You are Here : Home / News Plus

മോദി സര്‍ക്കാര്‍ വര്‍ഗീയ ധ്രുവീകരണം ശക്തിപ്പെടുത്തും :യെച്ചൂരി

Text Size  

Story Dated: Friday, May 30, 2014 01:39 hrs UTC

ന്യൂഡല്‍ഹി: വര്‍ഗീയ ധ്രുവീകരണം ശക്തിപ്പെടുമെന്ന ആശങ്കകള്‍ സ്ഥിരീകരിക്കുകയാണ് നരേന്ദ്ര മോദി സര്‍ക്കാര്‍ അധികാരത്തിലേറ്റശേഷം ലഭിക്കുന്ന ആദ്യസൂചനകളെന്ന് മുതിര്‍ന്ന സി.പി.എം നേതാവ് സീതാറാം യെച്ചൂരി.
ഉദാരീകരണ സാമ്പത്തിക പരിഷ്കാരങ്ങള്‍ നടപ്പാക്കുന്നതുവഴി ജനങ്ങളില്‍ കൂടുതല്‍ ഭാരം ഏല്‍പിക്കുമെന്ന ആശങ്കയും അസ്ഥാനത്തല്ളെന്ന് യെച്ചൂരി അഭിപ്രായപ്പെട്ടു.
സര്‍ക്കാര്‍ നയങ്ങളുടെ കാര്യത്തില്‍ ഹിന്ദുത്വ അജണ്ട പ്രതിഫലിക്കുന്ന കാഴ്ചയാണ് കാണുന്നത്. ന്യൂനപക്ഷ പദ്ധതികളെ സംബന്ധിച്ച് നജ്മ ഹിബത്തുല്ലയുടെയും തവര്‍ചന്ദ് ഗെഹ്ലോട്ടിന്‍െറയും പ്രസ്താവനകളും 370ാം വകുപ്പിനെക്കുറിച്ച് പി.എം.ഒയിലെ സഹമന്ത്രി ജിതേന്ദര്‍ സിങ്ങിന്‍െറ പ്രസ്താവനയും പരാമര്‍ശിച്ചുകൊണ്ട് സി.പി.എം മുഖപത്രമായ പീപ്ള്‍സ് ഡെമോക്രസിയിലെഴുതിയ മുഖപ്രസംഗത്തിലാണ് യെച്ചൂരി ഇങ്ങനെ അഭിപ്രായപ്പെട്ടത്. കശ്മീരിന് പ്രത്യേകപദവി നല്‍കുന്ന 370ാം വകുപ്പ് റദ്ദാക്കുന്നത് ഈ തെരഞ്ഞെടുപ്പില്‍ ആര്‍.എസ്.എസിന്‍െറയും ബി.ജെ.പിയുടെയും യഥാര്‍ഥ അജണ്ടയുടെ ഭാഗമായിരുന്നു. വാജ്പേയി സര്‍ക്കാറിന് ഭൂരിപക്ഷമില്ലാത്തതുകൊണ്ട് ചെയ്യാന്‍ കഴിയാതിരുന്ന കാര്യമാണത് എന്ന് അവര്‍ അവകാശപ്പെടുന്നു. പ്രത്യേകപദവി റദ്ദാക്കാന്‍ പാര്‍ട്ടി പ്രതിജ്ഞാബദ്ധമാണെന്ന് ബി.ജെ.പിയുടെ പ്രകടനപത്രികയില്‍ പറയുന്നുണ്ട്. ഹിന്ദുത്വ സംഘടനകളുടെ നേതൃത്വത്തില്‍ നടന്ന തീവ്രവാദി ആക്രമണങ്ങള്‍ സംബന്ധിച്ച് സി.ബി.ഐയും എന്‍.ഐ.എയും എ.ടി.എസും അന്വേഷിക്കുന്ന കേസുകള്‍ പിന്‍വലിക്കണമെന്ന ആര്‍.എസ്.എസ് ദേശീയ നിര്‍വാഹക സമിതിയംഗം ഇന്ദ്രേഷ്കുമാറിന്‍െറ ആവശ്യത്തെയും ലേഖനത്തില്‍ സീതാറാം യെച്ചൂരി വിമര്‍ശിക്കുന്നു. അത്തരം തീവ്രവാദി ആക്രമണക്കേസുകളില്‍ കുറ്റം ചുമത്തപ്പെട്ട പ്രധാനവ്യക്തികളിലൊന്നാണ് ഇന്ദ്രേഷ് എന്നും അദ്ദേഹം ഓര്‍മിപ്പിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.