You are Here : Home / News Plus

ഈജിപ്തില്‍ ഹിതപരിശോധന നടക്കുന്നു

Text Size  

Story Dated: Wednesday, January 15, 2014 05:13 hrs UTC

ഈജിപ്തില്‍ സൈനിക ഭരണകൂടത്തിനുകീഴില്‍ തയാറാക്കപ്പെട്ട പുതിയ ഭരണഘടന സംബന്ധിച്ച ഹിതപരിശോധനക്ക് തുടക്കമായി. കനത്ത സുരക്ഷാസംവിധാനത്തില്‍ നടക്കുന്ന ഹിതപരിശോധന ഇന്നും  തുടരും. 5.4കോടി ജനങ്ങള്‍ ഭരണഘടന സംബന്ധിച്ച തങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുമെന്നാണ് കരുതുന്നത്.
ഹിതപരിശോധനക്കെതിരെ പ്രതിഷേധം ശക്തമായ സാഹചര്യത്തില്‍ കനത്ത സുരക്ഷയാണ് കഴിഞ്ഞ ദിവസം മുതല്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. രാജ്യത്തെ പോളിങ് സ്റ്റേഷനുകളിലായി ഒന്നര ലക്ഷത്തോളം സൈനികരെ വിന്യസിച്ചിട്ടുണ്ട്. ഇതിനുപുറമെ, രണ്ടു ലക്ഷത്തോളം പൊലീസ് ഉദ്യോഗസ്ഥരെയും നിയമിച്ചിട്ടുണ്ട്.
പോളിങ് സ്റ്റേഷനുകള്‍ക്കു മുന്നില്‍ നീണ്ട ക്യൂവാണ് പ്രത്യക്ഷപ്പെട്ടതെന്നാണ് ബി.ബി.സി, ഗാര്‍ഡിയന്‍ തുടങ്ങിയ മുഖ്യധാരാ മാധ്യമങ്ങളുടെ റിപ്പോര്‍ട്ട്. എന്നാല്‍, പല കക്ഷികളുടെയും വോട്ടെടുപ്പ് ബഹിഷ്കരണത്തിന്‍റെ  പശ്ചാത്തലത്തില്‍ ഗിസ ഉള്‍പ്പെടെയുള്ള മേഖലകളിലെ പോളിങ് സ്റ്റേഷനുകള്‍ കാലിയായിക്കിടക്കുന്നതായി അല്‍ അഹ്റാം റിപ്പോര്‍ട്ട് ചെയ്തു.
ചൊവ്വാഴ്ച രാവിലെ എട്ടിന് ആരംഭിച്ച വോട്ടെടുപ്പ് പൊതുവെ ശാന്തമാണെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍, രാജ്യത്തിന്‍റെ  വിവിധ ഭാഗങ്ങളില്‍ പ്രതിഷേധക്കാരും സൈന്യവും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ അഞ്ചുപേര്‍ കൊല്ലപ്പെട്ടു. ഒരു പോളിങ് സ്റ്റേഷനുസമീപം വോട്ടെടുപ്പിനുമുമ്പ് സ്ഫോടനമുണ്ടായതായും റിപ്പോര്‍ട്ടുണ്ട്. രണ്ടാഴ്ചക്കിടെ, കൈറോയിലും അലക്സാണ്‍ട്രിയയിലും ഹിതപരിശോധനക്കെതിരെ ശക്തമായ പ്രതിഷേധമാണ് നടക്കുന്നത്. ഇതുവരെ ഏറ്റുമുട്ടലുകളില്‍ ഏഴു പ്രതിഷേധക്കാര്‍ സൈനിക നടപടിക്ക് ഇരയായതായി ഹ്യൂമന്‍ റൈറ്റ്സ് വാച്ച് അറിയിച്ചു. പ്രമുഖ പ്രതിപക്ഷ കക്ഷികളുടെ നേതാക്കളുള്‍പ്പെടെ 700ലധികം ആളുകളെ മുന്‍കരുതലുകളുടെ പേരില്‍ സൈന്യം അറസ്റ്റ് ചെയ്തിട്ടുണ്ട്. ഹുസ്നി മുബാറക് ഭരണകൂടത്തിനെതിരെ സമരം നയിച്ച നാല് പ്രമുഖ ബ്രദര്‍ഹുഡ് നേതാക്കളും ഇതില്‍ പെടും.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.