You are Here : Home / News Plus

പി.കെ ശശിക്കെതിരായ പീഡനപരാതി പോലീസിന്‌ കൈമാറും

Text Size  

Story Dated: Monday, September 10, 2018 11:11 hrs UTC

തിരുവനന്തപുരം: പരാതിക്കാരി സമ്മതിച്ചാല്‍ പി.കെ.ശശിക്കെതിരായ പീഡനപരാതി പൊലീസിന്‌ കൈമാറുമെന്ന്‌ സിപിഎം പിബി അംഗം എം.എ.ബേബി. സ്‌ത്രീപീഡകര്‍ക്ക്‌ സിപിഎമ്മില്‍ സ്ഥാനമുണ്ടാകില്ല. പരാതിക്കാരിയുടെ സ്വകാര്യത സംരക്ഷിക്കേണ്ടത്‌ പാര്‍ട്ടിയുടെ ഉത്തരവാദിത്തമെന്നും ബേബി ഫേസ്‌ബുക്ക്‌ പോസ്റ്റില്‍ കുറിച്ചു. കേരളത്തിലെ സ്‌ത്രീകളുടെ അവസ്ഥയുമായി ബന്ധപ്പെട്ട രണ്ടു പ്രശ്‌നങ്ങള്‍ ഉയര്‍ന്നു വന്നിരിക്കുന്നു. നമ്മുടെ സമൂഹം ഈ പ്രശ്‌നങ്ങളുന്നയിച്ച സ്‌ത്രീകളെ പിന്തുണയ്‌ക്കണം എന്നാണ്‌ എനിക്ക്‌ പറയാനുള്ളത്‌. ഒരു പരാതി സിപിഐഎം പാലക്കാട്‌ ജില്ലാ സെക്രട്ടേറിയറ്റ്‌ അംഗം പി കെ ശശി എംഎല്‍എയെക്കുറിച്ച്‌ ഒരു സഖാവ്‌ ആണ്‌ നല്‌കിയിരിക്കുന്നത്‌. ആ യുവതി പാര്‍ടിക്കാണ്‌ പരാതി നല്‌കാന്‍ തീരുമാനിച്ചത്‌. പാര്‍ടി ഇക്കാര്യം വളരെ ഗൌരവമായി തന്നെ എടുത്തു. വെള്ളപ്പൊക്കക്കെടുതിക്കിടയിലും രണ്ടു പേരോടും പാര്‍ടി സംസ്ഥാന സെക്രട്ടറി സഖാവ്‌ കോടിയേരി ബാലകൃഷ്‌ണന്‍ സംസാരിച്ചു. പാര്‍ടി കേന്ദ്ര കമ്മിറ്റി അംഗങ്ങളായ സഖാക്കള്‍ എ കെ ബാലനെയും പി കെ ശ്രീമതിയെയും ഇക്കാര്യം അന്വേഷിക്കാന്‍ പാര്‍ടി സംസ്ഥാന നേതൃത്വം നിയോഗിച്ചിട്ടുണ്ട്‌. ഈ റിപ്പോര്‍ട്ട്‌ വേഗം സമര്‍പ്പിക്കുമെന്ന്‌ സഖാവ്‌ ബാലന്‍ പറഞ്ഞിട്ടുമുണ്ട്‌.

 

