You are Here : Home / News Plus

യുഎഇയില്‍ സൂപ്പര്‍മാര്‍ക്കറ്റ് ശൃംഖല അടച്ചുപൂട്ടി ഉടമയായ മലയാളി രാജ്യം വിട്ടു

Text Size  

Story Dated: Saturday, December 15, 2018 08:44 hrs UTC

യുഎഇയില്‍ സൂപ്പര്‍മാര്‍ക്കറ്റ് ശൃംഖല അടച്ചുപൂട്ടി മലയാളിയായ ഉടമ രാജ്യം വിട്ടു. നാല് പതിറ്റാണ്ടുകളായി യുഎഇയിലെ പ്രവര്‍ത്തിക്കുന്ന അല്‍ മനാമ ഗ്രൂപ്പിനെതിരെയാണ് ശമ്പളം മുടങ്ങിയ ജീവനക്കാരും കോടിക്കണക്കിന് രൂപ കിട്ടാനുള്ള വിതരണക്കാരും രംഗത്തെത്തിയിരിക്കുന്നതെന്ന് ഖലീജ് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. നൂറുകണക്കിന് ജീവനക്കാര്‍ക്ക് ശമ്പളം നല്‍കാതെയും ബാങ്കുകള്‍ക്കും സാധനങ്ങള്‍ വിതരണം ചെയ്തവര്‍ക്കും പണം നല്‍കാതെയുമാണ് അപ്രതീക്ഷിതമായി സ്ഥാപനം അടച്ചുപൂട്ടിയത്. അതേസമയം എല്ലാ പ്രതിസന്ധികളും ഉടന്‍ തീരുമെന്ന് പ്രതീക്ഷിക്കുന്നതായി അബ്ദുല്‍ ഖാദര്‍ സബീര്‍ ഖലീജ് ടൈംസിന് അയച്ച വോയിസ് മെസേജില്‍ പറയുന്നു. മലയാളിയായ അബ്ദുല്‍ ഖാദര്‍ സബീറിന്റെ ഉടമസ്ഥതയിലുള്ള അല്‍ മനാമ ഗ്രൂപ്പില്‍ കഴിഞ്ഞ ജൂണ്‍ മുതലാണ് സാമ്പത്തിക പ്രതിസന്ധി ഉടലെടുത്തതെന്ന് വിതരണക്കാര്‍ മാധ്യമങ്ങളോട് പറഞ്ഞു. അല്‍ മനാമ സൂപ്പര്‍ മാര്‍ക്കറ്റുകളിലേക്ക് സാധനങ്ങള്‍ എത്തിച്ചിരുന്ന നൂറോളം വിതരണക്കാരുടെ പ്രതിനിധികള്‍ കഴിഞ്ഞ ദിവസം ഒരുമിച്ച് കൂടിയാണ് മാനേജ്മെന്റിനെതിരായ ആരോപണങ്ങള്‍ ഉന്നയിച്ചത്. കോടിക്കണക്കിന് ദിര്‍ഹമാണ് ഇവര്‍ക്ക് സ്ഥാപനത്തില്‍ നിന്ന് കിട്ടാനുള്ളത്. അല്‍ മനാമയുടെ ഓഫീസില്‍ വിളിച്ചാല്‍ ആരും ഫോണെടുക്കാറില്ല. സീനിയര്‍ മാനേജ്മെന്റ് തലത്തിലുണ്ടായിരുന്നവരെ ബന്ധപ്പെടാന്‍ കഴിയുന്നില്ലെന്നും ഇവര്‍ ആരോപിച്ചു. ലോക്കല്‍ സ്‍പോണ്‍സര്‍ പോലും അറിയാതെയാണ് അബ്ദുല്‍ ഖാദര്‍ സബീര്‍ രാജ്യം വിട്ടത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.