You are Here : Home / News Plus

ലോക്സഭക്ക് പ്രതിപക്ഷനേതാവ് ഇല്ല

Text Size  

Story Dated: Friday, August 15, 2014 11:32 hrs UTC

ന്യൂഡല്‍ഹി: ലോക്സഭയില്‍ കോണ്‍ഗ്രസിന് പ്രതിപക്ഷ നേതൃസ്ഥാനം അനുവദിച്ചു കൊടുക്കേണ്ടതില്ളെന്ന് ബി.ജെ.പി സര്‍ക്കാര്‍ ഉറപ്പിച്ചു. പ്രതിപക്ഷത്തെ രണ്ടാമത്തെ വലിയ കക്ഷിയായ എ.ഐ.എ.ഡി.എം.കെക്ക് ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനം നല്‍കിയതിനൊപ്പം, ജഡ്ജി നിയമന ബില്ലില്‍ ഉള്‍പ്പെടുത്തിയ വ്യവസ്ഥ കോണ്‍ഗ്രസിന് നേതൃപദവി അനുവദിക്കേണ്ടതില്ളെന്ന തീരുമാനം വെളിവാക്കി. ജഡ്ജി നിയമന കമീഷനിലെ രണ്ടു പ്രമുഖ വ്യക്തികളെ തെരഞ്ഞെടുക്കുന്ന സമിതിയിലെ ഒരംഗം പ്രതിപക്ഷ നേതാവാണ്. എന്നാല്‍, പാര്‍ലമെന്‍റ് പാസാക്കിയിരിക്കുന്ന നിയമത്തില്‍ അത് വ്യക്തമായി മോദിസര്‍ക്കാര്‍ പറഞ്ഞുവെച്ചു. പ്രതിപക്ഷ നേതാവ് അല്ളെങ്കില്‍ പ്രതിപക്ഷത്തെ ഏറ്റവും വലിയ കക്ഷിയുടെ നേതാവ് സെലക്ഷന്‍ കമ്മിറ്റിയില്‍ അംഗമായിരിക്കുമെന്നാണ് ഈ വ്യവസ്ഥ. അതുവഴി കോണ്‍ഗ്രസിന്‍െറ സഭാ നേതാവാണ് കമ്മിറ്റിയില്‍ പ്രതിപക്ഷത്തെ പ്രതിനിധാനം ചെയ്യുക.
പ്രതിപക്ഷ നേതൃസ്ഥാനം അനുവദിക്കാന്‍ തീരുമാനമില്ലാത്തതുകൊണ്ടാണ് സര്‍ക്കാര്‍ പുതിയ നിയമനിര്‍മാണം നടത്തിയപ്പോള്‍ ഇക്കാര്യത്തില്‍ വ്യക്തത വരുത്തിയിരിക്കുന്നത്. കേന്ദ്ര വിജിലന്‍സ് കമീഷന്‍, ലോക്പാല്‍, കംട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍ എന്നിവരുടെ നിയമന സമിതിയിലും ഒരംഗം പ്രതിപക്ഷ നേതാവാണ്. ഈ വ്യവസ്ഥ അതേപടി തുടരുകയാണ്. ജഡ്ജി നിയമന കമീഷനിലെ വ്യവസ്ഥയില്‍ പറയുന്നതുപോലെ പ്രതിപക്ഷ നേതാവ് അല്ളെങ്കില്‍ പ്രതിപക്ഷത്തെ ഏറ്റവും വലിയ കക്ഷിയുടെ നേതാവ് എന്ന വ്യവസ്ഥ ഈ നിയമനങ്ങളുടെ കാര്യത്തില്‍ അവലംബിക്കാന്‍ സര്‍ക്കാര്‍ പുതിയ നിയമനിര്‍മാണം നടത്തിയേക്കുമെന്നാണ് സൂചന. പ്രതിപക്ഷ നേതാവ് പദവി അംഗീകരിച്ചുകൊടുക്കാതെ തന്നെ, ഭരണഘടനാപരമായ പ്രതിസന്ധി ഒഴിവാക്കാനാണിത്.
പ്രതിപക്ഷ നേതൃസ്ഥാനം കിട്ടാന്‍ കോണ്‍ഗ്രസ് വാദിച്ചുനോക്കിയിരുന്നു. ഇതേതുടര്‍ന്ന്, ഇക്കാര്യത്തില്‍ ഏതാനും ദിവസത്തിനകം തീരുമാനം പ്രഖ്യാപിക്കുമെന്ന് പറഞ്ഞ ലോക്സഭാ സ്പീക്കര്‍ സുമിത്ര മഹാജന്‍ ആഴ്ചകള്‍ തന്നെ കഴിഞ്ഞിട്ടും മൗനം തുടരുകയാണ് ചെയ്തത്.
പുതിയ ലോക്സഭയുടെ രണ്ടാമത്തെ സമ്മേളനം വ്യാഴാഴ്ചകൊണ്ട് അവസാനിക്കുകയും ചെയ്തു. പ്രതിപക്ഷ നേതാവ് എന്ന പദവി ലഭിച്ചാല്‍, കാബിനറ്റ് റാങ്കും വാഹനവും മറ്റ് അലവന്‍സുകളും ലഭിക്കും. എന്നാല്‍, അത്തരത്തിലൊരു ആനുകൂല്യവും ഇക്കുറി കോണ്‍ഗ്രസിന്‍െറ സഭാ നേതാവിന് കിട്ടില്ല.
44 സീറ്റ് മാത്രമുള്ള കോണ്‍ഗ്രസിന് പബ്ളിക് അക്കൗണ്ട്സ് കമ്മിറ്റി ചെയര്‍മാന്‍ സ്ഥാനം മാത്രമാണ് ഫലത്തില്‍ ലോക്സഭയില്‍ ലഭിക്കുക.അതിന്‍െറ ചെയര്‍മാന്‍ സ്ഥാനത്തേക്ക് കെ.വി. തോമസിന്‍െറ പേര് കോണ്‍ഗ്രസ് നല്‍കിയിട്ടുണ്ടെങ്കിലും അന്തിമ പ്രഖ്യാപനം വന്നില്ല.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.