You are Here : Home / News Plus

സുനന്ദയുടെ മരണകാരണം അമിത മരുന്നുപയോഗം

Text Size  

Story Dated: Tuesday, January 21, 2014 05:10 hrs UTC

 കേന്ദ്രമന്ത്രി ശശി തരൂരിന്‍റെ  ഭാര്യ സുനന്ദ പുഷ്കറിന്‍റെ  മരണ കാരണം വിഷാദരോഗത്തിനുള്ള മരുന്നുകളുടെ അമിത ഉപയോഗമെന്ന് റിപ്പോര്‍ട്ട്. ആന്തരികാവയവങ്ങളുടെ രാസപരിശോധനാ റിപ്പോര്‍ട്ടാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.
മദ്യത്തിന്‍റെ  അംശം ഉണ്ടായിരുന്നില്ല. അതേസമയം, ദേഹത്ത് ഡസനിലേറെ മുറിപ്പാടുകള്‍ കണ്ടത്തെിയിട്ടുണ്ട്. അവ മരണകാരണമല്ല. നാലു മണിയോടെയാകാം മരണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇക്കാര്യങ്ങള്‍ വിശദീകരിക്കുന്ന പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് അഖിലേന്ത്യാ മെഡിക്കല്‍ സയന്‍സസ് ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഡോക്ടര്‍മാര്‍ സബ് ഡിവിഷനല്‍ മജിസ്ട്രേറ്റിനു കൈമാറി. പുതിയ വെളിപ്പെടുത്തലുകള്‍ സുനന്ദയുടെ മരണം കൂടുതല്‍ ദുരൂഹമാക്കിയിരിക്കുകയാണ്. 30ലേറെ ഗുളികകള്‍ സുനന്ദ കഴിച്ചെന്നാണ് അനുമാനം. അമിത മരുന്നുപയോഗം ആത്മഹത്യയിലേക്ക് വിരല്‍ ചൂണ്ടുന്നു. മുറിവുകള്‍ പിടിവലി നടന്നതിന്‍റെ  ലക്ഷണമാകാം. ശരീരത്തില്‍ കണ്ട മുറിപ്പാടുകള്‍ ഗാര്‍ഹിക പീഡനത്തില്‍നിന്ന് സംഭവിച്ചതാണെങ്കില്‍, മരണത്തിന് പ്രേരിപ്പിച്ച കുറ്റം തരൂരിനുമേല്‍ ചുമത്തേണ്ടിവരും. സുനന്ദ കിടന്ന മുറി ഉള്ളില്‍നിന്ന് പൂട്ടിയിരുന്നെന്നാണ് ആദ്യം തരൂരിന്‍റെ  സ്റ്റാഫ് സംഭവദിവസം പറഞ്ഞത്. എന്നാല്‍, വാതില്‍ അടച്ചിരുന്നില്ലെന്ന്  എസ്.ഡി.എം കണ്ടത്തെിയെന്ന വിവരവും പുറത്തുവരുന്നുണ്ട്. താടിയിലും കഴുത്തിലും കൈയിലും മുറിപ്പാടുകള്‍ ഉണ്ടെന്നാണ് റിപ്പോര്‍ട്ട്. ഇതില്‍ ചിലത്, ഭാരമുള്ള ഏതോ വസ്തുകൊണ്ട് അടിച്ചതാകാം. ഹോട്ടല്‍ മുറി പരിശോധിച്ചപ്പോള്‍ സുനന്ദയുടെ പഴ്സില്‍നിന്ന് വിഷാദരോഗത്തിനുള്ള ‘ആല്‍പ്രാസോള്‍’ എന്ന മരുന്നിന്‍റെ  ഒന്നിലേറെ സ്ട്രിപ്പുകള്‍ കണ്ടെടുത്തിരുന്നു. ഇതില്‍ കുറെയേറെ ഗുളികകള്‍ സുനന്ദ ഒറ്റയടിക്ക് കഴിച്ചതിനെ തുടര്‍ന്ന് അബോധാവസ്ഥയിലാവുകയും മരണം സംഭവിക്കുകയും ചെയ്തെന്നാണ് അനുമാനം.
