You are Here : Home / News Plus

അവകാശം തെരഞ്ഞെടുക്കാന്‍ ആള്‍ക്കൂട്ടമായെത്തുക

Text Size  

Aswamedham News Team

mail@aswamedham.com

Story Dated: Wednesday, April 09, 2014 06:21 hrs UTC

ലോകത്തെ ഏറ്റവും വലിയ ജനാധിപത്യരാഷ്ട്രത്തിന്‍റെ വികസനക്കുതിപ്പ് നിര്‍ണ്ണയിക്കാന്‍ കേരളം ഇന്ന് ബൂത്തിലേക്ക്. അടുത്ത അഞ്ചു വര്‍ഷത്തേക്ക് ഇന്ത്യയുടെ ഭരണ സംവിധാനത്തെ തിരഞ്ഞെടുക്കാന്‍ വലിയ ആള്‍ക്കൂട്ടമായി നാട് ബൂത്തിലെത്തും. രാവിലെ 6 ന് എല്ലാ പോളിങ്ങ് സ്റ്റേഷനിലും മോക്ക് പോളിങ്ങ് ആരംഭിക്കും.  സ്ഥാനാര്‍ഥികളുടെ ഏജന്റുമാരുടെ സാനിദ്ധ്യത്തില്‍ 50 വോട്ടെങ്കിലും ചെയ്ത് യന്ത്രത്തിന്‍റെ കാര്യക്ഷമത ഉറപ്പാക്കി അത് നീക്കം ചെയ്ത ശേഷമാകും വോട്ടെടുപ്പ് ആരംഭിക്കുന്നത്.  

വോട്ട്‌ ചെയ്യുന്നതിനായി സമ്മതിദായകന്‍ വോട്ടര്‍സ്ലിപ്പും തിരിച്ചറിയല്‍ കാര്‍ഡും സഹിതം പോളിംഗ്‌ ബൂത്തിലെത്തണം. സ്‌ത്രീകള്‍ക്കും, പുരുഷന്‍മാര്‍ക്കും പ്രത്യേക ക്യൂ ഉണ്ടായിരിക്കും.  പ്രായമേറിയവര്‍ക്കും വികലാംഗര്‍ക്കും ഗര്‍ഭിണികള്‍ക്കും കൈക്കുഞ്ഞുമായി എത്തുന്ന സ്ത്രീകള്‍ക്കും രോഗബാധയാല്‍ സഞ്ചരിക്കാന്‍ പ്രയാസമുളളവര്‍ക്കും വോട്ട് രേഖപ്പെടുത്താന്‍ മുന്‍ഗണന നല്‍കും.  ബൂത്തിനുളളില്‍ മൊബൈല്‍ ഫോണ്‍ അനുവദിക്കില്ല.

 

പോളിംഗ്‌ ബൂത്തില്‍ പ്രവേശിച്ചാല്‍ ഒന്നാം പോളിംഗ്‌ ഓഫീസര്‍ വോട്ടറുടെ പേര്‌ വിളിക്കും. പോളിംഗ്‌ ഏജന്റുമാര്‍ക്ക്‌ വോട്ടറെ തിരിച്ചറിയാം. വോട്ടറെ തിരിച്ചറിഞ്ഞാല്‍ രണ്ടാം പോളിംഗ്‌ ഓഫീസര്‍ വോട്ടറുടെ ഇടതുചൂണ്ടുവിരലിന്‌ മായാത്ത മഷി പുരട്ടും തുടര്‍ന്ന്‌ വോട്ടര്‍ രജിസ്‌റ്ററില്‍ വോട്ടര്‍ ഒപ്പിടേണ്ടതാണ്‌. ഒപ്പിടാന്‍ പറ്റാത്തവര്‍ രജിസ്‌റ്ററില്‍ വിരലടയാളം പതിപ്പിക്കാം. അതിന്‌ ശേഷം രണ്ടാം പോളിംഗ്‌ ഓഫീസര്‍ പ്രത്യേക വോട്ടര്‍ സ്ലിപ്പ്‌ നല്‍കും.

