You are Here : Home / News Plus

നിലപാടുകളില്‍ നിന്ന് പിന്നോട്ടുപോയാല്‍ വിഎസിന് തിരിച്ചടിയുണ്ടാകും: കെകെ രമ

Text Size  

Story Dated: Friday, March 21, 2014 10:33 hrs UTC

പാര്‍ട്ടിയുടെയും വിഎസിന്റെ സ്വരം ഒന്നായെന്നും നിലപാടുമാറ്റം വിഎസിനു തിരിച്ചടിയാകുമെന്നും ടി.പി. ചന്ദ്രശേഖരന്റെ ഭാര്യ കെ.കെ. രമ.

വിഎസിന്റെ രാഷ്ട്രീയ നിലപാടുകളെ ഉയര്‍ത്തിപ്പിടിച്ചാണ് ഞങ്ങള്‍ സമരം നടത്തിയതും ആര്‍എംപി രൂപീകരിച്ചതും. വിഎസ് പിന്നാക്കം പോയാലും ആര്‍എംപി നിലപാട് മാറ്റില്ല. ആര്‍എംപിക്കു വിഎസിന്റെ പൂര്‍ണ പിന്തുണ ഉണ്ടായിരുന്നു. ഇനിയും അതുണ്ടാകുമെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നു. ഇനി എല്ലാം വിഎസ് തീരുമാനിക്കട്ടെയെന്നും രമ പറഞ്ഞു.

സത്യത്തിനും നീതിക്കും വേണ്ടിയുള്ള വേറിട്ട ശബ്ദമാണ് സിപിഎമ്മില്‍ ഇതുവരെ വിഎസ് ഉയര്‍ത്തിയത്. അദ്ദേഹത്തിന്റെ രാഷ്ട്രീയത്തെയാണു ഞങ്ങള്‍ പിന്തുടരുന്നത്. കേരളരാഷ്ട്രീയത്തില്‍ അദ്ദേഹത്തിനു വില നല്‍കിയത് ആ നിലപാടുകളാണ്. അതില്‍ നിന്നു പിന്നാക്കം പോയാല്‍ തിരിച്ചടിയാകുമെന്ന് വിഎസ് മനസിലാക്കണം. ഇത് തന്റെ അഭ്യര്‍ഥനയാണ്. ജനം വിഎസിനെ തള്ളാന്‍ പാടില്ലെന്നതു കൊണ്ടാണ് ഇതു പറയുന്നതെന്നും രമ പറഞ്ഞു.

വിഎസിനെ സ്വന്തം പിതാവിനെ പോലയാണ് സ്‌നേഹിച്ചത്. ടിപിയുടെ മരണ സമയത്ത് വിഎസ് കൂടെ നിന്നപ്പോള്‍ വല്ലാതെ ആശ്വസിച്ച ആളാണ് താന്‍. ഈ നിമിഷം പോലും വിഎസിനെ തള്ളി പറയാനില്ല. വിഎസ് നല്‍കിയ പിന്തുണ വില കുറച്ചു കാണുന്നുമില്ല. അന്നും ഇന്നും ബഹുമാനത്തോടെയാണ് വിഎസിനെ താന്‍ കാണുന്നതെന്നും രമ പറഞ്ഞു.

ആര്‍എംപി വലതുപക്ഷത്തിന്റെ വാലായി എന്നത് വിഎസിനെ ആരോ തെറ്റിദ്ധരിപ്പിച്ചു പറയിച്ചതാണ്. ഞങ്ങള്‍ യുഡിഎഫിന് എതിരാണ്. വിഎസ് സിപിഎമ്മിനുള്ളില്‍ ചെയ്തതാണ് ഞങ്ങള്‍ പുറത്തു ചെയ്യുന്നതെന്ന് അദ്ദേഹത്തിനറിയാം എന്നും രമ പറഞ്ഞു. വടകരയില്‍ മുല്ലപ്പള്ളി രാമചന്ദ്രനെ സഹായിക്കാനല്ല ആര്‍എംപി മല്‍സരിക്കുന്നതെന്നും മുല്ലപ്പള്ളിക്കെതിരായാണ് മല്‍സരിക്കുന്നതെന്നും രമ പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.