You are Here : Home / News Plus

മ്അദനിക്ക് ജാമ്യം

Text Size  

Story Dated: Friday, July 11, 2014 03:41 hrs UTC

ന്യൂഡല്‍ഹി: ബംഗളൂരു സ്ഫോടനകേസില്‍ വിചാരണാ തടവുകാരനായ പി.ഡി.പി ചെയര്‍മാന്‍ അബ്ദുനാസര്‍ മഅ്ദനിക്ക് ജാമ്യം. ഉപാധികളോടെ ഒരു മാസത്തെ ജാമ്യമാണ് സുപ്രീംകോടതി അനുവദിച്ചത്. ജാമ്യം നല്‍കാതിരിക്കാന്‍ കര്‍ണാടക സര്‍ക്കാര്‍ ഉന്നയിച്ച എല്ലാ വാദങ്ങളും തള്ളിക്കൊണ്ടാണ് ജസ്റ്റിസ് ജെ. ചലമേശ്വര്‍, ശിവകീര്‍ത്തി സിങ് എന്നിവരടങ്ങുന്ന ബെഞ്ച് ജാമ്യം അനുവദിച്ചത്. 2010 ആഗസ്റ്റ് 17നാണ് സ്ഫോടന കേസുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് കര്‍ണാടക പൊലീസ് മഅ്ദനിയെ അറസ്റ്റ് ചെയ്തത്. വിചാരണ തടവുകാരനായി മൂന്നര വര്‍ഷത്തിലധികമായി ബംഗളൂരു പരപ്പന അഗ്രഹാര ജയിലില്‍ കഴിയുകയാണ് മഅ്ദനി.
ജാമ്യ കാലയളവില്‍ കേരളത്തിലേക്ക് പോകരുത്, ബംഗളൂരുവില്‍ തന്നെ കഴിയണം, ജാമ്യത്തുകയായി ഒരു ലക്ഷം രൂപ മഅ്ദനി കെട്ടിവെക്കണം, വേണ്ട സുരക്ഷ കര്‍ണാടക പൊലീസ് നല്‍കണം, സാക്ഷികളെ സ്വാധീനിക്കുന്നുണ്ടോയെന്ന് നിരീക്ഷിക്കണം, സ്വന്തം ചെലവില്‍ ചികിത്സ തേടാം, ചികിത്സക്കായി ഏത് ആശുപത്രിയെയും സമീപിക്കാം തുടങ്ങിയ ഉപാധികളാണ് സുപ്രീംകോടതി മുന്നോട്ടുവെച്ചത്. ആഗസ്റ്റ് 11ന് കേസ് വീണ്ടും കോടതി പരിഗണിക്കും. ആവശ്യമെങ്കില്‍ ജാമ്യം നീട്ടുന്ന കാര്യം അന്ന് പരിഗണിക്കുമെന്നും സുപ്രീംകോടതി വ്യക്തമാക്കി.
വിചാരണ തടവുകാരനായി നാലുവര്‍ഷം ജയിലില്‍ കിടന്നിട്ടും വേണ്ട ചികിത്സ ലഭ്യമാക്കാന്‍ കര്‍ണാടക സര്‍ക്കാര്‍ പരാജയപ്പെട്ടു. വിഷയത്തില്‍ സര്‍ക്കാര്‍ നിലപാട് തൃപ്തികരമല്ല. ആരോഗ്യ പ്രശ്നങ്ങള്‍ നേരിടുന്നതു കൊണ്ടും വിചാരണ നീളുന്നതും പരിഗണിച്ചാണ് ജാമ്യം അനുവദിക്കുന്നതെന്നും സുപ്രീംകോടതി വ്യക്തമാക്കി.
മഅ്ദനിയുടെ ജാമ്യഹരജിയെ കര്‍ണാടക സര്‍ക്കാര്‍ കോടതിയില്‍ എതിര്‍ത്തു. രാജ്യത്ത് പലയിടത്തും നടന്ന സ്ഫോടനങ്ങളില്‍ മഅ്ദനിക്ക് പങ്കുണ്ടെന്ന് കര്‍ണാടകയുടെ അഭിഭാഷകന്‍ വാദിച്ചു. മഅ്ദനിക്കെതിരെ സുപ്രധാന തെളിവുകളുണ്ട്. ബംഗളൂരുവില്‍ നടന്ന എട്ട് സ്ഫോടങ്ങളുടെ സൂത്രധാരന്‍ മഅ്ദനിയാണ്. ജാമ്യം നല്‍കിയാല്‍ മഅ്ദനി സാക്ഷികളെ സ്വാധീനിക്കുമെന്നും അഭിഭാഷകന്‍ ചൂണ്ടിക്കാട്ടി.
വിദഗ്ധ ചികിത്സ നല്‍കാന്‍ സുപ്രീംകോടതി നിര്‍ദേശിച്ചിട്ടും കര്‍ണാടക സര്‍ക്കാര്‍ അത് പാലിച്ചില്ളെന്ന് മഅ്ദനി സുപ്രീംകോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ വ്യക്തമാക്കിയിരുന്നു. കാഴ്ചശക്തി കുറഞ്ഞതിനാല്‍ സ്വന്തം നിലക്ക് ചികിത്സ തേടാന്‍ അനുവദിക്കണമെന്നാണ് മഅ്ദനിയുടെ ആവശ്യം.
അതേസമയം, മഅ്ദനിയുടെ ജാമ്യാപേക്ഷയെ കോടതിയില്‍ എതിര്‍ക്കേണ്ടെന്ന നിലപാടാണ് കേരള സര്‍ക്കാര്‍ സ്വീകരിച്ചത്. ജാമ്യം അനുവദിച്ചാല്‍ സുരക്ഷ ഒരുക്കാന്‍ തയാറാണെന്നും കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ കേരളം വ്യക്തമാക്കിരുന്നു.
കഴിഞ്ഞ മാര്‍ച്ച് 28നാണ് നേത്ര ശസ്ത്രക്രിയക്കായി മഅ്ദനിയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കാന്‍ സുപ്രീംകോടതി കര്‍ണാടക സര്‍ക്കാറിനോട് നിര്‍ദേശിച്ചത്. ഇതിനെതുടര്‍ന്ന് മഅ്ദനിയെ അഗര്‍വാള്‍ കണ്ണാശുപത്രിയിലും സൗഖ്യ ആയുര്‍വേദ ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും ഇതുവരെ നേത്ര ശസ്ത്രക്രിയക്ക് വിധേയനാക്കിയില്ല. കൂടാതെ പ്രമേഹം നിയന്ത്രിക്കാനുള്ള ചികിത്സക്കിടെ നിര്‍ബന്ധിച്ച് ഡിസ്ചാര്‍ജ് വാങ്ങി മഅ്ദനിയെ ജയിലിലേക്ക് മാറ്റുകയാണ് കര്‍ണാടക പൊലീസ് ചെയ്തത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.