You are Here : Home / News Plus

ഗൂഢാലോചനയില്‍ വി.എസിനെ പങ്കാളിയാക്കാന്‍ നോക്കേണ്ട - പിണറായി

Text Size  

Story Dated: Saturday, February 08, 2014 07:47 hrs UTC

ടി.പി വധ അന്വേഷണം സി.ബി.ഐക്ക് വിടണമെന്ന ആവശ്യമുയര്‍ത്തി രമ നടത്തിയ സത്യഗ്രഹവുമായി ബന്ധപ്പെട്ട് വലിയ ഗൂഢാലോചന നടന്നിരുന്നുവെന്നും അതില്‍ വി.എസിനെ പങ്കാളിയാക്കാന്‍ ആരും നോക്കേണ്ടെന്നും സി.പി.എം സംസ്ഥാനസെക്രട്ടറി പിണറായി വിജയന്‍. കേരള രക്ഷാമാര്‍ച്ച് നയിച്ച് പത്തനംതിട്ടയില്‍ എത്തിയ അദ്ദേഹം ഗസ്റ്റ് ഹൗസില്‍ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു.
വി.എസ് മുഖ്യമന്ത്രിക്ക് കത്തയച്ച വിഷയത്തില്‍ അവ്യക്തത ഉണ്ടായിരുന്നവെന്നും അതിനാലാണ് കത്തയച്ചത് ആരെന്ന് അന്വേഷിക്കണമെന്ന് കഴിഞ്ഞ ദിവസം താന്‍ ആവശ്യപ്പെട്ടതെന്നും പിണറായി പറഞ്ഞു. വി.എസിന്‍റെ  ഓഫീസുമായി ബന്ധപ്പെട്ട ഓഫീസ് സെക്രട്ടറിയും പ്രസ് സെക്രട്ടറിയുമൊക്കെ വി.എസ് കത്തയച്ചു എന്ന വാര്‍ത്ത നിഷേധിക്കുകയുണ്ടായി. വി.എസ് അറിയാതെ അവര്‍ നിഷേധിക്കില്ലെന്ന് കരുതിയാണ്  താന്‍ കത്തയച്ചതാരെന്ന് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടത്.കോണ്‍ഗ്രസിലെ ഭരണ രംഗവുമായി ബന്ധപ്പെട്ട ഒരുവിഭാഗം, ഇത്തരം കാര്യങ്ങള്‍ നന്നായി സ്പോണ്‍സര്‍ ചെയ്യുന്ന യു.ഡി.എഫിലെ ചില കക്ഷികള്‍, ആര്‍.എം.പി ഇവരെല്ലാം കൂടിയുള്ള ഒരു ഗൂഡാലോചന നേരത്തെ നടന്നിരുന്നു. അതിന്‍റെ  ഭാഗമായാണ് രമ നിരാഹാരം കിടന്നത്. അതിനിടക്ക് സി.ബി.ഐ അന്വേഷണ തീരുമാനം പ്രഖ്യാപിക്കുക. വിജയശ്രീലാളിതയായി സുസ്മേര വദനയായി രമ കൈയും വീശി തിരികെ പോകുക. ഞങ്ങള്‍ വിജയിച്ചിരിക്കുന്നുവെന്ന് പറയുക. എന്നിവയായിരുന്നു പദ്ധതിയിട്ടിരുന്നത്. അത് മുഴുവനും ചീറ്റിപ്പോയി. അതിനിടക്ക് സമരപ്പന്തല്‍ വി.എസ് സന്ദര്‍ശിക്കാന്‍ പോകുന്നു എന്നു പറഞ്ഞു. എന്ത് അടിസ്ഥാനത്തിലാണ് അങ്ങനെയെല്ലാം പറഞ്ഞതെന്ന് അറിയില്ല.

ഇവിടെ ഗൂഢാലോചന നടത്തിയത് ഇവരാണ്. ആ ഗൂഢാലോചനയുടെ ഭാഗമാക്കി വി.എസിനെ മാറ്റാന്‍ ആരും ശ്രമിക്കണ്ട. അത്രയെ പറയുന്നുള്ളൂ. ടി.പി വധ അന്വേഷണത്തില്‍ പാര്‍ട്ടി നിലപാട് വ്യക്തമാക്കിയിട്ടുണ്ട്. ആ നിലപാട് എടുത്തത് വി.എസിന്റെയും  സാന്നിധ്യത്തിലാണ്. എന്നിട്ടും വി.എസ് കത്തെഴുതിയതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ അദ്ദേഹത്തോട് ചോദിക്കുക. തനിക്ക് അതിന് മറുപടി പറയാനാവില. രമക്ക് വേണ്ടത് പിണറായി വിജയനെ പ്രതിയാക്കുകയാണ്. ആ ആവശ്യം അവര്‍ കുറെ കാലമായിട്ട് കൊണ്ട് നടക്കുന്നുണ്ട്. താന്‍ അതിലേക്ക് ഇപ്പോള്‍ ഒന്നും പറയുന്നില്ലെന്നും  പിണറായി പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.