സ്‌ത്രീകള്‍ നല്‌കുന്ന പരാതികളെ എത്രയും ഗൌരവമായി കാണുമെന്ന പാര്‍ടിയുടെ എന്നത്തെയും നിലപാടിനനുസൃതമായി ഇക്കാര്യത്തില്‍ ഒരു തീരുമാനമുണ്ടാകും. പരാതി നല്‌കിയ സഖാവിന്റെ സ്വകാര്യത സംരക്ഷിക്കേണ്ടത്‌ പാര്‍ടിയുടെ ഉത്തരവാദിത്തമാണ്‌. പക്ഷേ, പൊലീസിന്‌ പരാതി നല്‌കാന്‍ സഖാവ്‌ തീരുമാനിച്ചാല്‍ സഖാവ്‌ ബാലന്‍ പറഞ്ഞ പോലെ പാര്‍ടിയും സര്‍ക്കാരും എല്ലാ പിന്തുണയും ആ സഖാവിന്‌ നല്‌കും. പൊലീസ്‌ കൈകാര്യം ചെയ്യേണ്ട പ്രശ്‌നമാണെന്ന്‌ പാര്‍ടിക്ക്‌ ബോധ്യമായാല്‍, യുവസഖാവ്‌ സമ്മതിച്ചാല്‍, പരാതി പൊലീസിന്‌ കൈമാറുകയും ചെയ്യും. സ്‌ത്രീപീഡകര്‍ക്ക്‌ സിപിഐഎമ്മില്‍ സ്ഥാനമുണ്ടാകില്ല എന്നത്‌ ഉറപ്പ്‌. രണ്ടാമത്തെ പരാതി പൊലീസിനാണ്‌. നല്‌കിയത്‌ കോട്ടയത്ത്‌ കുറവിലങ്ങാട്ടെ മഠത്തിലുള്ള ഒരു കന്യാസ്‌ത്രീ. കത്തോലിക്ക സഭയുടെ ജലന്ധര്‍ രൂപതയുടെ മെത്രാന്‍ ഫ്രാങ്കോ മുളയ്‌ക്കല്‍ തന്നെ നിരന്തരം ബലാത്സംഗം ചെയ്‌തു എന്നാണ്‌ പരാതി. രണ്ടു ദിവസമായി ഈ സന്യാസിനിയുടെ സഹപ്രവര്‍ത്തകരായ അഞ്ചു കന്യാസ്‌ത്രീകള്‍ എറണാകുളത്ത്‌ സത്യഗ്രഹം ആരംഭിച്ചിരിക്കുന്നു. അസാധാരണമായ ഒരു സമരമാണിത്‌. പൊലീസ്‌ ഇക്കാര്യത്തില്‍ നിയമപരമായ നടപടി ഉടന്‍ എടുക്കുമെന്ന്‌ ഞാന്‍ പ്രതീക്ഷിക്കുന്നു. ഇടതുപക്ഷ ജനാധിപത്യ മുന്നണി സര്‍ക്കാര്‍ ഇക്കാര്യത്തില്‍ ഒരു ഒത്തു തീര്‍പ്പിനും വഴങ്ങില്ല എന്ന്‌ എനിക്ക്‌ ഉറപ്പുണ്ട്‌.

