You are Here : Home / News Plus

വയനാട്ടില്‍ മൃഗടോക്ടര്‍ക്ക് നേരെ കടുവയുടെ ആക്രമണം

Text Size  

Story Dated: Monday, April 14, 2014 04:11 hrs UTC

വയനാട്ടിലെ പൂതാടി പഞ്ചായത്തിലെ വളാഞ്ചേരിയില്‍ ശനിയാഴ്ച ആടിനെ കൊന്ന് ഭീതിപരത്തിയ കടുവയെ മയക്കുവെടി വെക്കാനുള്ള ശ്രമത്തിനിടയില്‍ മയക്കുവെടി വിദഗ്ധനായ വെറ്ററിനറി സര്‍ജന്‍ ഡോ. അരുണ്‍ സഖറിയക്കുനേരെ കടുവ ചാടി വീണു. കൈക്ക് പരിക്കേറ്റ ഡോക്ടറെ സുല്‍ത്താന്‍ ബത്തേരിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഞായറാഴ്ച വൈകീട്ട് അഞ്ചുമണിയോടെയാണ് സംഭവം. വളാഞ്ചേരി മോസ്കോ കുന്നില്‍ വലിയമ്മാക്കല്‍ ലോറന്‍സിന്‍െറ ആടിനെ ശനിയാഴ്ച വൈകീട്ട് കടുവ കടിച്ചുകൊന്നിരുന്നു.
ഞായറാഴ്ച രാവിലെ മുതല്‍ വനപാലകരും നാട്ടുകാരും കടുവയെ പിടികൂടാനുള്ള ശ്രമത്തിലായിരുന്നു. പൊലീസും സ്ഥലത്തത്തെി. എന്നാല്‍, പാമ്പ്ര വനത്തിലെ വളാഞ്ചേരി ഭാഗത്ത് തങ്ങിയ കടുവ നാട്ടുകാര്‍ക്കു നേരെ തിരിഞ്ഞു. ഇതോടെയാണ് മയക്കുവെടി വെക്കാന്‍ അധികൃതര്‍ തീരുമാനിച്ചത്. ഉച്ചയോടെ ഡോ. അരുണ്‍ സഖറിയ മയക്കുവെടി വെക്കാനുള്ള സന്നാഹവുമായി എത്തി. വെടിവെക്കാന്‍ അടുത്തുചെന്നപ്പോഴാണ് മിന്നല്‍ വേഗത്തില്‍ ഡോക്ടറുടെ നേരെ ചാടിയത്. തോക്കിന്‍ കുഴല്‍ കടുവയുടെ വായില്‍ തട്ടിയതിനാല്‍ കടിക്കാനായില്ല. സംഭവം കണ്ട് നാട്ടുകാരും വനം ഉദ്യോഗസ്ഥരും ബഹളംവെച്ചതോടെ കടുവ കാട്ടിലേക്ക് മറഞ്ഞു. ഞായറാഴ്ച രാത്രി ഏഴുമണിയോടെ ഫോറസ്റ്റ് അധികൃതരുടെ നേതൃത്വത്തില്‍ രണ്ട് കൂടുകള്‍ സ്ഥാപിച്ചിട്ടുണ്ട്. തിങ്കളാഴ്ചയും കടുവയെ പിടിക്കാനുള്ള ശ്രമം നടത്തുമെന്ന് ചെതലയം ഫോറസ്റ്റ് റെയ്ഞ്ച് അധികൃതര്‍ പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.