥാനത്തിന്റെ പേരില്‍ സംഘടനകളുടെ യോഗം വിളിച്ചുചേര്‍ത്തു. അതുവഴി ഇനിയും പ്രതിരോധം സൃഷ്ടിക്കുവാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുകയാണ്.

അനാചാരങ്ങളും ദുരാചാരങ്ങളും ഉച്ചനീചത്വങ്ങളുമാണ് നവോത്ഥാനപ്രവര്‍ത്തങ്ങളിലൂടെ നമ്മുടെ നാട്ടില്‍ പരിഹരിക്കപ്പെട്ടിട്ടുള്ളത്. എന്നാല്‍ സ്ത്രീ പ്രവേശ വിഷയം ആചാരാനുഷ്ഠാനങ്ങളുടെയും ഈശ്വരവിശ്വാസത്തിന്റെയും പ്രശ്‌നമാണ്.

ഈ വസ്തുത തിരിച്ചറിഞ്ഞ്, ആദ്യം തന്നെ കാര്യങ്ങള്‍ കോടതിയെ ബോധ്യപ്പെടുത്തി വിശ്വാസികളുടെ വിശ്വാസം സംരക്ഷിക്കാന്‍ സര്‍ക്കാര്‍ തയാറാകാതെ, തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനെപോലും ബന്ദിയാക്കി, ചോദിച്ചുവാങ്ങിയ വിധിയിലൂടെ നിരീശ്വരവാദം നടപ്പാക്കാനുള്ള സര്‍ക്കാര്‍ ശ്രമത്തിന്റെ ഭാഗമാണ് നവോത്ഥാനത്തിന്റെ പേരില്‍ നടത്തിയ ഈ സംഗമമെന്നു പറഞ്ഞാല്‍ തെറ്റുണ്ടോയെന്നും ജി.സുകുമാരന്‍ നായര്‍ ചോദിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.