തുടര്‍ന്ന്‌ മൂന്നാം പോളിംഗ്‌ ഓഫീസര്‍ വോട്ടര്‍ സ്ലിപ്പ്‌ വാങ്ങിച്ച്‌ ഇലക്‌ട്രോണിക്‌ വോട്ടിംഗ്‌ യന്ത്രത്തിന്റെ കണ്‍ട്രോള്‍ യൂണിറ്റ്‌ ബട്ടണമര്‍ത്തി വോട്ട്‌ ചെയ്യാന്‍ സജ്‌ജമാക്കും. സമ്മതിദായകന്‍ രഹസ്യവോട്ടിംഗ്‌ കമ്പാര്‍ട്ട്‌മെന്റില്‍ പ്രവേശിച്ച്‌ ബാലറ്റ്‌ യൂണിറ്റില്‍ സ്‌ഥാനാര്‍ത്ഥിയുടെ പേരും, ചിഹ്നവുമുളള നീലബട്ടണ്‍ അമര്‍ത്തിയാല്‍ മതി. സ്‌ഥാനാര്‍ത്ഥിയുടെ പേരിന്‌ നേരെ ചുവന്ന ലൈറ്റ്‌ തെളിയുന്ന ഉടനെ ബീപ്‌ ശബ്‌ദം കേട്ടാല്‍ വോട്ട്‌ രേഖപ്പെടുത്തിയതായി മനസ്സിലാക്കാം.

 

ഇത്തവണ ബാലറ്റ്‌ യൂണിറ്റില്‍ 14 സ്‌ഥാനാര്‍ത്ഥികള്‍ക്കുശേഷം ഇവരാരുമല്ല എന്ന കോളവും വോട്ട്‌ രേഖപ്പെടുത്താന്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്‌.


വോട്ടുചെയ്യാന്‍ ഇലക്ഷന്‍ കമ്മീഷന്‍ നല്‍കിയ ഫോട്ടോ പതിച്ച തിരിച്ചറിയല്‍ കാര്‍ഡ് നിര്‍ബന്ധമാണ്. കമ്മീഷന്‍ അനുവദിച്ചിട്ടുളള പകരം
രേഖകള്‍ ഹാജരാക്കി വോട്ട് ചെയ്യുമ്പോള്‍ അതിനായി സത്യവാങ്മൂലം നല്‍കേണ്ടതുണ്ട്. സ്ലിപ്പ് ലഭിക്കാത്തവര്‍ക്ക് പോളിങ്ങ് ദിവസം
ബൂത്തുകളില്‍ സജ്ജമാക്കുന്ന ഫെസിലിറ്റേഷന്‍ സെന്റര്‍ വഴി സ്ലിപ്പ് വാങ്ങാം.

ഒറിജിനല്‍ വോട്ടര്‍ സ്ലിപ്പ്, ഡ്രൈവിങ്ങ് ലൈസന്‍സ്,പാസ്‌പോര്ട്, ആധാര്‍ കാര്‍ഡ്, ഫോട്ടോപതിച്ച ബാങ്ക് /പോസ്റ്റ് ഓഫീസ് പാസ്ബുക്ക്, പാന്‍കാര്‍ഡ്, ആരോഗ്യ ഇന്‍ഷൂറന്‍സ് സ്മാര്‍'് കാര്‍ഡ്,ഫോട്ടോപതിച്ച പെന്‍ഷന്‍ രേഖ, എന്‍.ബി.ആര്‍ സ്മാര്ട്ട് കാര്‍ഡ്, കേന്ദ്ര- സംസ്ഥാന സര്‍ക്കാര്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍ നല്‍കിയ തിരിച്ചറിയല്‍ കാര്‍ഡ് എന്നിവയാണ് പകരം രേഖകള്‍.

നിശ്ചിത ഇടവേളകളില്‍ ഓരോ ബൂത്തില്‍ നിന്നും വോട്ടിങ്ങിന്റെ പുരോഗതി സംബന്ധിച്ച വിശദാംശം സഹവരണാധികാരി തലത്തിലും കണ്‍ട്രോള്‍ റൂമിലും സമാഹരിക്കും.   പോളിങ്ങ് സ്റ്റേഷന്റെ 200 മീറ്റര്‍ പരിധിയില്‍ പാര്‍ട്ടികളുടേയോ സ്ഥാനാര്‍ഥികളുടേയോ ഓഫീസുകള്‍ സ്ഥാപിക്കാന്‍ അനുവദിക്കില്ല.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.