You are Here : Home / News Plus

മദ്യം ഇനി ഫൈവ്സ്റ്റാര്‍ ഹോട്ടലുകളില്‍ മാത്രം

Text Size  

Story Dated: Thursday, August 21, 2014 03:29 hrs UTC

തിരുവനന്തപുരം: ഘട്ടം ഘട്ടമായി സമ്പൂര്‍ണ മദ്യ നിരോധം എന്ന ലക്ഷ്യത്തിലേക്ക് യു.ഡി.എഫ് സര്‍ക്കാര്‍. സംസ്ഥാനത്ത് അടുത്ത ഏപ്രില്‍ ഒന്നു മുതല്‍ ഫൈവ് സ്റ്റാര്‍ ഹോട്ടലുകള്‍ക്ക് മാത്രം ബാര്‍ ലൈസന്‍സ് അനുവദിച്ചാല്‍ മതിയെന്ന് യു.ഡി.എഫ് യോഗം തീരുമാനിച്ചു. പൂട്ടിക്കിടക്കുന്ന നിലവാരമില്ലാത്ത 418 ബാറുകള്‍ തുറക്കില്ല. നിലവില്‍ പ്രവര്‍ത്തിക്കുന്ന 312 ബാറുകളും അടക്കും. ഞായറാഴ്ച ഡ്രൈ ഡേ ആക്കാനും തീരുമാനമായി. യു.ഡി.എഫ് യോഗത്തിനു ശേഷം മുഖ്യമന്ത്രിയാണ് ഇക്കാര്യം പ്രഖ്യാപിച്ചത്.
ബിവറേജസ് പുതിയ ഒൗട്ട് ലെറ്റുകള്‍ തുറക്കില്ല. ഓരോ വര്‍ഷവും പത്ത് ശതമാനം വീതം ബിവറേജസ് ഒൗട്ട് ലെറ്റുകള്‍ പൂട്ടും. ഒൗട്ട് ലെറ്റുകള്‍ പൂട്ടുന്നതോടെ പത്തു വര്‍ഷം കൊണ്ട് സമ്പൂര്‍ണ മദ്യ നിരോധം എന്ന ലക്ഷ്യത്തിലേക്കെത്തുമെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു. ബിവറേജസ് കോര്‍പറേഷന്‍ വഴി വിതരണം ചെയ്യുന്ന മദ്യത്തിന്‍റെ വീര്യം കുറക്കും. ഞായറാഴ്ചകളില്‍ മദ്യവില്‍പന ഇല്ലാതാകുന്നതോടെ സംസ്ഥാനത്ത് ഡ്രൈ ഡേകളുടെ എണ്ണം 52 ആകും. ബിവറേജസ് വരുമാനത്തിന്‍റെ ഒരു ശതമാനം മദ്യത്തിനെതിരായ ബോധവത്കരണത്തിന് മാറ്റിവെക്കും.
അതേസമയം പരമ്പരാഗത കള്ള് വ്യവസായത്തെ സംരക്ഷിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. പൂട്ടുന്ന ബാറുകളിലെ തൊഴിലാളികള്‍ക്ക് സ്വയം തൊഴില്‍ കണ്ടെത്താന്‍ സഹായം നല്‍കും. തൊഴില്‍ നഷ്ടപ്പെടുന്നവരുടെ പുനരധിവാസവും മദ്യപാനികളുടെ ചികില്‍സയും ലക്ഷ്യമിട്ട് പുനര്‍ജനി 2030 എന്ന പേരില്‍ പ്രത്യേക പദ്ധതി കൊണ്ടുവരുമെന്നും മുഖ്യമന്ത്രി പറഞ്ഞു. യു.ഡി.എഫ് യോഗത്തിനു ശേഷം കണ്‍വീനര്‍ പി.പി തങ്കച്ചനു പകരം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയാണ് മാധ്യമങ്ങളെ തീരുമാനങ്ങള്‍ അറിയിച്ചത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.