പക്ഷേ, കത്തോലിക്ക സഭാ നേതൃത്വം ഇക്കാര്യത്തില്‍ നിഷേധാത്മകമായ നിലപാടാണ്‌ എടുക്കുന്നത്‌. സഭയെ വിശ്വസിച്ച്‌, ജീവിതം സഭയ്‌ക്ക്‌ സമര്‍പ്പിച്ച കന്യാസ്‌ത്രീകളെ സംരക്ഷിക്കാന്‍ അവര്‍ തയ്യാറാവുന്നില്ല. ഈ കന്യാസ്‌ത്രീകളോട്‌ അവര്‍ മുഖം തിരിക്കുന്നു. സഭയുടെ പുരുഷാധിപത്യപരമായ ഈ സമീപനം പുനപരിശോധിക്കണമെന്നാണ്‌ എന്റെ അഭിപ്രായം. ഫ്രാന്‍സിസ്‌ മാര്‍പാപ്പ ഇക്കാര്യത്തില്‍ കര്‍ശന നടപടിക്ക്‌ മുന്‍കൈ എടുക്കുമെന്നും ഞാന്‍ പ്രതീക്ഷിക്കുന്നു. കഴിഞ്ഞ വര്‍ഷം മാര്‍ച്ച്‌ മാസത്തില്‍ മാതൃഭൂമി ആഴ്‌ചപ്പതിപ്പില്‍ ഞാന്‍ എഴുതിയ ഒരു ലേഖനത്തില്‍ ക്രിസ്‌തീയ സഭകള്‍ ആത്മപരിശോധന നടത്തണമെന്ന്‌ അഭിപ്രായപ്പെട്ടിരുന്നു. ആ ലേഖനത്തിലെ ചില ഭാഗങ്ങള്‍ വീണ്ടും വായിക്കാനായി താഴെ കൊടുക്കുന്നു, ''കേരളത്തിലെ ക്രിസ്‌തീയ സഭകള്‍, പ്രത്യേകിച്ചും കത്തോലിക്ക സഭകള്‍, ഒരു ആത്മപരിശോധന നടത്തേണ്ട അവസരമാണിന്ന്‌. ഈ ആത്മപരിശോധന കേരളത്തിലെ ക്രിസ്‌ത്യാനികളുടെ മാത്രം ഒരു പ്രശ്‌നമല്ല. കേരളസമൂഹത്തിന്റെ ആകെ പുരോഗതിക്ക്‌ ഇതാവശ്യമാണ്‌.'' ''സഭകളുമായി ബന്ധപ്പെട്ട്‌ ഇടയ്‌ക്കിടെ പൊട്ടിപ്പുറപ്പെടുന്ന ലൈംഗിക അപവാദങ്ങളും അവയില്‍ നിന്ന്‌ പുരോഹിതരെ രക്ഷിക്കാന്‍ നടത്തുന്ന അധികാരപ്രയോഗങ്ങളും കാരണം കേരളത്തിലെ സഭകള്‍ ഇന്ന്‌ ജനങ്ങളുടെ മുന്നില്‍ തലകുമ്പിട്ട്‌ നില്‌ക്കുകയാണ്‌. എന്നാല്‍, ഈ ലൈംഗിക വിവാദങ്ങളല്ല പ്രശ്‌നം. സഭകളുടെ ഉള്ളിലെ ജീര്‍ണതയുടെ ബഹിര്‍സ്‌ഫുരണം മാത്രമാണിവ.

