അഭയകേസില്‍ തുടരന്വേഷണത്തിന് ഹൈക്കോടതി ഉത്തരവിട്ടു. കേസിലെ പ്രധാന തെളിവുകള്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ നശിപ്പിച്ചെന്ന് കാട്ടി ജോമോന് പുത്തന്‍പുരക്കല്‍ സമര്‍പിച്ച ഹരജിയിലാണ് കോടതി ഉത്തരവ്. ജസ്റ്റിസ് എന്‍.കെ ബാലകൃഷ്ണനാണ് ഉത്തരവിട്ടത്.തെളിവ് നശിപ്പിച്ചന്നെ ആരോപണവും ആരോപണ വിധേയരായ ഉദ്യോഗസ്ഥരുടെ പങ്കും അന്വേഷിക്കണമെന്നും കോടതി ഉത്തരവിട്ടു. തുടരന്വേഷണം നടത്താന്‍ സിബി.എക്കാണ് ഹൈക്കോടതി നിര്‍ദേശം നല്‍കിയിരിക്കുന്നത്.
അഭയയുടെ ശരീരത്തില്‍ കണ്ട മുറിവുകള്‍ സംബന്ധിച്ച് അന്വേഷണം നടത്തിയിട്ടില്ല. തെളിവ് നശിപ്പിക്കാന്‍ മുന്‍ ക്രെംബ്രാഞ്ച് എസ്.പി കെ.ടി മൈക്കിള്‍, മുന്‍ കോട്ടയം സബ് ഡിവിഷണല്‍ ഓഫീസര്‍ ജി. കെ കിഷോര്‍, കെമിക്കല്‍ എക്സാമിനര്‍ ആര്. ഗീത, അസി. കെമിക്കല്‍ എക്സാമിനര്‍ എം. ചിത്ര, വി. ത്യാഗരാജന്, ആര്.ഡി.ഒ ഓഫീസ് ക്ളാര്‍ക്ക് കെ.എന്‍ മുരളീധരന്, സീനിയര്‍ സൂപ്രണ്ട് എലിയാമ്മ, അഭയ താമസിച്ചിരുന്ന കോണ്‍വെന്റിലെ അടുക്കളക്കാരികളായ അച്ചാമ്മ, ത്രേസ്യാമ്മ, അഭയയോടൊപ്പം താമസിച്ചിരുന്ന സിസ്റ്റര്‍ ഷെര്‍ളി എന്നിവര്‍ വഹിച്ച പങ്ക് അന്വേഷിക്കണമെന്നായിരുന്നു ആവശ്യം. പുനരന്വേഷണം ആവശ്യപ്പെടുന്ന ഹരജി തിരുവനന്തപുരം സി.ബി.ഐ കോടതി തള്ളിയതിനെ തുടര്‍ന്നാണ് ജോമോന് ഹൈക്കോടതിയെ സമീപിച്ചത്.
Comments