You are Here : Home / News Plus

സഭാ വോട്ടുകൾ ഉറപ്പാക്കി വീണ ജോർജ്

Text Size  

Story Dated: Sunday, March 10, 2019 08:27 hrs UTC

പത്തനംതിട്ട ലോക്സഭാ മണ്ഡലത്തില്‍ ജാതി കാര്‍ഡിറക്കി സി പി എം ആറന്‍മുള എം എല്‍ എ വീണാ ജോര്‍ജിന്റെ സ്ഥാനാര്‍ത്ഥിത്വം മണ്ഡലത്തിലെ പ്രബല ക്രൈസ്തവ വിഭാഗമായ ഓര്‍ത്തഡോക്സ് സഭയുടെ പിന്തുണ കൂടി ലക്ഷ്യമിട്ട് കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ ആറന്‍മുള മണ്ഡലത്തില്‍ പയറ്റിയ തന്ത്രത്തിന്റെ തനിയാവര്‍ത്തനത്തിനാണ് ഇക്കുറിയും നീക്കം. ഓര്‍ത്തഡോക്‌സ് സഭാംഗമായ വീണയ്ക്ക് സീറ്റു നല്‍കുകവഴി സഭയുടെ വോട്ടുകള്‍ ഉറപ്പിക്കാന്‍ കഴിയുന്ന തന്ത്രമാണ് ഇടതുമുന്നണി പയറ്റുക.

മാധ്യമ പ്രവര്‍ത്തനത്തില്‍ മാത്രം ശ്രദ്ധ പതിപ്പിച്ചിരുന്ന സമയത്ത് പാര്‍ട്ടിക്കുള്ളില്‍ നിന്നും ഉയര്‍ന്ന കനത്ത പ്രതിഷേധങ്ങളെ അവഗണിച്ചാണ് വീണയ്ക്ക് കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ ആറന്‍മുള മണ്ഡലത്തില്‍ സീറ്റ് നല്‍കിയത്. വീണയ്ക്ക് സീറ്റ് നല്‍കിയതിനെതിരെ അന്ന് പ്രതിഷേധ പ്രകടനങ്ങള്‍ പോലും നടന്നിരുന്നു. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ ഇടപെടലാണ് അന്ന് വീണയ്ക്ക് തുണയായത്. 

2014 ല്‍ വീണയ്ക്കായി സീറ്റു തരപ്പെടുത്താന്‍ സഭാ നേതൃത്വവും വീണയുടെ ഭര്‍ത്താവും ഓര്‍ത്തഡോക്‌സ് സഭാ സെക്രട്ടറിയുമായിരുന്ന ജോര്‍ജ് ജോസഫും സജീവമായി രംഗത്തുണ്ടായിരുന്നു. എന്നാല്‍ സീറ്റ് സ്വതന്ത്ര സ്ഥാനാര്‍ഥി അഡ്വ. പീലിപ്പോസ് തോമസിനു നല്‍കാനായിരുന്നു എല്‍ ഡി എഫ് തീരുമാനം. അതിനു പ്രായശ്ചിത്തമായാണ് നിയമസഭാ സീറ്റ് നല്‍കിയത് .

പിറവം, കോലഞ്ചേരി അടക്കമുള്ള പള്ളിത്തര്‍ക്കങ്ങളില്‍ പ്രത്യക്ഷ ഇടപെടലിന് സി പി എം തയാറാകാത്ത സാഹചര്യത്തിലും ഓര്‍ത്തഡോക്‌സ് സഭ അനുഭാവം കാണിക്കുമെന്നാണ് പാര്‍ട്ടി കണക്കുകൂട്ടല്‍. ഇക്കഴിഞ്ഞ ചെങ്ങന്നൂര്‍ നിയമസഭാ മണ്ഡലത്തില്‍ നടന്ന ഉപതെരഞ്ഞെടുപ്പിലും സഭയുടെ സഹായം ഉണ്ടായിരുന്നു സി പി എം സ്ഥാനാര്‍ഥി സജി ചെറിയാനെ നിയമസഭയില്‍ എത്തിച്ച മുഖ്യ ഘടകമായ ക്രൈസ്തവ വോട്ടുകളുടെ ഏകീകരണത്തില്‍ ഓര്‍ത്തഡോക്‌സ് സഭയുടെ പങ്ക് വലുതായിരുന്നു. ഇതേ തന്ത്രമാകും ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പത്തനംതിട്ടയിലും സി പി എം പയറ്റുക. 

അതേസമയം ഓര്‍ത്തഡോക്സ് വോട്ടില്‍ പ്രതീക്ഷയര്‍പ്പിക്കുമ്ബോഴും ഇത്തവണ പത്തനംതിട്ട മണ്ഡലത്തില്‍ ഏറ്റവും കൂടുതല്‍ നിര്‍ണ്ണായകമാകാന്‍ ഇടയുള്ള ശബരിമല വിഷയം ഇടതുമുന്നണിയെ ആശങ്കപ്പെടുത്തുന്നുണ്ട്. ശബരിമല ഉള്‍പ്പെടുന്ന മണ്ഡലമായതിനാല്‍ പത്തനംതിട്ടയിലായിരിക്കും ഇത് ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെടുക.

ഇക്കാര്യം ഉയര്‍ത്തിക്കാട്ടിയുള്ള പ്രചരണം ബി ജെ പി സമൂഹ മാധ്യമങ്ങളില്‍ കൂടി ആരംഭിച്ചിട്ടുമുണ്ട്. രാഷ്ടീയ ഭേദമില്ലാതെയുള്ള സ്ത്രീ പങ്കാളിത്തം ശബരിമല സമരത്തില്‍ ഉണ്ടായിരുന്നു. സമരത്തില്‍ മുന്‍പന്തിയിലുണ്ടായിരുന്ന കെ സുരേന്ദ്രന്‍ സ്ഥാനാര്‍ത്ഥിയായാല്‍ സി പി എമ്മിന് അത് ഏറെ പ്രതിരോധം സൃഷ്ടിക്കും.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.