 

ഈ ജീര്‍ണതകള്‍ക്ക്‌ വളംവയ്‌ക്കുന്നതിലൂടെ, വളരെ ഉന്നതമായ സമര്‍പ്പണത്തോടെ ദീനാനുകമ്പാ പ്രവര്‍ത്തനങ്ങളും മറ്റു സാമൂഹ്യ പ്രവര്‍ത്തനങ്ങളും നടത്തുന്ന കന്യാസ്‌ത്രീകള്‍ക്കും പുരോഹിതര്‍ക്കും അല്‍മായര്‍ക്കും സഭാ നേതൃത്വങ്ങള്‍ ബഹുമാനം നേടിക്കൊടുക്കുകയല്ല ചെയ്യുന്നത്‌.'' ''സ്‌ത്രീകളെ താഴേക്കിടയിലുള്ള വിശ്വാസികളായി സഭ കാണുന്നത്‌ ഇന്ന്‌ കൂടുതല്‍ ശക്തമായി ചോദ്യം ചെയ്യപ്പെടുകയാണ്‌. മദര്‍ തെരേസയുടെ സഭയ്‌ക്ക്‌ ഒരു ഇടവക വികാരി ആയിപ്പോലും സ്‌ത്രീയെ അംഗീകരിക്കാനാവില്ല എന്നത്‌ ഇനിയും തുടരാനാവുമോ? പുരോഹിതരായും ബിഷപ്പുമാരായും മാര്‍പാപ്പ തന്നെ ആയും സ്‌ത്രീകള്‍ വരുന്ന കാലം അത്ര ദൂരത്തല്ല എന്നാണ്‌ കത്തോലിക്ക സഭയുടെ പുറത്തുനിന്നുള്ള ഒരു നിരീക്ഷകനായ ഞാന്‍ മനസ്സിലാക്കുന്നത്‌. ഇന്ന്‌ വത്തിക്കാനില്‍ തന്നെ ശക്തമായ ഒരു സ്‌ത്രീ സാന്നിധ്യമുണ്ടാക്കിയിരിക്കുന്നു. പോണ്ടിഫിക്കല്‍ കൌണ്‍സില്‍ ഫോര്‍ കള്‍ച്ചറിന്റെ പ്രസിഡണ്ട്‌ കര്‍ദിനാള്‍ ഗിയാന്‍ഫ്രാങ്കോ റാവസി പറഞ്ഞത്‌, ''വത്തിക്കാനില്‍ സ്‌ത്രീകളുടെ സാന്നിധ്യം ഉറപ്പുവരുത്തിക്കൊണ്ട്‌ ആരംഭം കുറിക്കേണ്ടിയിരിക്കുന്നു. എന്നാല്‍ അത്‌ ഭംഗിക്കു വേണ്ടിയുള്ളതോ നാമമാത്രമായതോ ആയ ഒരു സാന്നിധ്യം ആവരുത്‌,'' എന്നാണ്‌. പക്ഷേ, കേരളത്തിലെ കത്തോലിക്ക സഭ സ്‌ത്രീകളുടെ വസ്‌ത്രധാരണത്തെ കുറ്റപ്പെടുത്തുന്നതിലും അവരെ അള്‍ത്താരകളില്‍ നിന്ന്‌ ഒഴിവാക്കി നിറുത്തുന്നതിലും ആണ്‌ ഗവേഷണം നടത്തുന്നത്‌.'' ''ക്രിസ്‌തീയ സഭകളുടെ ചരിത്രത്തില്‍ എന്നും ലൈംഗിക ആരോപണങ്ങള്‍ ഉണ്ടായിട്ടുണ്ട്‌. ഫ്രാന്‍സിസ്‌ മാര്‍പാപ്പ മാത്രമല്ല മുമ്പുള്ള പോപ്പുമാരും ഇതിനെക്കുറിച്ച്‌ തുറന്നു സംസാരിച്ചിട്ടുമുണ്ട്‌. കത്തോലിക്ക പുരോഹിതര്‍ ബ്രഹ്മചാരികളായിരിക്കണമെന്ന്‌ നിശ്ചയിക്കപ്പെട്ടിരിക്കുന്നു. അത്‌ സഭയില്‍ തന്നെ എന്നും വലിയ വിവാദവിഷയമായിരുന്നു. മനുഷ്യന്റെ ജൈവികത്വര ആയ ലൈംഗികതയില്‍ നിന്ന്‌ പുരോഹിതരെയും കന്യാസ്‌ത്രീകളെയും മാറ്റി നിറുത്തുന്നത്‌ സഭ താമസിയാതെ അവസാനിപ്പിക്കേണ്ടി വരുമെന്നാണ്‌ എന്റെ വിചാരം. ഈ ലേഖനം തയ്യാറാക്കുന്നതിനിടയില്‍, പോപ്പ്‌ ഫ്രാന്‍സിസ്‌ ദെ സെയ്‌റ്റ്‌ എന്ന ജര്‍മന്‍ വാരികയ്‌ക്ക്‌ നല്‌കിയ അഭിമുഖത്തില്‍ പറഞ്ഞ കാര്യങ്ങള്‍ വായിക്കാനിടയായി.

