You are Here : Home / News Plus

വിശുദ്ധരായി ജോണ്‍ ഇരുപത്തിമൂന്നാമന്‍ മാര്‍പാപ്പയും ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയും

Text Size  

Story Dated: Sunday, April 27, 2014 09:02 hrs UTC

ജോണ്‍ ഇരുപത്തിമൂന്നാമന്‍ മാര്‍പാപ്പയെയും ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയെയും ഫ്രാന്‍സീസ് മാര്‍പാപ്പ വിശുദ്ധരായി പ്രഖ്യാപിച്ചു. ചടങ്ങില്‍ ഫ്രാന്‍സിസ് മാര്‍പാപ്പയുടെ മുന്‍ഗാമി ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പയും പങ്കെടുത്തു. പ്രാദേശിക സമയം ഞായറാഴ്ച രാവിലെ സെന്റ് പീറ്റേഴ്‌സ് ബസിലിക്കയില്‍ പ്രത്യേകം തയാറാക്കിയ ബലിവേദിയില്‍ അര്‍പ്പിക്കപ്പെട്ട ദിവ്യബലിയോടെയാണ് തിരുക്കര്‍മങ്ങള്‍ ആരംഭിച്ചത്. റോമാ രൂപതയുടെ വികാരി ജനറാള്‍ കര്‍ദിനാള്‍ അഗസ്തീനോ വല്ലീനിയും പോളണ്ടിലെ ക്രാക്കോ ആര്‍ച്ച്ബിഷപ്പും 27 വര്‍ഷം ജോണ്‍ പോള്‍ രണ്ടാമന്റെ പ്രൈവറ്റ് സെക്രട്ടറിയുമായിരുന്ന കര്‍ദിനാള്‍ സ്റ്റനിസ്‌ലാവ് ഡീവിസും ജോണ്‍ 23-ാമന്റെ ജന്മസ്ഥലമായ സോത്തോ ഇല്‍ മോന്തേ ഉള്‍ക്കൊള്ളുന്ന ബെര്‍ഗാമോ രൂപതയുടെ അധ്യക്ഷന്‍ ബിഷപ് ഡോ. ഫ്രാന്‍ചേസ്‌കോ ബേസ്‌കിയും മുഖ്യ സഹകാര്‍മികരായി. മെത്രാന്മാരുടെ നിരയിലായിരുന്നു സ്ഥാനത്യാഗം ചെയ്ത ബനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പയുടെ സ്ഥാനം. 150 കര്‍ദിനാള്‍മാരും 850 മെത്രാന്മാരും 6000 വൈദികരും തിരുക്കര്‍മങ്ങളില്‍ സംബന്ധിച്ചു.

ദിവ്യബലി മധ്യേയുള്ള സുവിശേഷം ലാറ്റിന്‍, ഗ്രീക്ക് ഭാഷകളില്‍ വായിച്ചു. ഇറ്റാലിയന്‍, പോളീഷ് ഭാഷകളില്‍ ലേഖനവും വായിച്ചു. സ്പാനിഷ്, ഇംഗ്ലീഷ്, അറബി, ഫ്രഞ്ച്, ചൈനീസ് എന്നീ ഭാഷകളില്‍ വിശ്വാസ പ്രമാണം ചൊല്ലി. 300 അംഗങ്ങളുള്ള സിസ്റ്റൈന്‍ ചാപ്പല്‍ ക്വയറും റോമാ രൂപതാ ക്വയറും തിരുക്കര്‍മങ്ങളില്‍ ഗാനങ്ങളാലപിച്ചു. മോണ്‍. മാര്‍ക്കോ ഫ്രൂസിയാന, മോണ്‍. മാക്‌സിമോ പ്ലംബോല എന്നിവര്‍ക്കായിരുന്നു ക്വയറിന്റെ ചുമതല.

വിശുദ്ധരാക്കപ്പെടുന്നവരുടെ തിരുശേഷിപ്പുകള്‍ അള്‍ത്താരയില്‍ മാര്‍പാപ്പ ഏറ്റുവാങ്ങി. ജോണ്‍ പോള്‍ രണ്ടാമന്റെ തിരുശേഷിപ്പ്, അദ്ദേഹത്തിന്റെ മധ്യസ്ഥതയില്‍ അദ്ഭുത രോഗശാന്തി ലഭിച്ച കോസ്റ്റാറിക്കക്കാരി ഫ്‌ളോറ ബത്ത മോറയും കുടുംബവും സംവഹിച്ചു. ജോണ്‍ ഇരുപത്തിമൂന്നാമന്റെ തിരുശേഷിപ്പ് അദ്ദേഹത്തിന്റെ ബന്ധുക്കളായ നാലു പേര്‍ അള്‍ത്താരയിലെത്തിച്ചു. തിരുക്കര്‍മങ്ങള്‍ക്കുശേഷം പോപ്പ് മൊബീലില്‍ ഫ്രാന്‍സിസ് മാര്‍പാപ്പ തീര്‍ഥാടകര്‍ക്കിടയിലൂടെ സഞ്ചരിച്ച് ആശീര്‍വാദം നല്‍കി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.