You are Here : Home / News Plus

നാല് നടിമാര്‍ വിചാരിച്ചാല്‍ മോഹന്‍ലാലിനേയോ ദിലീപിനേയോ തകര്‍ക്കാനാവില്ലെന്ന് അമ്മ

Text Size  

Story Dated: Monday, October 15, 2018 11:56 hrs UTC

ഡെബ്ള്യൂ.സി.സി ഉയര്‍ത്തിയ ആരോപണങ്ങള്‍ക്ക് കടുത്ത ഭാഷയില്‍ മറുപടി നല്‍കി അമ്മ. അമ്മ എക്സിക്യൂട്ടീവ് അംഗവും സെക്രട്ടറിയുമായ സിദ്ധിഖും ലളിത കലാ അക്കാദമി ചെയര്‍പേഴ്സണും ആയ കെപിഎസി ലളിതയും ചേര്‍ന്നാണ് വാര്‍ത്താസമ്മേളനം വിളിച്ചു ചേര്‍ത്ത് നടിമാര്‍ക്ക് മറുപടി നല്‍കിയത്. 

വാര്‍ത്താസമ്മേളനത്തില്‍ സിദ്ധിഖും കെപിഎസി ലളിതയും പറഞ്ഞ കാര്യങ്ങള്‍...

മോഹന്‍ലാല്‍ നടിമാരെന്ന് വിളിച്ചെന്ന് വിമര്‍ശിക്കുന്നതായി കണ്ടു. അതിലെന്താണ് തെറ്റ് ഇത്തരം ആരോപണങ്ങള്‍ ബാലിശമാണ്. കഴിഞ്ഞ പത്താം തിയതി ദിലീപ് രാജി കത്ത് എഴുതി നൽകിയിട്ടുണ്ട്. എക്സിക്യൂട്ടീവ് കമ്മിറ്റി യോഗം ചേര്‍ന്നാണ് രാജി സ്വീകരിക്കുന്ന കാര്യത്തില്‍ തീരുമാനിക്കേണ്ടത്.  പുറത്ത് പോയ നാല് നടിമാരേക്കാൾ നാനൂറ് പേരടങ്ങുന്ന സംഘടനയാണ് അമ്മ. സംഘടനയിലെ ഭൂരിപക്ഷവും അത്ര സാന്പത്തിക സുരക്ഷിതത്വം ഇല്ലാതവരാണ്. അവരെ സഹായിക്കാനാണ് അവരുടെ ആവശ്യങ്ങള്‍ക്ക് പ്രധാന്യം നല്‍കിയാണ് അമ്മ പ്രവര്‍ത്തിക്കുന്നത്. അതല്ലാതെ അഭിനയിച്ചു കൊണ്ടിരിക്കുന്നവരുടെ അവസരം കളയുന്നതല്ല ഞങ്ങളുടെ ജോലി. 26 വര്‍ഷം മുന്‍പ് ഒരു പെണ്‍കുട്ടി ഓടികയറിവന്നു ഞാനവളെ രക്ഷിച്ചു എന്നൊക്കെ വാര്‍ത്താസമ്മേളനത്തില്‍ പറയുന്ന കേട്ടു. അതേത് സിനിമയുടെ സെറ്റില്‍ വച്ചാണ് അത് സംഭവിച്ചത് എന്ന് പറയണം. ആരായിരുന്നു സംവിധായകന്‍ ആരായിരുന്നു നിര്‍മ്മാതാവ് അതു പറയണം. ഞങ്ങള്‍ അന്വേഷിക്കാം നടപടിയെടുക്കാം. കേസെടുക്കാന്‍ മുന്നില്‍ നില്‍ക്കാം.  

