You are Here : Home / News Plus

ടൈറ്റാനിയം കേസില്‍ ഏത് അന്വേഷണവും നേരിടാമെന്ന് മുഖ്യമന്ത്രി

Text Size  

Story Dated: Friday, August 29, 2014 05:06 hrs UTC

കൊച്ചി: ടൈറ്റാനിയം അഴിമതി കേസില്‍ ഏത് തരത്തിലുമുള്ള അന്വേഷണവും നേരിടാന്‍ തയാറാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. പ്ളാന്‍റ് നവീകരിച്ചത് സുപ്രീംകോടതി നിയോഗിച്ച സമിതിയുടെ നിര്‍ദേശ പ്രകാരമാണ്. തൊഴിലാളി സംഘടനാ നേതാക്കള്‍ അടച്ചുപൂട്ടല്‍ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടതായും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ഫാക്ടറി അടച്ചുപൂട്ടാതിരിക്കാനാണ് പ്രശ്നത്തില്‍ താന്‍ ഇടപെട്ടത്. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയത് ഇടത് സര്‍ക്കാരിന്‍െറ കാലത്താണ്. യു.ഡി.എഫ് സര്‍ക്കാരിന്‍െറ എല്ലാ തീരുമാനങ്ങളും എല്ലാവര്‍ക്കും പരിശോധിക്കാമെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.
ലഭിക്കുന്ന നിവേദനങ്ങള്‍ വലിച്ചെറിയുന്ന രീതിയല്ല തന്‍േറത്. ജനങ്ങള്‍ക്ക് പരമാവധി കാര്യങ്ങള്‍ ചെയ്ത് കൊടുക്കുന്നതാണ് തന്‍െറ ശൈലി. അഴിമതിയുണ്ടെങ്കില്‍ ഇടത് സര്‍ക്കാര്‍ എന്തുകൊണ്ട് അക്കാര്യം അന്വേഷിച്ചില്ലെന്നും മുഖ്യമന്ത്രി ചോദിച്ചു.പത്തു കൊല്ലം മുമ്പുള്ള മാധ്യമ പ്രവര്‍ത്തകര്‍ക്കറിയാം, അന്നു മലിനീകരണം ഉണ്ടാക്കുന്ന ഫാക്ടറികള്‍ പൂട്ടണമെന്നാവശ്യപ്പെട്ട് പരിസ്ഥിതി പ്രവര്‍ത്തകര്‍ നല്‍കിയ പരാതിയെ തുടര്‍ന്ന് സുപ്രീംകോടതി ഒരു കമ്മിറ്റിയെ നിയോഗിച്ചു. ത്യാഗരാജന്‍െറ നേതൃത്ത്വത്തിലുള്ള കമ്മിറ്റി 198 ഫാകടറികള്‍ അടച്ചു പൂട്ടാന്‍ ഉത്തരവിട്ടു. ഇതേ തുടര്‍ന്ന് അടച്ചു പൂട്ടല്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ടൈറ്റാനിയം കമ്പനിയിലെ എല്ലാ തൊഴിലാളി യൂണിയനുകളും തന്നെ വന്നു കണ്ടു നിവേദനം നല്‍കി. തുടര്‍ന്ന് ത്യാഗരാജനെ താന്‍ ടെലിഫോണില്‍ വിളിച്ചു. കേരളത്തില്‍ വലിയ പ്രത്യാഘാതമുണ്ടാക്കുന്ന തീരുമാനമാണിതെന്ന് അദ്ദേഹത്തോട് വ്യക്തമാക്കി.
ഈ അഭ്യര്‍ത്ഥന പ്രകാരം എറണാകുളത്തെ ഫാക്ടറികളിലെ മാലിന്യ സംസ്കരണത്തിന് പൊതുസംവിധാനവും ടൈറ്റാനിയത്തിലേക്ക് പ്രത്യേക സംവിധാനവും ഒരുക്കാന്‍ തീരുമാനമായി. ഇതേ തുടര്‍ന്ന് അടച്ചുപൂട്ടല്‍ നോട്ടീസ് പിന്‍വലിച്ചു. സര്‍ക്കാര്‍ മുന്‍കൈയെടുത്ത് മാലിന്യ സംസ്കരണത്തിന് കേരള എന്‍വിയോണ്‍മെന്‍റല്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ എന്ന കമ്പനിയുണ്ടാക്കി. 2007ല്‍ അതിന്‍െറ പണി തുടങ്ങി.
സര്‍ക്കാര്‍ മുന്‍കൈയെടുത്ത് നടപ്പാക്കിയ ആ പ്രൊജക്ട് ക്യാബിനറ്റില്‍ വന്നു. മന്ത്രിസഭ അംഗീകാരം നല്‍കി. എന്നാല്‍ സര്‍ക്കാര്‍ മാറി പുതിയ ഭരണം വന്നു. പിന്നീട് മാലിന്യ നിര്‍മാര്‍ജന പ്ളാന്‍റിന്‍െറ നിര്‍മാണം നടത്തിയത് ഇടതുപക്ഷ സര്‍ക്കാറാണ്. ഇടതുപക്ഷം വലിയ ആഘോഷമായാണ് ഉദ്ഘാടനചടങ്ങ് നടത്തിയത്. പിന്നീട് പണി മുന്നോട്ട് പോയില്ല. 2007ലാണ് ചെന്നിത്തലയുടെയും ഇബ്രാഹിംകുഞ്ഞിന്‍െറയും പേര് കേസിലേക്ക് വരുന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.