You are Here : Home / News Plus

ആൾ ദൈവങ്ങളുടെ ചെയ്തികളേക്കുറിച്ചു കുറച്ചുകൂടി ജാഗ്രത വേണമെന്ന് വി.ടി. ബല്‍റാം എം.എല്‍.എ

Text Size  

Story Dated: Thursday, February 20, 2014 11:58 hrs UTC

ആൾ ദൈവങ്ങളുടെ ചെയ്തികളേക്കുറിച്ചു കുറച്ചുകൂടി ജാഗ്രത വേണമെന്ന് വി.ടി. ബല്‍റാം എം .എല്‍ .എ.തന്റെ ഫെയ്സ് ബുക്ക് പേജിലൂടെ പ്രതികരിക്കുകയായിരുന്നു ബല്‍റാം . നവോത്ഥാന മൂല്ല്യങ്ങൾക്ക്‌ വിപരീത ദിശയിൽ സമൂഹത്തെ ചിന്താപരമായി പുറകോട്ടുനയിക്കുന്ന അന്ധവിശ്വാസത്തിന്റെ കെട്ടുകാഴ്ചകൾ എല്ലാ മതങ്ങളുടെ പേരിലും കേരളത്തിൽ അരങ്ങുതകർക്കുകയാണ്. വിദേശത്തിരുന്ന് വർഷങ്ങൾക്കു ശേഷം ഒരു പഴയ ശിഷ്യ നടത്തുന്ന വെളിപ്പെടുത്തലുകൾ ഒറ്റയടിക്ക്‌ കണ്ണുമടച്ച്‌ വിശ്വസിക്കാൻ ഒരുപക്ഷേ സാധിച്ചേക്കില്ല. എന്നിരുന്നാലും ആത്മീയതയുടെ പേരു പറഞ്ഞ്‌ ഈ നാട്ടിൽ നടക്കുന്ന തട്ടിപ്പുകളേക്കുറിച്ചും ആൾ ദൈവങ്ങളുടെയും അവരെ ചുറ്റിപ്പറ്റി നിൽക്കുന്നവരുടേയും ചെയ്തികളേക്കുറിച്ചുമൊക്കെ കുറച്ചുകൂടി ജാഗ്രതയോടുകൂടിയുള്ള ഒരു സമീപനം നമ്മുടെ നാട്ടിൽ ഉണ്ടാവേണ്ടതുണ്ട്‌. കണ്ണടച്ചുതുറക്കുന്നതിനു മുൻപ്‌ ഇവരെയൊക്കെ അവതാരങ്ങളാക്കി മാറ്റിയതിൽ നമ്മുടെ ദൃശ്യ, അച്ചടി മാധ്യമങ്ങൾക്കും വലിയ പങ്കുണ്ട്‌. മന്ത്രിമാരുടെ പേഴ്സണൽ സ്റ്റാഫിന്റെ പുറകെ പോകാൻ കാണിക്കുന്ന ആവേശത്തിന്റെ പത്തിലൊന്നെങ്കിലും ഇവരുടെയൊക്കെ വരുമാന സ്രോതസ്സുകളേക്കുറിച്ചും സ്വത്ത്‌ വകകളേക്കുറിച്ചുമൊക്കെ അന്വേഷിക്കാൻ മാധ്യമങ്ങൾ കാട്ടുമെന്ന് ഇനിയും പ്രതീക്ഷിക്കുന്നു. രാഷ്ട്രീയ നേതാക്കൾ മാത്രമല്ല, യൂണിഫോമിട്ട പോലീസ്‌ ഉദ്യോഗസ്ഥരും ഉയർന്ന ഭരണഘടനാ പദവികളിൽ ഇരിക്കുന്നവരുമൊക്കെ ഇത്തരക്കാർക്ക്‌ ആധികാരികത നൽകുന്ന തരത്തിൽ പെരുമാറുകയും ഇവരെ പുകഴ്ത്തുകയുമൊക്കെ ചെയ്യുന്നതിലെ ഔചിത്യക്കുറവിനേക്കുറിച്ചും അവർ സ്വയം ചിന്തിക്കുന്നത്‌ നല്ലതാണ്. ചില സേവന പ്രവർത്തനങ്ങളുടെ പേരിലാണ് ഇത്തരക്കാർ സ്വന്തം സ്വീകാര്യത കൃത്രിമമായി വർദ്ധിപ്പിക്കുന്നതെന്നതിനാൽ അങ്ങനെ സേവനപ്രവർത്തനങ്ങളിൽ യഥാർത്ഥ താത്പര്യമുള്ളവർക്ക്‌ പങ്കെടുക്കാൻ കഴിയുന്ന വിധത്തിൽ നിഷ്പക്ഷവും കാര്യക്ഷമവുമായ ചില പൊതുസംവിധാനങ്ങൾ ഔദ്യോഗികമായിത്തന്നെ ഉണ്ടാക്കാനുള്ള സാധ്യതകളും പരിശോധിക്കപ്പെടേണ്ടതുണ്ട്‌.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.