You are Here : Home / News Plus

മൂന്നാറിലെ പെരിയവര പാലത്തിലൂടെയുള്ള ഗതാഗതം പുനഃസ്ഥാപിച്ചു

Text Size  

Story Dated: Sunday, December 09, 2018 07:28 hrs UTC

മൂന്നാറിലെ ജനതയ്ക്ക് ആശ്വാസമേകി പ്രളയം തകര്‍ത്ത പെരിയവര പാലത്തിലൂടെയുള്ള ഗതാഗതം പുനഃസ്ഥാപിച്ചു. 15 ദിവസം കൊണ്ട് പൂര്‍ത്തിയാക്കുമെന്ന് പ്രതീക്ഷിച്ചിരുന്ന പാലത്തിന്റെ പണികള്‍ ഒരാഴ്ച കൊണ്ട് പൂര്‍ത്തിയാക്കുകയായിരുന്നു. 25 ലക്ഷം രൂപ ചെലവിലാണ് താല്‍ക്കാലിക പാലം നിര്‍മ്മിച്ചിട്ടുള്ളത്. ബുധനാഴ്ച പണിപൂര്‍ത്തിയാക്കി വ്യാഴാഴ്ചയോടെ ഗതാഗതം പുനഃസ്ഥാപിക്കുമെന്നാണ് പ്രതീക്ഷിച്ചിരുന്നതെങ്കിലും ബുധനാഴ്ച രാത്രി തന്നെ വാഹനങ്ങളെ കടത്തി വിടാന്‍ തീരുമാനിക്കുകയായിരുന്നു. കനത്തമഴയില്‍ താല്‍ക്കാലികമായി നിര്‍മ്മിച്ചിരുന്ന പാലം ഒലിച്ചുപോയതോടെയാണ് വീണ്ടും പാലം പണിയേണ്ടി വന്നത്.

മഴയില്‍ വെള്ളം ഉയരുന്നതു കണക്കിലെടുത്തും അമിതഭാരം കയറ്റിയ വാഹനങ്ങള്‍ കടത്തി വിടുന്നതും പരിഗണിച്ചാണ് താല്‍ക്കാലിക പാലത്തിന്റെ നിര്‍മ്മാണം. പുഴയില്‍ വെള്ളം ഉയരുന്നതു കണക്കിലെടുത്ത് 33 കൂറ്റന്‍ കോണ്‍ക്രീറ്റ് റിംഗുകളാണ് പാലം നിര്‍മ്മാണത്തിന് ഉപയോഗിച്ചിട്ടുള്ളത്. എത്ര ഭാരമുള്ള വാഹനങ്ങള്‍ കയറിയാലും തകരാത്ത വിധത്തിലാണ് പാലം പണി പൂര്‍ത്തിയാക്കിയിട്ടുള്ളതെന്ന് നിര്‍മ്മാണത്തിന്റെ ചുമതലയുള്ള പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. പാലത്തിലൂടെയുള്ള ഗതാഗതം പുനഃസ്ഥാപിച്ചതോടെ മൂന്നാര്‍ ഉടുമല്‍പ്പേട്ട അന്തര്‍സംസ്ഥാന പാതയിലൂടെയുള്ള സഞ്ചാരത്തിന് ആശ്വാസമായി.

നാളുകളായി മുടങ്ങിക്കിടന്നിരുന്ന ഈ റോഡിലൂടെയുള്ള ചരക്ക് ഗതാഗതം സുഗമമായത് മൂന്നാറിലെ വ്യാപാരികള്‍ക്കും അനുഗ്രഹമായി. ഒറ്റപ്പെട്ട നിലയിലായിരുന്ന എട്ടോളം എസ്റ്റേറ്റുകളിലെ തൊഴിലാളികളും ആശ്വാസത്തിലാണ്. യാത്രയ്ക്ക് പരിഹാരമായതോടെ വിനോദസഞ്ചാര കേന്ദ്രമായ രാജമലയിലേക്കുള്ള തിരക്കും വര്‍ദ്ധിച്ചിട്ടുണ്ട്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.