തിങ്കളാഴ്ച വൈകിട്ടാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് സബ്ഡിവിഷനല്‍ മജിസ്ട്രേറ്റിന് കൈമാറിയത്. രാസപരിശോധന, പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടുകളുടെ ഉള്ളടക്കം സഹിതം അന്വേഷണ റിപ്പോര്‍ട്ട് ചൊവ്വാഴ്ച ഡല്‍ഹി പൊലീസിനു കൈമാറിയേക്കും. ഇതു പരിശോധിച്ചാണ് പൊലീസ് കേസിന്‍റെ  സ്വഭാവം നിശ്ചയിക്കുക.
അമിതമായി ഗുളിക കഴിക്കാന്‍ ഇടയായ സാഹചര്യവും തരൂരിന് എതിരാണ്. പാക് പത്രപ്രവര്‍ത്തകയായ മെഹര്‍ തരാറുമായി തരൂരിനുണ്ടായിരുന്ന ബന്ധം സുനന്ദയുടെ മനോനിലയെ ബാധിച്ചുവെന്ന് വ്യക്തമാണ്. സുനന്ദയും തരൂരുമായി കശപിശയും കൈയാങ്കളിയും ഉണ്ടായെന്ന് നേരത്തേ ഹോട്ടല്‍ ജീവനക്കാര്‍ മൊഴിനല്‍കിയിരുന്നു.
കേന്ദ്രമന്ത്രിപദം രാജിവെക്കാന്‍ ശശി തരൂര്‍ ഒരുങ്ങുന്നതായി സൂചനകളുണ്ട്. പൊലീസ് രജിസ്റ്റര്‍ ചെയ്യുന്ന കേസില്‍ തരൂരിനെതിരായ പരാമര്‍ശങ്ങള്‍ ഉണ്ടെങ്കില്‍ അദ്ദേഹത്തിന് പദവിയില്‍ തുടരാനാവില്ല. സുനന്ദയുടെ ശരീരത്തിലെ മുറിവുകള്‍ ഏതെങ്കിലും രോഗത്തിന്‍റെ  ലക്ഷണമായി കരുതാനാവില്ല. മുറിവിന്‍റെ  കാലപ്പഴക്കവും പ്രധാനമാണ്.
ഞായറാഴ്ച സബ്ഡിവിഷനല്‍ മജിസ്ട്രേറ്റ് അലോക് ശര്‍മക്കു മുമ്പാകെ ശശി തരൂര്‍ മൊഴി നല്‍കിയിരുന്നു. സുനന്ദയുടെ ശരീരത്തിലെ മുറിവുകളെക്കുറിച്ചും സുനന്ദയുമായുള്ള തര്‍ക്കങ്ങളെക്കുറിച്ചും മെഹര്‍ തരാറുമായുള്ള ബന്ധത്തെക്കുറിച്ചും എസ്.ഡി.എം മൊഴിയെടുത്തു. തരൂര്‍ ഉള്‍പ്പെടെ എട്ടു പേരില്‍നിന്നാണ് ഇതുവരെ മൊഴിയെടുത്തത്. ഇതില്‍ സുനന്ദയോട് അവസാനമായി സംസാരിച്ചെന്ന് വെളിപ്പെടുത്തിയ ചാനല്‍ അവതാരക നളിനി സിങ്ങിന്‍റെ  മൊഴി നിര്‍ണായകമാണ്. ഇതിനിടെ, മൂന്നു മാസം മുമ്പ് സ്വത്ത് ഭാഗംവെക്കുന്നതിന് വില്‍പത്രം തയാറാക്കുന്ന കാര്യം സുനന്ദ തന്നോട് സംസാരിച്ചിരുന്നതായി സുനന്ദയുടെ സുഹൃത്തായ അഭിഭാഷകന്‍ രോഹിത് കൊച്ചാര്‍ വെളിപ്പെടുത്തി. മാധ്യമങ്ങള്‍ ഈ സംഭവത്തെക്കുറിച്ചു നല്‍കുന്ന വ്യാഖ്യാനങ്ങള്‍ തന്നെ ഭയപ്പെടുത്തുന്നുവെന്നും ഏറ്റവും വേഗം അന്വേഷണ നടപടി പൂര്‍ത്തിയാക്കണമെന്നും ശശി തരൂര്‍ കഴിഞ്ഞദിവസം ആഭ്യന്തരമന്ത്രി സുശീല്‍കുമാര്‍ ഷിന്‍ഡെയെ സന്ദര്‍ശിച്ച് പറഞ്ഞിരുന്നു. ഏറ്റവും വേഗം നടപടികള്‍ പൂര്‍ത്തിയാക്കാന്‍ പൊലീസിന് നിര്‍ദേശം നല്‍കിയതായി ഷിന്‍ഡെ മാധ്യമ പ്രവര്‍ത്തകരെ അറിയിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.