You are Here : Home / News Plus

മരണദിനവും തരൂരും സുനന്ദയും വഴക്കിട്ടെന്ന്‌ സുനന്ദയുടെ സഹായി നാരായണ്‍

Text Size  

Aswamedham News Team

mail@aswamedham.com

Story Dated: Monday, January 20, 2014 02:05 hrs UTC


സുനന്ദ പുഷ്‌കറിന്റെ മരണവുമായി ബന്ധപ്പെട്ട്‌ ചില സംഗതികള്‍ കൂടി പുറത്ത്‌. ട്വിറ്റര്‍ യുദ്ധം തുടങ്ങിയതു മുതല്‍ തരൂരും സുനന്ദയുമായി നിരന്തരം പോരടിക്കുകയായിരുന്നുവെന്ന്‌ സുനന്ദയുടെ സഹായി നാരായണ്‍ കേസന്വേഷിക്കുന്ന സബ്‌ ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ്‌ മുമ്പാകെ മൊഴി നല്‍കി. കഴിഞ്ഞ ഒരാഴ്‌ചയായുള്ള കലഹം സുനന്ദയുടെ മരണദിവസം പുലര്‍ച്ചെ 4.30 വരെ തുടര്‍ന്നുവെന്ന്‌ നാരായണ്‍ പറഞ്ഞു. വെള്ളിയാഴ്‌ചരാത്രിയാണ്‌ എസ്‌ഡിഎം സുനന്ദയുടെ രണ്ടു സഹായികളുടെയും മൊഴിയെടുത്തത്‌. അതിനു ശേഷം ഡല്‍ഹി പോലീസും അവരെ ചോദ്യം ചെയ്‌തു. ഡല്‍ഹി പോലീസ്‌ തരൂരിനെയും ചോദ്യം ചെയ്‌തിട്ടുണ്ട്‌. തിരുവനന്തപുരം യാത്രയിലും നാരായണ്‍ ഇവര്‍ക്കൊപ്പമുണ്ടായിരുന്നു. അവിടെ വെച്ചും പാകിസ്ഥാനി പത്രപ്രവര്‍ത്തകയുടെ കാര്യം പറഞ്ഞ്‌ സുനന്ദ തരൂരുമായി വഴക്കിട്ടിരുന്നു. മൂന്നു ദിവസം കിംസില്‍ ചികിത്സയിലായിരുന്ന സുനന്ദ 15 ന്‌ ഡല്‍ഹിയിലേക്കുള്ള യാത്രയിലും തയരൂരുമായി കലഹിച്ചിരുന്നതായി നാരായണ്‍ പറഞ്ഞു.
ഡല്‍ഹി വിമാനത്താവളത്തില്‍ ഇറങ്ങിയ സുനന്ദ നേരേ വാഷ്‌റൂമിലേക്കാണ്‌ പോയത്‌. 20 മിനിട്ടു കഴിഞ്ഞും പുറത്തു വരാതായപ്പോള്‍ തനിക്കൊരു മീറ്റിങില്‍ പങ്കെടുക്കാനുണ്ടെന്ന്‌ തന്നെ അറിയിച്ച ശേഷം തരൂര്‍ യോഗത്തില്‍ പങ്കെടുക്കാന്‍ പോയി. സുനന്ദ പുറത്തു വന്ന ശേഷം തങ്ങള്‍ നേരെ ചാണക്യപുരിയിലെ ലീല പാലസ്‌ ഹോട്ടലിലേക്കു പോയി അവിടെ സുനന്ദ 307ാം നമ്പര്‍ മുറിയെടുക്കുകയാണുണ്ടായതെന്നും നാരായണ്‍ പറഞ്ഞു. പിന്നീട്‌ തരൂര്‍ വിളിക്കുകയും രണ്ടാളും കൂടി 342ാം നമ്പര്‍ മുറിയെടുക്കുകയും ചെയ്‌തു. പിന്നീട്‌ ബുധനാഴ്‌ച വൈകുന്നേരത്തോടെ രണ്ടാളും ഒരുമിച്ച്‌ 