You are Here : Home / News Plus

കെഎസ്‌ആര്‍ടിസിയിലെ പ്രതിസന്ധിക്ക് താല്‍കാലിക പരിഹാരം

Text Size  

Story Dated: Sunday, September 30, 2018 07:55 hrs UTC

കെഎസ്‌ആര്‍ടിസിയിലെ പ്രതിസന്ധിക്ക് താല്‍കാലിക പരിഹാരം കണ്ട് സര്‍ക്കാര്‍. കെടിഡിഎഫ്‌സിക്കുള്ള 480കോടി രൂപ കുടിശ്ശിക 59 ഡിപ്പോകളുടെ പ്രതിദിന വരുമാനത്തില്‍ നിന്ന് ഈടാക്കാനുള്ള ഉത്തരവ് ഉടന്‍ നടപ്പാക്കില്ലെന്ന് ഗതാഗതമന്ത്രി എ.കെ.ശശീന്ദ്രന്‍.

59 ഡിപ്പോകളിലെ പ്രതിദിന വരുമാനത്തില്‍ നിന്നും ബാങ്ക് കണ്‍സോര്‍ഷ്യത്തിനുള്ള തിരിച്ചടവ് കഴിഞ്ഞുള്ള തുക പൂര്‍ണ്ണമായും കെടിഡിഎഫ്‌സിക്ക് കൈമാറാനായിരുന്നു കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ഉത്തരവ്. ഇത് നടപ്പായാല്‍ ദൈനംദിനചെലവുകള്‍ക്ക് പണമില്ലാത്ത അവസ്ഥയുണ്ടാകുമെന്ന് കെഎസ്‌ആര്‍ടിസി ആശങ്ക അറിയച്ചിരുന്നു. 19.5 കോടി രൂപ സംസ്ഥാന സര്‍ക്കാര്‍ കെടിഡിഎഫ്‌സിക്ക് കൈമാറാനാണ് ധാരണയായിരിക്കുന്നത്.

അതേസമയം, കെഎസ്‌ആര്‍ടിസി പണിമുടക്കിന്റെ പശ്ചാത്തലത്തില്‍ ഗതാഗതമന്ത്രിയുടെയും എംഡിയുടെയും നേതൃത്വത്തില്‍ തൊഴിലാളി സംഘടന നേതാക്കളുമായി ഇന്ന് ചര്‍ച്ച നടക്കും.ഒക്ടോബര്‍ രണ്ട് അര്‍ധരാത്രി മുതലാണ് പണിമുടക്കിന് ആഹ്വാനം ചെയ്തത്. ഹൈക്കോടതി സ്റ്റേ ചെയ്തിട്ടും സമരവുമായി മുന്നോട്ട് പോകുന്ന സാഹചര്യത്തിലാണ് ചര്‍ച്ച.

പ്രളയശേഷം പുനരുദ്ധാരണ പ്രവര്‍ത്തനം നടക്കുന്ന വേളയില്‍ പണിമുടക്ക് അനുവദിക്കാനാവില്ലെന്നു കോടതി നിരീക്ഷിച്ചിരുന്നു. മാത്രമല്ല, ഒത്തുതീര്‍പ്പു ശ്രമങ്ങള്‍ തുടങ്ങിയെന്നു കരുതാവുന്ന സാഹചര്യമാണെന്നും കോടതി പറഞ്ഞിരുന്നു. കെഎസ്‌ആര്‍ടിസി സര്‍വീസ് നിശ്ചലമാകുന്നതു പൊതുജനങ്ങളെ ബാധിക്കുമെന്നു കാണിച്ച്‌ പാലായിലെ സെന്റര്‍ ഫോര്‍ കണ്‍സ്യൂമര്‍ എജ്യുക്കേഷന്‍ സമര്‍പ്പിച്ച ഹര്‍ജിയാണു ചീഫ് ജസ്റ്റിസുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് കഴിഞ്ഞ ദിവസം പരിഗണിച്ചത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.