 

ബ്രഹ്മചര്യം പുരോഹിതര്‍ക്ക്‌ വേണമെങ്കില്‍ തെരഞ്ഞെടുക്കാം എന്ന നിര്‍ദേശം തള്ളിക്കളഞ്ഞ പോപ്പ്‌ പക്ഷേ, വിവാഹിതരുടെ പൌരോഹിത്യം ഒരു സാധ്യതയാണെന്ന്‌ പറഞ്ഞു. വിവാഹിതരായ പുരോഹിതരുള്ള സഭകളില്‍ ലൈംഗിക വിവാദങ്ങളില്ല എന്നല്ല. സഭാസ്ഥാപനങ്ങളുടെ അധികാരങ്ങള്‍ എവിടെയൊക്കെ പുരോഹിതരില്‍ കേന്ദ്രീകരിച്ചിട്ടുണ്ടോ അവിടെയൊക്കെ ഈ ചൂഷണം ഉണ്ട്‌.'' ''ഏതാനും ആഴ്‌ച മുമ്പു പുറത്തിറങ്ങിയ ഔട്ട്‌ലുക്ക്‌ വാരികയുടെ കവര്‍ സ്റ്റോറി, കേരളത്തിലെ ക്രിസ്‌തീയ പുരോഹിതരുടെ ലൈംഗികകുറ്റകൃത്യങ്ങളെക്കുറിച്ചാണ്‌. റോബിന്‍ വടക്കുംചേരിയുടെ സംഭവം പുറത്തുവരുന്നതിന്‌ മുമ്പാണ്‌ ഈ ലക്കം പുറത്തിറങ്ങുന്നത്‌. പൊതുസമൂഹം കേരളീയ ക്രിസ്‌ത്യന്‍ പുരോഹിതരെ എങ്ങനെ കാണുന്നു എന്നതിനൊരു സാക്ഷ്യപത്രമാണിത്‌. പുരോഹിതരുടെ ലൈംഗിക അക്രമങ്ങളുടെ പേരില്‍ മാര്‍പാപ്പ പരസ്യമാപ്പ്‌ പറഞ്ഞുവെങ്കിലും കേരള സഭ ഒരിക്കലും അതിന്‌ തയ്യാറായിട്ടില്ല എന്നും ഒരു പുരോഹിതനെപ്പോലും പുറത്താക്കിയിട്ടില്ല എന്നും ഈ റിപ്പോര്‍ട്ട്‌ പറയുന്നു. മാപ്പ്‌ പറഞ്ഞിട്ടില്ല എന്നു മാത്രമല്ല, സിസ്റ്റര്‍ അഭയ കേസിലടക്കം എല്ലായ്‌പ്പോഴും പുരോഹിതരെ രക്ഷിക്കാന്‍ ഏതറ്റം വരെയും പോകാനാണ്‌ സഭകള്‍ തയ്യാറായിട്ടുള്ളതെന്നും പറയുന്നു.'' ഒരു കാര്യം കൂടെ പറഞ്ഞ്‌ ഈ കുറിപ്പ്‌ അവസാനിപ്പിക്കാം. അമേരിക്കയിലെ പെന്‍സില്‍വാനിയയിലെ ഗ്രാന്‍ഡ്‌ ജൂറി 18 മാസത്തെ പഠനത്തിന്‌ ശേഷം പുറത്തുവിട്ട ഒരു പഠനം അവിടത്തെ കത്തോലിക്ക സഭയിലാകെ കലാപകാരണമായിരിക്കുകയാണ്‌. പെന്‍സില്‍വാനിയയിലെ എട്ടില്‍ ആറ്‌ രൂപതകളില്‍ നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തില്‍ പ്രസിദ്ധീകരിച്ച 1400 പുറങ്ങളുള്ള ഈ പഠനം അവിടത്തെ 300 പുരോഹിതര്‍ ആയിരത്തോളം സ്‌ത്രീകളെ ലൈംഗികമായി ചൂഷണം ചെയ്‌ത കാര്യം വിവരിക്കുന്നു.

 

ഈ പീഡനങ്ങളെയെല്ലാം സഭാ സംവിധാനം വളരെ കരുതലോടെ മറച്ചുവച്ചു എന്നും ജൂറി പറയുന്നു. വാഷിങ്‌ടണ്‍ ഡിസിയിലെ കര്‍ദിനാളായ തിയോഡര്‍ മക്‌ കാരിക്ക്‌ അമേരിക്കന്‍ കത്തോലിക്ക സഭയിലെ പ്രൌഢമായ ആര്‍ച്ച്‌ ബിഷപ്പ്‌ ഓഫ്‌ വാഷിങ്‌ടണ്‍ ഡിസി എന്ന സ്ഥാനത്ത്‌ നിന്ന്‌ രാജി വച്ചതിന്റെ തൊട്ടു പിന്നാലെയാണ്‌ ഈ വിവാദം വരുന്നത്‌. ലൈംഗിക അക്രമങ്ങളുടെ പേരില്‍ അദ്ദേഹം വത്തിക്കാനില്‍ സഭാവിചാരണ നേരിടാന്‍ പോവുകയാണ്‌. അതിശക്തനായിരുന്ന ഈ ആര്‍ച്ച്‌ ബിഷപ്പിനോട്‌ ഫ്രാന്‍സിസ്‌ മാര്‍പാപ്പ പറഞ്ഞിരിക്കുന്നത്‌, ''ആരോപണങ്ങള്‍ അന്വേഷിച്ചു തീരും വരെ പ്രാര്‍ത്ഥനയുടെയും പശ്ചാത്താപത്തിന്റെയും ഒരു ജീവിതം ജീവിക്കൂ'' എന്നാണ്‌. മാര്‍പാപ്പ പറഞ്ഞതു തന്നെയാണ്‌ കേരളത്തിലെ ചില കത്തോലിക്ക മെത്രാന്മാരോട്‌ എനിക്കും പറയാനുള്ളത്‌.ബേബി ഫേസ്‌ബുക്ക്‌ പോസ്റ്റില്‍ കുറിച്ചു

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.More From News Plus
More
View More
More From Featured News
View More
More From Trending
View More