You are Here : Home / News Plus

എല്ലാ കുടുംബത്തിനും വീട്, എല്ലാ വീട്ടിലും വൈദ്യുതി

Text Size  

Story Dated: Monday, June 09, 2014 07:13 hrs UTC

രാജ്യത്തെ എല്ലാ കുടുംബങ്ങള്‍ക്കും വീടും എല്ലാ വീടിനും വൈദ്യുതിയും വെള്ളവും ലഭ്യമാക്കുമെന്ന് മോദി സര്‍ക്കാരിന്റെ നയപ്രഖ്യാപനം. ആരോഗ്യ-കാര്‍ഷിക മേഖലകള്‍ക്ക് ഊന്നല്‍ നല്‍കി പാര്‍ലമെന്റിന്റെ സംയുക്ത സമ്മേളനത്തില്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജി നടത്തിയ നയപ്രഖ്യാപനത്തില്‍ വിദേശനിക്ഷേപം കൂടുതല്‍ മേഖലകളിലേക്ക് വ്യാപിപ്പിക്കുമെന്നും പറയുന്നു. ജലദൗര്‍ലഭ്യം പരിഹരിക്കുന്നതിന് നദീസംയോജന പദ്ധതി നടപ്പാക്കുമെന്നും നരേന്ദ്രമോദി സര്‍ക്കാരിന്റെ ആദ്യ നയപ്രഖ്യാപനത്തിലൂടെ രാഷ്ട്രപതി വ്യക്തമാക്കി. സ്വാതന്ത്യത്തിന്റെ 75 ാം വര്‍ഷത്തില്‍ എല്ലാ കുടുംബത്തിനും വീട് എന്നതാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. 2022 ഓടെ എല്ലാ വീട്ടിലും 24 മണിക്കൂറും വൈദ്യുതി എത്തിക്കും.

             എല്ലാ സംസ്ഥാനങ്ങളിലും ഐ.ഐ.ടി, ഐ.ഐ.എം എന്നിവ സ്ഥാപിക്കും. എയിംസ് മാതൃകയില്‍ എല്ലാ സംസ്ഥാനങ്ങളിലും ആസ്പത്രികള്‍ സ്ഥാപിക്കും എന്നിവയാണ് മറ്റ് പ്രധാനപ്രഖ്യാപനങ്ങള്‍.. ഭക്ഷ്യവിലക്കയറ്റം നിയന്ത്രിക്കുന്നതിന് മുന്‍ഗണന നല്‍കും. കരിഞ്ചന്തയും പൂഴ്ത്തിവെപ്പും തടയും. പൊതുവിതരണ സംവിധാനം ശക്തിപ്പെടുത്തും. അഴിമതിക്ക് ഇന് സ്ഥാനമുണ്ടാകില്ല. അടിസ്ഥാനസൗകര്യത്തിന് ഊന്നല്‍ നല്‍കും. കുടിവെള്ളത്തിന് പ്രത്യേക പരിഗണന. എല്ലാവീടുകളിലും വെള്ളമെത്തിക്കും. കൃഷീരീതികള്‍ ശാസ്ത്രീയമാക്കും. നാഷണല്‍ ഇ ലൈബ്രറി തുടങ്ങും.ദേശീയ വിദ്യാഭ്യാസ നയം നടപ്പിലാക്കും. യുവജന നയവും കൊണ്ടുവരും. യോഗയ്ക്ക് പ്രോത്സാഹനം നല്‍കും. ദേശീയ ആരോഗ്യനയം നടപ്പാക്കും. ഭൂവിനിയോഗത്തിന് ദേശീയ നയം കൊണ്ടുവരും. സ്ത്രീകള്‍ക്ക് 33 ശതമാനം സംവരണം നടപ്പാക്കാന്‍ പ്രതിജ്ഞാബദ്ധമാണ്. ശൗചാലയങ്ങള്‍ നിര്‍മ്മിക്കുന്ന സ്വച്ച് ഭാരത് മിഷന്‍ എന്ന പേരില്‍ പുതിയ പദ്ധതി നടപ്പാക്കും.

