You are Here : Home / News Plus

പരശുറാം എക്‌സ്പ്രസിലെ ജനറല്‍ കോച്ച് കുറച്ചുകൊണ്ട് റെയില്‍വേയുടെ ക്രൂരത വീണ്ടും

Text Size  

Story Dated: Monday, February 04, 2019 01:51 hrs UTC

പരശുറാം എക്‌സ്പ്രസിലെ ജനറല്‍ കോച്ചുകള്‍ കുറച്ചുകൊണ്ട് റെയില്‍വേ യാത്രക്കാരോടുള്ള ക്രൂരത തുടരുന്നു. മലബാറിലെ യാത്രക്കാര്‍ ഏറ്റവുമധികം ആശ്രയിക്കുന്ന ഏക ട്രെയിന്‍ ആണ് പരശുറാം എക്‌സ്പ്രസ്. ഇടയ്ക്കിടെ കോച്ചുകള്‍ കുറയ്ക്കുന്നതിനെതിരെ പ്രതിഷേധമുണ്ടാവുകയും പുനഃസ്ഥാപിക്കുകയും ചെയ്തിരുന്നു. എന്നാല്‍ കഴിഞ്ഞ ആഴ്ച്ച മുതല്‍ യാത്രക്കാരുടെ ആവശ്യം പരിഗണിച്ചു എന്ന പേരില്‍ 22 കോച്ചുകള്‍ കൊണ്ടു വന്നു. ഇപ്പോള്‍ അത് വീണ്ടും 21 കോച്ചുകള്‍ ആക്കി ചുരുക്കുകയും അതില്‍ തന്നെ നിലവില്‍ ഉള്ള ഒരു ജനറല്‍ കോച്ചിന് പകരം റിസര്‍വേഷന്‍ ആക്കുകകയും ചെയ്തിരിക്കുകയാണ്. നിലവില്‍ 3 വീതം AC, D റിസര്‍വേഷന്‍ കോച്ചുകള്‍ നിലനില്‍ക്കെയാണ് രണ്ട് ജനറല്‍ കോച്ചുകള്‍ വെട്ടിമാറ്റി പകരം ഒരു D റിസര്‍വേഷന്‍ കോച്ച് അധികം കൊണ്ടുവരുന്നത്. മൊത്തം 21 കോച്ചുകളില്‍ വെറും 10 ജനറല്‍ കോച്ചുകളുമായിട്ടാണ് പരശു ഇപ്പോള്‍ ഓടിക്കൊണ്ടിരിക്കുന്നത്.

പൂര്‍ണ്ണമായും ജനറല്‍ കോച്ചുകള്‍ മാത്രം ഉള്‍പ്പെടുത്തിയാല്‍ പോലും നിയന്ത്രിക്കാനാവാത്ത തിരക്കാണ് പരശുറാമില്‍. രാവിലെ കണ്ണൂര്‍ എത്തുമ്പോള്‍ നിറയെ യാത്രക്കാരുമായി എത്തുന്ന പരശുറാം വടകര എത്തിയാല്‍ പലര്‍ക്കും കയറാന്‍ പറ്റാതെ അടുത്ത ട്രെയിന്‍ കാത്തിരിക്കേണ്ടി വരുന്ന അനുഭവങ്ങളാണ് യാത്രക്കാര്‍ക്ക് പങ്കുവെക്കാനുളളത്. നിലവില്‍ 9:00 മണിക്ക് കോഴിക്കോട് എത്തുന്ന പരശു കഴിഞ്ഞാല്‍ പിന്നെ അടുത്ത ട്രെയിന്‍ കോഴിക്കോട് എത്തുന്നത് 10:55 നാണ് അതുകൊണ്ട് തന്നെ രാവിലെ ജോലി, പഠനാവശ്യങ്ങള്‍ക്ക് വേണ്ടി സമയത്തിന് എത്താന്‍ വേണ്ടി എന്തു ത്യാഗവും സഹിച്ചു പരശുവില്‍ യാത്ര ചെയ്യുന്ന വിദ്യാര്‍ത്ഥി  സ്ത്രീ യാത്രക്കരോടടക്കം റെയില്‍വേ നടത്തുന്ന ക്രൂരതയാണ് ജനറല്‍ കോച്ചുകള്‍ വെട്ടികുറച്ചത്. ബജറ്റുകളില്‍ കേരളത്തിന് പൊതുവെ റെയില്‍വേ പുതുതായി ഒന്നും നല്‍കാതിരിക്കെയാണ് ഇത്തരം നടപടികള്‍.






 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.