You are Here : Home / News Plus

ബി.ജെ.പി സര്‍ക്കാരിന്‍റെ മേക്ക് ഇന്‍ ഇന്ത്യ പദ്ധതിക്ക് തുടക്കം

Text Size  

Story Dated: Thursday, September 25, 2014 05:59 hrs UTC

 
ന്യൂഡല്‍ഹി : മുപ്പതു രാഷ്ട്രങ്ങളില്‍ നിന്നുള്ള മൂവായിരത്തോളം വന്‍ വ്യവസായികളെ സാക്ഷി നിര്‍ത്തി ബി.ജെ.പി സര്‍ക്കാരിന്‍റെ നൂതന പദ്ധതിയായ ‘മേക്ക് ഇന്‍ ഇന്ത്യ’ വിജ്ഞാന്‍ ഭവനില്‍ പ്രധാന മന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്തു. പുതിയ നിക്ഷേപങ്ങള്‍ക്കും വ്യവസായ സംരംഭങ്ങള്‍ക്കുമായുള്ള ദേശീയ പദ്ധതി കേന്ദ്ര വാണിജ്യ വ്യവസായ വകുപ്പാണ് നടപ്പാക്കുന്നത്.
ചുവപ്പ് നാടക്ക് ഇനി വിട;ഇനി ചുവന്ന പരവതാനി -സുദീര്‍ഘമായ ഉദ്ഘാടന പ്രസംഗത്തില്‍ മോദി പറഞ്ഞു. ലോകത്ത് എവിടെയും നിങ്ങള്‍ക്ക് ഉല്‍പന്നങ്ങള്‍ വില്‍ക്കാം. ഇന്ത്യയില്‍ നിര്‍മിക്കണം . ഇന്ത്യയിലേക്ക് വരൂ, ഇവിടെ നിര്‍മിക്കൂ. ഇന്ത്യയെ നിര്‍മാണ ഹബ് ആക്കി മാറ്റൂ -മോദി അഭ്യര്‍ഥിച്ചു.
സുഗമമായി വ്യവസായം നടത്താന്‍ അടിസ്ഥാന സൗകര്യങ്ങള്‍ നല്‍കും. ലൈസന്‍സിങ് ഉദാരമാക്കും. വാണിജ്യ ഇടനാഴികളും സ്മാര്‍ട്ട് സിറ്റികളും അതിവേഗ മെട്രോകളും ഉണ്ടാക്കും. എഫ്.ഡി.ഐ എന്നാല്‍ ഫസ്റ്റ് ഡെവലപ്പ് ഇന്ത്യ എന്നാണെന്ന് മോദി വിശേഷിപ്പിച്ചു. പരസ്പര വിശ്വാസത്തില്‍ അധിഷ്ടിതമാണ് തന്‍റെ സര്‍ക്കാര്‍. എല്ലാ വിഭാഗങ്ങള്‍ക്കിടയിലും പരസ്പര വിശ്വാസത്തിന്‍റെ അന്തരീക്ഷം ഉണ്ടാകണം. ഇന്ത്യയില്‍ നിന്ന് ഒരു വ്യവസായിയും നിര്‍ബന്ധിതമായി പുറത്തേക്കു പോകാനുള്ള സാഹചര്യം ഉണ്ടാകില്ലെന്നും പ്രധാനമന്ത്രി പറഞ്ഞു.
25 നിര്‍മാണ മേഖലകളില്‍ പുതിയ വ്യവസായം തുടങ്ങാന്‍ പ്രോത്സാഹനം നല്‍കുന്ന പദ്ധതിയാണ് മേക്ക് ഇന്‍ ഇന്ത്യ. നിര്‍മാണ മേഖലയില്‍ പത്തു ശതമാനം വളര്‍ച്ചയാണ് ലക്ഷ്യം. ഐ ടി, പ്രതിരോധം ,മരുന്ന് നിര്‍മാണം,ബയോ ടെക്നോളജി, ടൂറിസം , ഭക്ഷ്യ സംസ്കരണം,തുണി,ഇലക്ട്രോണിക്സ് , തുടങ്ങിയവയാണ് മേഖലകള്‍. 48 മണിക്കൂറിനകം നിക്ഷേപകന്‍റെ പ്രയാസങ്ങള്‍ പരിഹരിക്കാന്‍ വിദഗ്ധ സമിതിക്കു രൂപം നല്‍കും .

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.