കശ്മീരി പണ്ഡിറ്റുകള്‍ക്ക് അഭിമാനത്തോടെ ജീവിക്കാനുള്ള സാഹചര്യമൊരുക്കം. സര്‍ക്കാര്‍ രേഖകള്‍ ഡിജിറ്റലൈസ് ചെയ്യുന്നതിലൂടെ സുതാര്യ ഉറപ്പാക്കും. നീതി വൈകുന്നത് നീതി നിഷേധിക്കലാണ്. കേസുകള്‍ കെട്ടിക്കിടക്കുന്നത് ഒഴിവാക്കും.
എന്തുവിലകൊടുത്തും കള്ളപ്പണം തിരികെ കൊണ്ടുവരും. പൊതുസ്ഥലങ്ങളില്‍ വൈഫൈ സംവിധാനം ഒരുക്കും. കായികപ്രതിഭകളെ കണ്ടെത്താന്‍ ദേശീയ പദ്ധതികൊണ്ടുവരും. ചരക്ക് സേവന നികുതി നടപ്പാക്കും. കൂടുതല്‍ തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കാന്‍ നേരിട്ടുള്ള വിദേശ നിക്ഷപം സ്വീകരിക്കും.. രാജ്യത്ത് ഇനി കര്‍ഷക ആത്മഹത്യയുണ്ടാകില്ലെന്ന് നയപ്രഖ്യാപനത്തില്‍ പറയുന്നു.

അതിവേഗ ട്രെയിന്‍ സര്‍വീസിനായി ചതുഷ്‌കോണപദ്ധതി നടപ്പിലാക്കും. റെയില്‍വേ നവീകരണവും ദേശീപാത വികസനവും സര്‍ക്കാരിന്റെ നയമാണ്. നികുതി സമ്പ്രദായം ലഘൂകരിക്കും. കുറഞ്ഞ ചിലവില്‍ ചെറുവിമാനത്താവളങ്ങള്‍ തുടങ്ങും. ചെറിയനഗരങ്ങളിലേക്ക് വ്യോമഗതാഗതം സാധ്യമാക്കും. നിര്‍മ്മാണസംരംഭങ്ങള്‍ക്ക് അനുമതി നല്‍കാനായി ഏകജാലക സംവിധാനം തുടങ്ങും. 24 മണിക്കൂറും വൈദ്യുതിയും ജലവും എത്തിക്കുകയാണ് ലക്ഷ്യം.എല്ലാ സ്‌കൂളുകളിലും ഇന്റര്‍നെറ്റ് സൗകര്യം. അഞ്ച് വര്‍ഷത്തിനുള്ളില്‍ എല്ലാ ഗ്രാമങ്ങളിലും ബ്രോഡ്ബാന്‍ഡ് ഹൈവേകള്‍. രാജ്യത്തെ തുറമുഖങ്ങള്‍ നവീകരിക്കും. പുതിയ തുറമുഖങ്ങള്‍ തുടങ്ങും. അതിവേഗ റെയില്‍ ഇടനാഴി തുടങ്ങും. ഇന്ത്യന്‍ ഭാഷകളില്‍ ഇന്റര്‍നെറ്റിലും ലഭ്യമാക്കും. ലോകോത്തരനിലവാരമുള്ള 100 നഗരങ്ങള്‍ നിര്‍മ്മിക്കും. ഹിമാലയത്തിനായി ദേശീയ പദ്ധതി തുടങ്ങും. ഗംഗാ ശുചീകരണത്തിന് പുതിയ പദ്ധതി. സാഗര്‍മാല എന്ന പേരില്‍ ജലഗാതഗത പദ്ധതി നടപ്പാക്കും. ഭരണനിര്‍വഹണത്തില്‍ നവമാധ്യമങ്ങളെ ഉപയോഗപ്പെടുത്തും. നവീന സാങ്കേതിവിദ്യയുടെ സഹായത്തോടെ പ്രതിരോധമേഖലയെ ശക്തിപ്പെടുത്തും. ദേശീയ യുദ്ധ സ്മാരകം നിര്‍മ്മിക്കും. സൈനികര്‍ക്ക് ഒരേ റാങ്കിന് ഒരേ പെന്‍ഷന്‍ പദ്ധതി നടപ്പാക്കും.

ബേട്ടി ബചാവോ ബേട്ടി പഠാവോ എന്ന പേരില്‍ പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിനായി പ്രത്യേക പദ്ധതി. ദേശീയ മാരിടൈം അതോറിറ്റി രൂപവത്കരിക്കുമെന്നും നയപ്രഖ്യാപന പ്രസംഗത്തില്‍ രാഷ്ട്രപതി പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.