You are Here : Home / News Plus

കാര്‍ഷിക കടാശ്വാസ പദ്ധതിയില്‍ പാളിച്ചയെന്നു പി.എ.സി

Text Size  

Story Dated: Thursday, January 30, 2014 07:48 hrs UTC

രാജ്യത്തെ ലക്ഷക്കണക്കിന് കര്‍ഷകര്‍ക്ക് ഗുണകരമാകുമായിരുന്ന കാര്‍ഷിക കടാശ്വാസ പദ്ധതിയില്‍ വന്‍ പാളിച്ചകളും വീഴ്ചകളും സംഭവിച്ചതായി റിപ്പോര്‍ട്ട്. പാര്‍ലമെന്‍റിന്‍റെ  പബ്ളിക് അക്കൗണ്ട്സ് കമ്മിറ്റി (പി.എ.സി) തയാറാക്കിയ കരട് റിപ്പോര്‍ട്ടിലാണ് കടാശ്വാസ പദ്ധതികളില്‍ യു.പി.എ സര്‍ക്കാര്‍ വീഴ്ച വരുത്തിയതായി വ്യക്തമാക്കുന്നത്.
മാര്‍ഗനിര്‍ദേശങ്ങള്‍ ലംഘിച്ചതും നിരീക്ഷണങ്ങളില്‍ വരുത്തിയ വീഴ്ചയും ഉള്‍പ്പെടെ പലവിധ കാരണങ്ങളാലാണ് പദ്ധതി നടത്തിപ്പില്‍ പാളിച്ച സംഭവിച്ചത്. കരട് റിപ്പോര്‍ട്ട് വൈകാതെ കമ്മിറ്റിക്ക് മുന്നില്‍ ചര്‍ച്ചക്ക് വരും.
2010 മാര്‍ച്ചിലെ വിലയിരുത്തല്‍ പ്രകാരം രാജ്യത്തെ 3.69 കോടി കര്‍ഷകര്‍ക്ക് ഗുണകരമാകുന്ന വിധത്തില്‍ 65,318 കോടി രൂപയുടെ കടാശ്വാസ പദ്ധതിയാണ് കേന്ദ്രം തയാറാക്കിയത്. സാമ്പത്തിക സേവന വകുപ്പിന്‍െറ സാമ്പത്തികവും ഭരണനിര്‍വഹണപരവുമായ അച്ചടക്കമില്ലായ്മ പദ്ധതി നടത്തിപ്പിന് ദോഷമായതായാണ് പി.എ.സി കരട് റിപ്പോര്‍ട്ടിലുള്ളത്. പദ്ധതി നടത്തിപ്പിന് മുഖ്യ ഉത്തരവാദിത്തം ധനമന്ത്രാലയത്തിന് കീഴിലുള്ള സാമ്പത്തിക സേവന വകുപ്പിനായിരുന്നു. കേവലം മാര്‍ഗനിര്‍ദേശങ്ങള്‍ സമര്‍പ്പിച്ച് സാമ്പത്തിക സേവന വകുപ്പ് കാഴ്ചക്കാരായി മാറിനിന്നതായും പി.എ.സി കുറ്റപ്പെടുത്തുന്നു. പദ്ധതിയുടെ ഗുണം ലഭിക്കേണ്ട പലരെയും തഴയുകയും അനര്‍ഹരെ തിരുകിക്കയറ്റുകയും ചെയ്തു. മൈക്രോ ഫിനാന്‍സ് സ്ഥാപനങ്ങള്‍ക്കുള്ള വായ്പകള്‍ മടക്കിനല്‍കുന്നതില്‍ എടുത്ത തീരുമാനത്തില്‍ പാളിച്ച സംഭവിച്ചു. രേഖകളില്‍ പലയിടത്തും തിരുത്തലുകള്‍ വരുത്തുകയും കൃത്രിമമായി രേഖകള്‍ ഉണ്ടാക്കുകയും ചെയ്തുവെന്നതടക്കമുള്ള ഗുരുതര പരാമര്‍ശങ്ങളും റിപ്പോര്‍ട്ടിലുണ്ട്.ഒരു മാസംകൊണ്ട് 4.20 കോടി കര്‍ഷകരുടെ കടം എഴുതിത്തള്ളാനുള്ള തീരുമാനമടക്കം പല കാര്യങ്ങളും അയഥാര്‍ഥമായിരുന്നെന്നും റിപ്പോര്‍ട്ട് കുറ്റപ്പെടുത്തുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.