ഫോട്ടോഗ്രാഫര്‍ റസാഖ് കോട്ടക്കല്‍ നിര്യാതനായി. 53 വയസ്സായിരുന്നു. കേരളത്തിലും പുറത്തുമുള്ള നിരവധി പ്രസിദ്ധീകരണങ്ങളില്‍ റസാഖിന്‍െറ ചിത്രങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇതിനുപുറമെ, സിനിമാ ഫോട്ടോഗ്രഫി രംഗത്തും പ്രവര്‍ത്തിച്ചു.ചലച്ചിത്രകാരനായ അടൂര്‍ ഗോപാലകൃഷ്ണന്‍െറ ചിത്രങ്ങളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. കോട്ടക്കല്‍ ക്ളിന്റ് സ്റ്റുഡിയോ ഉടമയാണ്. കഥാകൃത്തെന്ന നിലയിലും അറിയപ്പെട്ടു. രണ്ടു ദിവസമായി വൈത്തിരി ചുണ്ടേലിനടുത്ത ഓടത്തോടെ വീട്ടിലായിരുന്നു. ബുധനാഴ്ച ഉച്ചകഴിഞ്ഞ് മാതൃസഹോദരി ആമിനയുടെ വീട്ടില്‍വെച്ച് ബോധക്ഷയമുണ്ടായി. ഉടന്‍ ചേലോടുള്ള സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോകുമ്പോഴായിരുന്നു അന്ത്യം. വൈക്കം മുഹമ്മദ് ബഷീര്‍, ഒ.വി. വിജയന്, കമല സുരയ്യ തുടങ്ങി സാഹിത്യ രംഗത്തെ കുലപതികളുടെ അപൂര്‍വ ജീവിത മുഹൂര്‍ത്തങ്ങള്‍ റസാഖിന്‍െറ കാമറക്കണ്ണില്‍ പതിഞ്ഞിട്ടുണ്ട്. ഇത്തരം നിരവധി അപൂര്‍വ ചിത്രങ്ങളുടെ ശേഖരവും റസാഖിനുണ്ട്. നിത്യചൈതന്യ യതി, ജോണ്‍ എബ്രഹാം തുടങ്ങിയവരുടെ കൂടെയും റസാഖ് സഞ്ചരിച്ച് ചിത്രങ്ങളെടുത്തിട്ടുണ്ട്. സത്യഭാമയാണ് ഭാര്യ. രണ്ട് മക്കളുണ്ട്. ഖബറടക്കം വ്യാഴാഴ്ച 12 മണിയോടെ ഓടത്തോട് ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍.
Comments