You are Here : Home / News Plus

വനിതാ മതില്‍ തീര്‍ക്കുന്നതിനെതിരെ ചെന്നിത്തല

Text Size  

Story Dated: Sunday, December 02, 2018 10:23 hrs UTC

ശബരിമല യുവതീപ്രവേശന വിധിയുടെ മറവില്‍ നടക്കുന്ന രാഷ്ട്രീയ സമരങ്ങളെ പ്രതിരോധിക്കാന്‍ ജനുവരി ഒന്നിന് എല്‍ ഡി എഫ് സര്‍ക്കാര്‍ കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെ വനിതാ മതില്‍ തീര്‍ക്കുന്നതിനെതിരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രംഗത്ത്.

സര്‍ദ്ദാര്‍ വല്ലഭായി പട്ടേലിന്റെ പ്രതിമ നിര്‍മിച്ച്‌ സ്വാതന്ത്ര്യ സമരത്തിന്റെ പിതൃത്വം അവകാശപ്പെടാന്‍ ശ്രമിക്കുന്ന പോലെയാണ് നവോത്ഥാന പ്രസ്ഥാനവുമായി ഒരു ബന്ധവുമില്ലാത്ത കമ്മ്യൂണിസ്റ്റ് പാര്‍ട്ടി അതിന്റെ പിതൃത്വം അവകാശപ്പെടാന്‍ ശ്രമിക്കുന്നതെന്നും രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി.

മനുഷ്യചങ്ങല, മനുഷ്യമതില്‍ തുടങ്ങിയതെല്ലാം ഡി.വൈ.എഫ്.ഐയുടെയോ സി.പി.എമ്മിന്റെയോ പരിപാടിയായിട്ടാണ് കേരളം കണ്ടിട്ടുള്ളത്. സര്‍ക്കാര്‍ ചെലവില്‍ പാര്‍ട്ടി പരിപാടി നടത്താന്‍ വേണ്ടി ഏതാനും സംഘടനകളെ വിളിച്ച്‌ വരുത്തി വനിതാ മതില്‍ എന്ന പരിപാടി നടത്താന്‍ തീരുമാനിച്ചത് അങ്ങേയറ്റം നിഷേധാര്‍ഹമായ കാര്യമാണെന്നാണ് ചെന്നിത്തലയുടെ അഭിപ്രായം. 

എന്നാല്‍ സി.പി.എം ഔദ്യോഗികമായി വനിതാ മതില്‍ നടത്തുന്നതില്‍ തെറ്റില്ല. അല്ലെങ്കില്‍ സി.പി.എമ്മിന്റെ വനിത സംഘടന നടത്തുന്നതിലും തെറ്റില്ല. ജനങ്ങളുടെ പണം ഉപയോഗിച്ച്‌ ഇത്തരം രാഷ്ട്രീയ പരിപാടികള്‍ നടത്തുന്നതിനോട് യു.ഡി.എഫ് ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുകയാണെന്നും അദ്ദേഹം പറഞ്ഞു. 

സര്‍ക്കാര്‍ നടത്തുന്ന വനിതാ മതില്‍ പഞ്ചസാരയില്‍ പൊതിഞ്ഞ പാഷാണമാണെന്നും ഇത് സാമുദായിക സ്പര്‍ദ്ധ വളര്‍ത്താന്‍ ഇടയാക്കുമെന്നും ചെന്നിത്തല ആരോപിച്ചു. തിരുവനന്തപുരത്ത് ചേര്‍ന്ന വാര്‍ത്ത സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു ചെന്നിത്തല.

പ്രളയത്തില്‍ മുങ്ങിത്താണ കേരളത്തിനെ അതില്‍ നിന്ന് മോചിതമാക്കാന്‍ പണമില്ലാതെ കഷ്ടപ്പെടുമ്ബോള്‍ ഇത്തരം രാഷ്ട്രീയ പരിപാടികള്‍ക്ക് വേണ്ടി സര്‍ക്കാര്‍ പണം ദുരുപയോഗം ചെയ്യുന്നത് ശരിയായ നടപടിയല്ലെന്നും ചെന്നിത്തല അറിയിച്ചു. 

കഴിഞ്ഞദിവസം നടന്ന യോഗത്തില്‍ മുഖ്യമന്ത്രിയോ സാംസ്‌കാരിക മന്ത്രിയോ മാത്രമായിരുന്നില്ല പങ്കെടുത്തത്. ചീഫ് സെക്രട്ടറിമാരുള്‍പ്പടെ പങ്കെടുത്തിരുന്നു. അപ്പോള്‍ അത് സര്‍ക്കാരിന്റെ ഔദ്യോഗിക പരിപാടിയാണ്. ക്ഷേത്ര പ്രവേശനത്തിന്റെ വാര്‍ഷികം ഒരിക്കലും സര്‍ക്കാര്‍ ആഘോഷിച്ചിരുന്നില്ല. ഇത്തവണ 82-ാം വാര്‍ഷികം ആഘോഷിച്ചത് ലക്ഷക്കണക്കിന് രൂപ ഗജനാവില്‍ നിന്ന് ചെലവഴിച്ചാണെന്നും ചെന്നിത്തല ആരോപിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.