You are Here : Home / News Plus

മനോവിഷമം ഉണ്ടായിട്ടുണ്ടെങ്കിൽ ഖേദിക്കുന്നു :വി.ടി ബല്‍റാം

Text Size  

Story Dated: Monday, March 17, 2014 11:19 hrs UTC

ഫേസ്ബുക്ക്‌ ഞാൻ ഉപയോഗിക്കാറുള്ളത്‌ എന്റെ വ്യക്തിപരമായ അഭിപ്രായങ്ങളും കാഴ്ചപ്പാടുകളും എന്റെ ഫ്രണ്ട്‌ ലിസ്റ്റിലുള്ളവരും എന്നെ ഫോളോ ചെയ്യുന്നവരുമായ സുഹൃത്തുക്കളുമായി പങ്കുവെക്കാനുള്ള ഉദ്ദേശ്യത്തിലാണ്. ഇത്തരം അഭിപ്രായങ്ങളൊന്നും എന്റെ പാർട്ടിയുടെ ഔദ്യോഗിക നിലപാടുകൾ ആവണമെന്നില്ല.

ഫേസ്ബുക്കിലുള്ള മിക്കവാറുമാളുകൾക്കും ഈ യാഥാർത്ഥ്യം അറിയാമെങ്കിലും ഇക്കഴിഞ്ഞ ദിവസം ഞാനിട്ട ഒരു സ്റ്റാറ്റസ്‌ അപ്‌ഡേറ്റ്‌ അനാവശ്യവും അപ്രസക്തവുമായ ചില വിവാദങ്ങൾക്ക്‌ വഴിതുറന്നിട്ടുണ്ട്‌. ആരെയെങ്കിലും പ്രത്യേകമായി പേരെടുത്തുപറയാതെ ചില മനോഭാവങ്ങളെ മാത്രം ഉദ്ദേശിച്ച്‌ ഞാൻ നടത്തിയ പരാമർശ്ശത്തിലെ ഒരു വാക്കിനെ കയറിപ്പിടിച്ചാണു ഈ വിവാദങ്ങൾ ഉണ്ടായിട്ടുള്ളത്‌. എന്റെ അഭിപ്രായത്തിലെ ആശയങ്ങൾക്ക്‌ പൊതുസമൂഹത്തിൽനിന്ന് വലിയരീതിയിലുള്ള പിന്തുണ കിട്ടിയെങ്കിലും ആ വാക്കിന്റെ സാംഗത്യത്തേക്കുറിച്ച്‌ എന്നെ സ്നേഹിക്കുന്നവർത്തന്നെ വിമർശ്ശനബുദ്ധ്യാ ഉപദേശിക്കുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തിൽ എന്റെ പ്രസ്തുത പദപ്രയോഗത്തിന്റെ പേരിൽ ആർക്കെങ്കിലും മനോവിഷമം ഉണ്ടായിട്ടുണ്ടെങ്കിൽ അതിൽ ഞാൻ ഖേദിക്കുന്നു.

ജനാധിപത്യത്തിൽ നേരിട്ട്‌ ഇടപെടാനും തങ്ങളുടെ അഭിപ്രായങ്ങൾ ജനപ്രതിനിധികളുടേയും സ്ഥാനാർത്ഥികളുടേയും മുൻപിൽ തുറന്നവതരിപ്പിക്കാനും ഏതൊരു വോട്ടർക്കുമുള്ള അവകാശത്തെ ഞാൻ അഭിമാനത്തോടെ ഉൾക്കൊള്ളുന്നു. സമുദായാടിസ്ഥാനത്തിൽ സംഘടിപ്പിക്കപ്പെട്ടതെങ്കിലും തെരഞ്ഞെടുപ്പിൽ മത്സരിക്കുകയും ജനാധിപത്യത്തിൽ നേരിട്ടിടപെടുകയും ചെയ്യുന്ന സംഘടനകളുമുണ്ട്‌. എന്നാൽ അതിൽനിന്ന് വിഭിന്നമായി മത, സമുദായ നേതാക്കൾ രാഷ്ട്രീയ പാർട്ടികളുടെ ആഭ്യന്തരകാര്യങ്ങളിൽ പിൻസീറ്റ്‌ ഡ്രൈവിംഗ്‌ നടത്തുന്നതിനെ എന്നും യൂത്ത്‌ കോൺഗ്രസ്‌ പോലുള്ള പ്രസ്ഥാനങ്ങൾ എതിർത്തുപോന്നിട്ടുണ്ട്‌. ക്യാമ്പുകളിലും സമ്മേളനങ്ങളിലുമൊക്കെ പ്രവർത്തകവികാരം മാനിച്ച്‌ പാസാക്കപ്പെടുന്ന പ്രമേയങ്ങളുടെ അന്തസ്സത്ത ഉൾക്കൊണ്ടുകൊണ്ടുള്ള പ്രവർത്തനങ്ങൾ ഇനിയും എന്റെ ഭാഗത്തുനിന്നുണ്ടാവും.

ഈ വിഷയം അനാവശ്യമായി പെരുപ്പിച്ച്‌ കാണിക്കുന്നതിനും വിവാദങ്ങളെ ആളിക്കത്തിക്കുന്നതിനുമുള്ള ചിലരുടെ നിഗൂഢതാത്പര്യത്തെ കേരളത്തിലെ പ്രബുദ്ധരായ വോട്ടർമ്മാർ മനസ്സിലാക്കുമെന്ന് എനിക്കുറപ്പുണ്ട്‌. രാജ്യം ഫാഷിസത്തെ മുഖാമുഖം കാണുന്ന ഈ തെരെഞ്ഞെടുപ്പ്‌ വേളയിൽ കേരളം പോലുള്ള രാഷ്ട്രീയ പ്രബുദ്ധമായ ഒരു നാട്ടിൽ നടക്കേണ്ടത്‌ ജനങ്ങളുമായി ബന്ധപ്പെട്ട കൂടുതൽ ഗൗരവതരമായ രാഷ്ട്രീയ, സാമൂഹിക, വികസന ചർച്ചകളാണ്. ആ ചർച്ചകളിൽ നിന്ന് ജനശ്രദ്ധ തിരിച്ചുവിടാൻ ഇടവരുത്തുമെന്നതിനാൽ ഈ വിവാദം അവസാനിപ്പിക്കണമെന്ന് ബന്ധപ്പെട്ട എല്ലാവരോടുമായി ഞാനഭ്യർത്ഥിക്കുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.