You are Here : Home / News Plus

രാഹുല്‍ ഈശ്വറിനെ വീണ്ടും അറസ്റ്റ് ചെയ്തു

Text Size  

Story Dated: Sunday, October 28, 2018 09:35 hrs UTC

കലാപ ആഹ്വാനം നടത്തിയെന്ന കേസില്‍ രാഹുല്‍ ഈശ്വറിനെ വീണ്ടും അറസ്റ്റ് ചെയ്തതോടെ ശബരിമല വിവാദത്തില്‍ വിട്ടുവീഴ്ചക്കില്ലെന്ന നിലപാട് ആവര്‍ത്തിച്ചുറപ്പിക്കുകയാണ് സംസ്ഥാന സര്‍ക്കാര്‍. ഞായറാഴ്ച രാവിലെ തിരുവനന്തപുരത്തെ ഫ്‌ളാറ്റില്‍ നിന്നാണ് രാഹുല്‍ ഈശ്വര്‍ അറസ്റ്റിലായത്.

എറണാകുളം പ്രസ് ക്ലബില്‍ കഴിഞ്ഞ ദിവസം നടത്തിയ വിവാദ പരാമര്‍ശങ്ങളെത്തുടര്‍ന്ന് കേസെടുത്തത് എറണാകുളത്തെ പോലീസാണ്. ശബരിമല സന്നിധാനത്തില്‍ യുവതികള്‍ കയറി അശുദ്ധമാകുന്ന സ്ഥിതി വന്നാല്‍ അതിനുമുമ്ബ് കൈ മുറിച്ച്‌ രക്തം വീഴ്ത്തിയോ മൂത്രമൊഴിച്ചോ അശുദ്ധാമാക്കാന്‍ ആലോചിച്ചിരുന്നു എന്നുള്‍പ്പെടെയാണ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞത്. സാമുദായിക സംഘര്‍ഷമുണ്ടാക്കുന്നതിനു ഗൂഢാലോചന നടത്തിയതിനു കേസെടുക്കണമെന്ന് ആവശ്യമുയര്‍ന്നിരുന്നു. നേരത്തേ ശബരിമല സംഘര്‍ഷത്തിനിടെ പമ്ബയില്‍ നിന്ന് അറസ്റ്റു ചെയ്ത രാഹുല്‍ ഈശ്വര്‍ കഴിഞ്ഞ ദിവസമാണ് ജാമ്യത്തില്‍ ഇറങ്ങിയത്.

ശബരിമല സംഘര്‍ഷവുമായി ബന്ധപ്പെട്ട് ഇതുവരെ രണ്ടായിരത്തിലേറെപ്പേരെ അറസ്റ്റു ചെയ്തു. ഇതിനെതിരേ ബിജെപിയും എന്‍ എസ് എസും വിമര്‍ശനമുയര്‍ത്തി. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും അറസ്റ്റുകള്‍ക്കെതിരേ രംഗത്ത് വന്നു. എന്നാല്‍ ക്രമസമാധാന പ്രശ്‌നമായി മാറിയ ശബരിമല പ്രശ്നത്തില്‍ നിയമപരമായ നടപടികളില്‍ നിന്നു പിന്നോട്ടു പോകാന്‍ സര്‍ക്കാര്‍ തയ്യാറല്ല. അതേ സമയം, നാമജപ ഘോഷയാത്രയില്‍ പങ്കെടുത്ത സ്ത്രീകളെ അറസ്റ്റു ചെയ്യേണ്ട എന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ പൊലീസിന് ശനിയാഴ്ച നിര്‍ദ്ദേശം നല്‍കിയിരുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.