You are Here : Home / News Plus

ഇറോം ശര്‍മിളയെ വീട്ടുതടങ്കലില്‍ നിന്ന് മോചിപ്പിച്ചു

Text Size  

Story Dated: Wednesday, August 20, 2014 05:39 hrs UTC

ഇംഫാല്‍: അഫ്സ്പ നിയമത്തിനെതിരെ 14 വര്‍ഷമായി നിരാഹാരസമരം നടത്തുന്ന മനുഷ്യാവകാശ പ്രവര്‍ത്തക ഇറോം ശര്‍മിളയെ വീട്ടുതടങ്കലില്‍ നിന്ന് മോചിപ്പിച്ചു. മണിപ്പൂര്‍ കോടതിയുടെ ഉത്തരവിനെ തുടര്‍ന്ന് ഇന്ന് വൈകിട്ട് അഞ്ചുമണിയോടെയാണ് ഇറോം ശര്‍മിളയെ മോചിപ്പിച്ചത്. അഫ്സ്പ നിയമത്തിനെതിരെ നിരാഹാരസമരം തുടരുമെന്ന് ഇറോം ശര്‍മിള മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
തുടര്‍ച്ചയായ നിരാഹാരത്തെ തുടര്‍ന്ന് ആത്മഹത്യാശ്രമക്കുറ്റം ചുമത്തിയാണ് ഇറോം ശര്‍മിളയെ തടങ്കലില്‍വെച്ചിരുന്നത്. എന്നാല്‍, ഇറോമിനെതിരെ ഇന്ത്യന്‍ ശിക്ഷാനിയമം 309ാം വകുപ്പുപ്രകാരം ആത്മഹത്യാശ്രമക്കുറ്റം തെളിയിക്കാന്‍ പ്രോസിക്യൂഷന് കഴിഞ്ഞില്ളെന്ന് ചൂണ്ടിക്കാട്ടിയ മണിപ്പൂര്‍ കോടതി അവരെ ഉടന്‍ മോചിപ്പിക്കാന്‍ ചൊവ്വാഴ്ച ഉത്തരവിടുകയായിരുന്നു.
2000 നവംബറില്‍ ഇംഫാല്‍ വിമാനത്താവളത്തിനടുത്ത് അസം റൈഫിള്‍സ് ജവാന്മാര്‍ നടത്തിയ വെടിവെപ്പില്‍ 10 സിവിലിയന്മാര്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്നാണ് സൈന്യത്തിന് സവിശേഷ അവകാശങ്ങള്‍ നല്‍കുന്ന അഫ്സ്പ (ആംഡ് ഫോഴ്സസ് സ്പെഷല്‍ പവര്‍ ആക്ട്) പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ഇറോം ശര്‍മിള അനിശ്ചിതകാല നിരാഹാരം തുടങ്ങിയത്. ഉത്തരവില്ലാതെ ആരെയും വെടിവെക്കാനും വാറന്‍റില്ലാതെ അറസ്റ്റുചെയ്യനും എവിടെയും തിരച്ചില്‍നടത്താനും അഫ്സ്പ നിയമം സൈന്യത്തിന് അധികാരം നല്‍കുന്നു.
നിരാഹാരത്തെ തുടര്‍ന്ന് ആരോഗ്യസ്ഥിതി മോശമായതോടെ മണിപ്പൂരില്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ശര്‍മിളക്ക് മൂക്കില്‍ ട്യൂബ് ഘടിപ്പിച്ച് ആഹാരം നല്‍കിയാണ് ജീവന്‍ നിലനിര്‍ത്തിയിരുന്നത്. മോചനം സാധ്യമായാല്‍ അധികൃതര്‍ക്ക് നിര്‍ബന്ധിച്ച് അവരെ ഭക്ഷണം കഴിപ്പിക്കാനാവില്ലെന്നത് അവരുടെ ജീവന്‍ അപകടത്തിലാക്കും.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.