You are Here : Home / News Plus

ഇന്ത്യയിലെ വിചാരണത്തടവുകാരില്‍ കൂടുതലും പിന്നോക്കവിഭാഗമെന്ന് പഠന റിപ്പോര്‍ട്ട്

Text Size  

Story Dated: Tuesday, January 22, 2019 02:17 hrs UTC

രാജ്യത്തെ വിചാരണത്തടവുകാരില്‍ ഏറിയ പങ്കും ദളിതരോ ആദിവാസികളോ ആണെന്ന് പഠനറിപ്പോര്‍ട്ട്. ജനസംഖ്യാനുപാതികമായി നോക്കുമ്പോള്‍ ഇത്തരത്തില്‍ ജയിലുകളില്‍ കഴിയുന്ന പിന്നോക്കവിഭാഗക്കാരുടെ എണ്ണം വളരെക്കൂടുതലാണ്.ഇന്ത്യയുടെ ജനസംഖ്യയില്‍ 24 ശതമാനമാണ് എസ്.സി, എസ്.ടി വിഭാഗങ്ങളുള്ളത്. എന്നാല്‍, ജയിലില്‍ കഴിയുന്ന വിചാരണത്തടവുകാരില്‍ ഇവരുടെ പ്രാതിനിധ്യം 34 ശതമാനമാണ്.
ക്രിമിനല്‍ ജസ്റ്റിസ് ഇന്‍ ദ ഷാഡോ ഓഫ് കാസ്റ്റ് എന്ന റിപ്പോര്‍ട്ടിലാണ് ഇതുസംബന്ധിച്ച വിവരങ്ങള്‍ വെളിപ്പെടുത്തിയിരിക്കുന്നത്. നാഷണല്‍ ദളിത് മൂവ്‌മെന്റ ്‌ഫോര്‍ ജസ്റ്റിസ് ആന്റ് ദ നാഷണല്‍ സെന്റര്‍ ഫോര്‍ ദളിത് ഹ്യൂമന്‍ റൈറ്റ്‌സ് ആണ് പഠനം നടത്തി റിപ്പോര്‍ട്ട് പുറത്തുവിട്ടിരിക്കുന്നത്. ദേശീയ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോയുടെ സഹകരണത്തോടെയായിരുന്നു പഠനം.
പിന്നാക്കവിഭാഗങ്ങളിലുള്ളവര്‍ ജയിലുകളില്‍ കഴിയുന്ന കാര്യത്തില്‍ മുന്‍പന്തിയിലുള്ളത് അസം, തമിഴ്‌നാട്, മഹാരാഷ്ട്ര, രാജസ്ഥാന്‍ എന്നീ സംസ്ഥാനങ്ങളാണ്. തമിഴ്‌നാട്ടില്‍ ആകെ പിന്നോക്കജനസംഖ്യയും ജയിലുകളില്‍ കഴിയുന്ന പിന്നാക്കക്കാരുടെ എണ്ണവും തമ്മിലുള്ള അന്തരം 17 ശതമാനമാണ്. ജനസംഖ്യയുടെ 21 ശതമാനമാണ് ഇവിടെ പിന്നോക്കക്കാരുള്ളത്. ജയിലുകളില്‍ വിചാരണകാത്ത് കഴിയുന്ന പിന്നോക്കക്കാരാവട്ടെ ആകെ തടവുകാരുടെ 38 ശതമാനവും.
പോലീസും അന്വേഷണ ഏജന്‍സികളും ചേര്‍ന്ന് ദളിതരെയും ആദിവാസികളെയും മനപ്പൂര്‍വ്വം കേസുകളില്‍ കുടുക്കുന്നതായും അവരുടെ വിചാരണ വൈകിപ്പിക്കുന്നതായുമാണ് റിപ്പോര്‍ട്ട് പറയുന്നത്. ആദിവാസി, ദളിത് വിഭാഗങ്ങളില്‍ പെട്ടവര്‍ തങ്ങള്‍ക്കെതിരായ ഏതെങ്കിലും അതിക്രമത്തെക്കുറിച്ച് പരാതി നല്‍കിയാല്‍ അത് അവര്‍ക്കെതിരായി മാറ്റാന്‍ പോലീസ് ശ്രമിക്കാറുണ്ടെന്നും റിപ്പോര്‍ട്ട് പറയുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.