You are Here : Home / News Plus

ശബരിമലയില്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് നിയന്ത്രണമില്ലെന്ന് ബെഹ്‌റ

Text Size  

Story Dated: Sunday, November 04, 2018 06:49 hrs UTC

ശബരിമലയില്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് നിയന്ത്രണമില്ലെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ. സുരക്ഷാക്രമീകരണങ്ങള്‍ പൂര്‍ത്തിയായല്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് പ്രവേശനം അനുവദിക്കുമെന്നും അറിയിച്ചു.

ശബരിമലയിലും പരിസരത്തും മാധ്യമ പ്രവര്‍ത്തകരെ തടയുന്നതായി വാര്‍ത്തകള്‍ ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. മാധ്യമ പ്രവര്‍ത്തകര്‍ക്ക് യാതൊരു തരത്തിലുമുള്ള വിലക്കും ഏര്‍പ്പെടുത്തിയിട്ടില്ലെന്ന് ഡി ജി പി വ്യക്തമാക്കി. മാധ്യമ പ്രവര്‍ത്തകര്‍ക്ക് ആവശ്യമായ സുരക്ഷ ഒരുക്കുന്നതിനാലാണ് ഇപ്പോള്‍ പ്രവേശനം അനുവദിക്കാത്തത്. ശബരിമലയിലും പരിസരത്തും സുരക്ഷാ ക്രമീകരണങ്ങള്‍ പൂര്‍ത്തിയായാല്‍ ഉടന്‍ തന്നെ മാധ്യമങ്ങള്‍ക്ക് പ്രവേശനം അനുവദിക്കുമെന്ന് ബെഹ്‌റ അറിയിച്ചു.

മാധ്യമ പ്രവര്‍ത്തകരുടെയും ഭക്തരുടെയും താല്പര്യവും സുരക്ഷയും കണക്കിലെടുത്താണ് ഈ നടപടി. കഴിഞ്ഞ മാസത്തെ തീര്‍ഥാടന വേളയില്‍ മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരെ വ്യാപകമായ ആക്രമണം നടന്നിരുന്നു. ഇത്തരം ദൗര്‍ഭാഗ്യകരമായ സംഭവങ്ങള്‍ തടയുന്നതിന് പോലീസ് സ്വീകരിക്കുന്ന നടപടികളോട് സഹകരിക്കണമെന്ന് അദ്ദേഹം മാധ്യമ പ്രവര്‍ത്തകരോട് അഭ്യര്‍ഥിച്ചു.

ചിത്തിര ആട്ട വിശേഷത്തോടനുബന്ധിച്ച്‌ ശബരിമല നട തുറക്കുന്ന സാഹചര്യത്തില്‍ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമങ്ങളെ പൊലീസ് തടഞ്ഞിരുന്നു. നിലയ്ക്കലിലേക്ക് പോകാനെത്തിയ മാധ്യമങ്ങളെ ഇലവുങ്കല്‍ കവലയിലാണ് തടഞ്ഞത്. നിലയ്ക്കലിനു മൂന്ന് കിലോമീറ്റര്‍ മുന്‍പാണ് ഇലവുങ്കല്‍ കവല. നിലയ്ക്കല്‍ ബേസ് കാംപ് വരെ മാധ്യമങ്ങളെ പോകാന്‍ അനുവദിക്കൂവെന്ന് പൊലീസ് അറിയിച്ചു.

നട തുറക്കുന്ന സാഹചര്യത്തില്‍ ശബരിമല സന്നിധാനത്തും പരിസരങ്ങളിലും നിരോധനാജ്ഞ നിലവില്‍ വന്നിരുന്നു. സന്നിധാനം, പമ്ബ, നിലക്കല്‍ , ഇലവുങ്കല്‍ എന്നീ നാല് സ്ഥലങ്ങളിലാണ് ആറാം തിയ്യതി അര്‍ധരാത്രിവരെ കലക്ടര്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുന്നത്.

എഡിജിപിയുടെ നേതൃത്വത്തില്‍ 1200 ഓളം സുരക്ഷാംഗങ്ങളെയാണ് സുരക്ഷാ ചുമതലക്കായി നിയോഗിച്ചിരിക്കുന്നത്. സ്ത്രീ പ്രവേശനത്തിനെതിരെ പ്രതിഷേധം ശക്തമാകാനിടയുണ്ടെന്നാണ് രഹസ്യാന്വേഷണ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. യുവതി പ്രവേശനം തടയാന്‍ ഏതെങ്കിലും തരത്തിലുള്ള ശ്രമം ഉണ്ടായിട്ടുണ്ടെങ്കില്‍ മുന്‍ കരുതലായി പ്രതിഷേധക്കാരെ കസ്റ്റഡിയിലെടുക്കാനും പൊലീസ് തീരുമാനിച്ചിട്ടുണ്ട്.

തീര്‍ത്ഥാടകര്‍ തിരിച്ചറിയല്‍ രേഖകള്‍ സൂക്ഷിക്കണമെന്നും പൊലീസ് അറിയിച്ചു. ഇരുമുടിക്കെട്ട് ഇല്ലാത്ത തീര്‍ത്ഥാടകരെ കടത്തിവിടില്ലെന്നാണ് പൊലീസിന്റെ നിലപാട്. രേഖകള്‍ പരിശോധിച്ച ശേഷമേ തീര്‍ത്ഥാടകരെ കടത്തിവിടൂ. നാളെ രാവിലെയാണ് ചിത്തിര ആട്ടവിശേഷത്തിനായി ശബരിമല നട തുറക്കുന്നത്

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.