345ാം റൂമിലേക്ക്‌ മാറുകയാണുണ്ടായത്‌. . അവിടെയെത്തിയ ശേഷവും ജനുവരി 15 നും 16 നും രണ്ടു പേരും തമ്മില്‍ കലഹമായിരുന്നുവെന്ന്‌ നാരായണ്‍ പറഞ്ഞു. താന്‍ റൂമിന്‌ പുറത്തുണ്ടായിരുന്നുവെന്നും അവര്‍ പരസ്‌പരം പറയുന്നതെല്ലാം താന്‍ കേട്ടിരുന്നുവെന്നും നാരായണ്‍ പറഞ്ഞു. വഴക്കിനു ശേഷം തരൂര്‍ സോഫയില്‍ കിടന്നു. ആ സമയം സുനന്ദ രണ്ടു വനിതാ ടെലിവിഷന്‍ മാധ്യമപ്രവര്‍ത്തകരുമായി ഫോണില്‍ സംസാരിച്ചു കൊണ്ടിരുന്നു. വെള്ളിയാഴ്‌ച രാവിലെ തരൂര്‍ ഉണര്‍ന്ന്‌ എ ഐ സി സി സമ്മേളനത്തില്‍ പങ്കെടുക്കാനായി പോയി. 11 മണിയോടെ നാരായണ്‍ ഡ്രൈവര്‍ ബജ്രംഗിയെ ജോലി ഏല്‍പ്പിച്ച്‌ പോയി. ഉച്ചക്ക്‌ തരൂരിന്റെ പേഴ്‌സണല്‍ അസിസ്റ്റന്റ്‌ ആര്‍കെ ശര്‍മയും ഒരു മാധ്യപ്രവര്‍ത്തകയും കാണാന്‍ എത്തിയിരുന്നെങ്കിലും സുനന്ദ അവരെ കാണാന്‍ കൂട്ടാക്കിയില്ല. മുതിര്‍ന്ന മാധ്യമപ്രവര്‍ത്തക നളിനി സിംഗുമായാണ്‌ ,സുനന്ദ അവസാനമായി സംസാരിച്ചത്‌. നാലരക്കും അഞ്ചരക്കും ഡ്രൈവര്‍ രണ്ടു തവണ വാതിലില്‍ മുട്ടി വിളിച്ചിട്ടും തുറക്കാത്തതിനെ തുടര്‍ന്നാണ്‌ തരൂരിനെ വിവരമറിയിക്കുന്നത്‌. പോസ്‌ററുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ സുനന്ദയുടെ ശരീരത്തില്‍ കാണപ്പെട്ട മുറിവുകള്‍ അന്നത്തെ അടിപിടിയില്‍ സംഭവിച്ചതാകാമെന്നും നാരായണ്‍ പറഞ്ഞു. കഴിഞ്ഞ അഞ്ചു ദിവസത്തോളമായി സുനന്ദ ഭക്ഷണം കഴിച്ചിരുന്നില്ലെന്നും നാരായണ്‍ പറഞ്ഞു. ജനുവരി 26 ന്‌ ചിക്കന്‍ സൂപ്പും കിച്ച്രിയും ഓര്‍ഡര്‍ ചെയ്‌തെങ്കിലും ഒന്നും കഴിച്ചിരുന്നില്ല. ഇളനീര്‌ മാത്രമാണ്‌ കഴിച്ചത്‌. ഇതിനിടെ സ്ലീപ്പിംഗ്‌ പില്‍സ്‌ ധാരാളം കഴിച്ചു. നിരന്തരമായി സിഗരറ്റും വലിച്ചിരുന്നു അല്‍പ്രാക്‌സ്‌ ഗുളികയുടെ സ്‌ട്രിപ്പുകള്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ റൂമില്‍ നിന്നും കണ്ടെടുത്തിരുന്നു. രാജസ്ഥാന്‍ സ്വദേശിയായ നാരായണ്‍ നാലു വര്‍ഷമായി സുനന്ദക്കൊപ്പമുണ്ട്‌.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.