You are Here : Home / News Plus

അയോധ്യയില്‍ രാമക്ഷേത്രം, ഏകീകൃത സിവില്‍ കോഡ്: ബി.ജെ.പി. വാഗ്ദാനങ്ങള്‍ ഇങ്ങിനെ

Text Size  

Story Dated: Monday, April 07, 2014 10:25 hrs UTC

ഭരണഘടനയുടെ ചട്ടക്കൂട്ടില്‍ നിന്നുകൊണ്ട് തര്‍ക്ക ഭൂമിയില്‍ രാമക്ഷേത്രം നിര്‍മിക്കുമെന്നും രാജ്യത്ത് ഏക സിവില്‍ കോഡ് നടപ്പാക്കും തുടങ്ങിയ വാഗ്ദാനങ്ങളുമായി ബി.ജെ.പി പ്രകടന പത്രിക പുറത്തിറക്കി.
 40 പേജുകളുള്ള പത്രികയില്‍ സാമ്പത്തിക പുനരുദ്ധാരണവും വികസനവും പാര്‍ട്ടി ഉറപ്പു നല്‍കുന്നു.വിലക്കയറ്റവും തൊഴിലില്ലായ്മയും പരിഹരിക്കുമെന്നും തുടങ്ങിയ വാഗ്ദാനങ്ങളുണ്ട്.
‘ഏക് ഭാരത്, ശ്രേഷ്ഠ ഭാരത്’, ‘സബ്കാ സാത്, സബ്കാ വികാസ്’ എന്നിവയാണ് ബി.ജെ.പിയുടെ മുദ്രാവാക്യം.

ഭരണഘടനയുടെ പരിധിയില്‍ നിന്നുകൊണ്ട് അയോധ്യയിലെ ശ്രീരാമക്ഷേത്രം നിര്‍മിക്കാനുള്ള സകല സാധ്യതകളും ആരായുമെന്നാണ് പ്രകടനപത്രികയില്‍ പറയുന്നത്. അതുപോലെ ഗോവധം നിരോധിക്കണമെന്ന ഉറച്ച നിലപാടുള്ള പാര്‍ട്ടി ഗോസംരക്ഷണത്തിനുവേണ്ടി നിയമനിര്‍മാണം നടത്തുമെന്നാണ് പറയുന്നത്. ഒരു ദേശീയ കന്നുകാലി വികസന ബോര്‍ഡ് രൂപവത്കരിക്കുമെന്നും പാര്‍ട്ടി വാഗ്ദാനം ചെയ്യുന്നു. ലിംഗസമത്വം ഉറപ്പുവരുത്താന്‍ ഏകീകൃത സിവില്‍ കോഡ് നടപ്പിലാക്കുമെന്നും പാര്‍ട്ടി വാഗ്ദാനം ചെയ്യുന്നു. ജമ്മു കശ്മീരിന് പ്രത്യേക പദവി നല്‍കുന്ന 370-ാം വകുപ്പ് റദ്ദാക്കുന്ന കാര്യത്തില്‍ സംവാദം നടത്തുമെന്നാണ് പാര്‍ട്ടി പറയുന്നത്. കശ്മീരി പണ്ഡിറ്റുകളുടെ മാന്യമായ പുനരധിവാസം ഉറപ്പാക്കുമെന്നും പ്രകടനപത്രിക വാഗ്ദാനം ചെയ്യുന്നു. ന്യൂനപക്ഷ വിഭാഗക്കാര്‍ തുല്ല്യ അവസരം ലഭ്യമാക്കുമെന്നും ദേശീയതലത്തില്‍ മദ്രസകള്‍ നവീകരിക്കാന്‍ പദ്ധതി ആവിഷ്‌കരിക്കുമെന്നും പ്രകടനപത്രിക പറയുന്നു.

ഉത്പ്പാദന, കാര്‍ഷിക, തൊഴില്‍ , ഐ.ടി മേഖലകളിലെ അടിസ്ഥാനസൗകര്യ വികസനവും ഉറപ്പുവരുത്തുമെന്നും വിദേശ വ്യാപാര, വാണിജ്യ കാര്യങ്ങളില്‍ സംസ്ഥാനങ്ങളെ കൂടുതല്‍ പങ്കാളികളാക്കുമെന്നും പ്രകടനപത്രികയില്‍ പറയുന്നു.
നികുതി ഘടന പരിഷ്കരണം, ഭരണ ജുഡീഷ്യല്‍ പരിഷ്കരണം , ആണവ നയം പരിഷ്കരണം, തീവ്രവാദത്തിനെതിരെ ശക്തമായ നടപടി, സ്ത്രീശാക്തീകരണത്തിനും അടിസ്ഥാന വികസനത്തിനും മുന്‍ഗണന എന്നിവയും പക്രടന പത്രികയിലെ പ്രധാന വാഗ്ദാനങ്ങളാണ്.

ബി.ജെ.പി പ്രധാനമന്ത്രി സ്ഥാനാര്‍ഥി നരേന്ദ്ര മോദി, പാര്‍ട്ടി അധ്യക്ഷന്‍ രാജ് നാഥ് സിങ്, എല്‍.കെ അദ്വാനി, സുഷമ സ്വരാജ് എന്നിവര്‍ പങ്കെടുത്ത ചടങ്ങില്‍ മുരളി മനോഹര്‍ ജോഷിയാണ് പത്രിക പുറത്തിറക്കിയത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.