മോഹന്‍ലാലിനെതിരെ എന്തിനാണ് ഇവര്‍ ഇങ്ങനെ ആക്രമിക്കുന്നത്. മുഖ്യമന്ത്രി വിളിച്ചിട്ടാണ് മോഹന്‍ലാല്‍ സംസ്ഥാന ചലച്ചിത്ര അവാര്‍ഡ്ദാന ചടങ്ങിന് പോയത്. അത് തടയാന്‍ ഇവര്‍ വ്യാജഒപ്പിട്ട് മെമ്മോറാണ്ടം തയ്യാറാക്കി അയച്ചു. എന്നിട്ട് എങ്ങനെയാണ് മോഹന്‍ലാലിനെ ജനങ്ങള്‍ സ്വീകരിച്ചതെന്ന് നമ്മള്‍ കണ്ടു. മമ്മൂട്ടി എന്ന നടനെതിരെ ആവശ്യമില്ലാതെ ആരോപണം ഉന്നയിച്ചതിന്‍റെ പേരില്‍ എത്രയോ പേരുടെ ചീത്തയാണ് ആ നടി കേട്ടത്. ആ തെറി പറയുന്നവരെ മമ്മൂട്ടി തടയണം എന്നാണ് അവര്‍ പറയുന്നത്. അതില്‍ നിന്നും പാഠം പഠിക്കുകയല്ലേ ചെയ്യേണ്ടത്.  ആ സംഘടനയുടെ സോഷ്യല്‍മീഡിയ പേജ് കൈകാര്യം ചെയ്യുന്ന സഹോദരി പറഞ്ഞത് തെറിവിളി കാരണം നില്‍ക്കാന്‍ വയ്യെന്നാണ്. ജനങ്ങളുടെ വെറുപ്പ് എത്രത്തോളമാണെന്ന് ഇനിയും തിരിച്ചറിയാന്‍ സാധിക്കാത്തതിന്‍റെ പ്രശ്നമാണ്. ഞാനൊരു പൊതുപരിപാടിയ്ക്ക് പോയാല്‍ ആളുകള്‍ കൂക്കി വിളിക്കുകയും തെറി വിളിക്കുകയും ചെയ്താല്‍ അതിനര്‍ത്ഥം ആ ജനങ്ങള്‍ക്ക് ഞാന്‍ സ്വീകാര്യനല്ലെന്ന് എനിക്ക് മനസ്സിലാവും. 

മോഹന്‍ലാലിനേയോ മമ്മൂട്ടിയേയോ ദിലീപിനേയോ ജനങ്ങളുടെ മനസ്സില്‍ നിന്നും പറിച്ചു കളയാന്‍ മൂന്നോ നാലോ നടിമാര്‍ വിചാരിച്ചാല്‍ നടക്കില്ല. ഞങ്ങളുടെ കൂട്ടത്തിലുള്ള ഒരു നടി ക്രൂരമായ ആക്രമണത്തിന് ഇരയായി. തന്നെ അക്രമിച്ചവരെ അവള്‍ തിരിച്ചറിഞ്ഞു. അവരിപ്പോള്‍ ജയിലിലാണ് ആ കേസിലെ മുഖ്യപ്രതി അറസ്റ്റിലായി മൂന്ന് മാസം കഴിഞ്ഞ് വിളിച്ചു പറഞ്ഞ പേരാണ് ദിലീപിന്‍റേത്. അതിന്‍റെ പേരില്‍ ദിലീപിനെ റേപ്പിസ്റ്റ് എന്നാണ് ഒരു നടി വിളിച്ചത്. ദിലീപ് കുറ്റാരോപിതന്‍ മാത്രമാണ് കുറ്റക്കാരന്‍ ആണെന്ന് കോടതി പറഞ്ഞിട്ടില്ല. ഇത്തരം പ്രയോഗങ്ങള്‍ നടത്തുന്പോള്‍ മിനിമം മര്യാദ വേണം. 

സംഘടനയുടെ അംഗമായവര്‍ സംഘടനയേയും അധ്യക്ഷനേയും അപമാനിക്കുന്നത് അംഗീകരിക്കില്ല. ഇവര്‍ക്കെതിരെ സംഘടന കര്‍ശന നടപടിയെടുക്കും. രാജിവച്ചു പോയവര്‍ പുറത്തു പോയത് തന്നെയാണ് അവരെ ഇനി തിരിച്ചെടുക്കില്ല. അല്ലെങ്കില്‍ അവര്‍ അപേക്ഷിക്കണം. ഒരു വ്യക്തിയും സംഘടനേയാക്കള്‍ വലുതല്ല. നാല് പേരാക്കാള്‍ വലുതാണ് നാന്നൂറ് പേരുള്ള സംഘടന.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.