You are Here : Home / News Plus

കൊച്ചി നഗരത്തില്‍ തീപിടിത്തം തുടര്‍ക്കഥയാകുന്നു

Text Size  

Story Dated: Thursday, February 21, 2019 05:45 hrs UTC

ഒരു പതിറ്റാണ്ടിനിടെ കൊച്ചി നഗരം കണ്ട വലിയ തീപിടിത്തങ്ങളിലൊന്നാണ് ബുധനാഴ്ച എറണാകുളം സൗത്തിലെ പാരഗണ്‍ ഗോഡൗണിലുണ്ടായത്. ആളപായമുണ്ടായില്ലെങ്കിലും ആറുനില കെട്ടിടം പൂര്‍ണമായി കത്തിനശിച്ചു. നഗരത്തിലും പരിസരത്തും ബഹുനിലകെട്ടിടങ്ങള്‍ അഗ്‌നിക്കിരയാകുന്നത് ആദ്യമല്ല. ചെറുതും വലുതുമായ നിരവധി തീപിടിത്തം അടുത്തകാലത്തുമുണ്ടായി. 2011ല്‍ മറൈന്‍ഡ്രൈവിലെ ജോയ് ആലുക്കാസ് വെഡ്ഡിങ് സെന്ററിലുണ്ടായ തീപിടിത്തം നഗരത്തെ വിറപ്പിച്ചിരുന്നു. പത്തു മണിക്കൂറോളം പരിശ്രമിച്ചാണ് അന്ന് എട്ടുനിലക്കെട്ടിടത്തിന്റെ തീയണച്ചത്. നഗരത്തിലുണ്ടായ വലിയ തീപിടിത്തങ്ങളിലൊന്നായിരുന്നു അത്.

ജനവാസമേഖലയില്‍ സ്ഥാപിക്കുന്ന ഗോഡൗണുകളിലാണ് പലപ്പോഴും തീപിടിത്തമുണ്ടാകുന്നത്. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് മിക്ക തീപിടിത്തങ്ങള്‍ക്കും കാരണം. ഈ മാസം ആദ്യമാണ് പാലാരിവട്ടത്ത് സാനിറ്ററി ഉപകരണങ്ങള്‍ സൂക്ഷിച്ച ഗോഡൗണില്‍  തീപിടിത്തമുണ്ടായത്. സൗത്ത് ജനതാ റോഡില്‍ ഇരുനില വീട്ടില്‍ പ്രവര്‍ത്തിക്കുന്ന പ്രോക്‌സി ഹോം എന്ന സ്ഥാപനത്തിന്റെ ഗോഡൗണിനും ഓഫിസിനുമാണു തീപിടിച്ചത്. ഏറെയും പ്ലാസ്റ്റിക് സാധനങ്ങളായിരുന്നതിനാല്‍ വളരെ വേഗത്തില്‍ തീ പടര്‍ന്നു. ആറ് യൂണിറ്റ് അഗ്‌നിരക്ഷാ സേനാംഗങ്ങള്‍ പരിശ്രമിച്ചാണ് തീ നിയന്ത്രണവിധേയമാക്കിയത്.

കഴിഞ്ഞവര്‍ഷം ഏപ്രിലില്‍ പാലാരിവട്ടത്തുതന്നെ ഭക്ഷണശാലയില്‍ ഗ്യാസ് സിലിന്‍ഡര്‍ മാറ്റിപ്പിടിപ്പിക്കുന്നതിനിടെ വാതകം ചോര്‍ന്ന് തീപിടിച്ചു. സമീപമുള്ള വ്യാപാരസ്ഥാപനങ്ങളിലേക്കും തീ പടര്‍ന്നെങ്കിലും ആളപായമുണ്ടായില്ല. ജൂണില്‍ നോര്‍ത്ത് എസ്ആര്‍എം റോഡില്‍ പ്രവര്‍ത്തിക്കുന്ന ഐഡിയല്‍ എന്റര്‍പ്രൈസസ് എന്ന സ്ഥാപനത്തിനും തീപിടിച്ചു. സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കുള്ള ഡിജിറ്റല്‍ പഠനോപകരണങ്ങള്‍ നിര്‍മിക്കുന്ന കമ്പനിയാണിത്. രണ്ടുനിലയുള്ള കെട്ടിടത്തിന്റെ മുകളില്‍ നിര്‍മിച്ച ഗോഡൗണിലാണ് തീപിടിത്തമുണ്ടായത്.

കഴിഞ്ഞവര്‍ഷം മേയില്‍ എറണാകുളം മാര്‍ഷലിങ്  യാര്‍ഡില്‍ സ്റ്റാഫ് ക്യാന്റീനില്‍ സിലിന്‍ഡറില്‍നിന്നു പാചകവാതകം ചോര്‍ന്ന് തീപിടിത്തമുണ്ടായതും പരിഭ്രാന്തി പരത്തി. ഈ സമയത്ത് ട്രെയിന്‍ അറ്റകുറ്റപ്പണിക്കുള്ള ഒന്നാംനമ്പര്‍ പിറ്റ്‌ലൈനില്‍ എറണാകുളം-ഓഖ എക്സ്പ്രസുണ്ടായിരുന്നു. തീ പെട്ടെന്ന് കെടുത്തിയതിനാല്‍ വന്‍ അപകടം ഒഴിവായി.

2017 മേയില്‍ ഷോപ്പിങ് മാളില്‍ നാലാം നിലയിലെ ഫുഡ് കോര്‍ട്ടിലെ അടുക്കളയില്‍നിന്ന് തീപടര്‍ന്നു.  തിയറ്ററില്‍ സിനിമാപ്രദര്‍ശനം നടക്കുന്നുണ്ടായിരുന്നു. ഇവരെ ഉടന്‍ ഒഴിപ്പിച്ചു. മാളിലെ സുരക്ഷാ സംവിധാനങ്ങള്‍ പ്രവര്‍ത്തിച്ചതുകൊണ്ടാണ് തീ കൂടുതല്‍ ഭാഗങ്ങളിലേക്ക് പടരാതിരുന്നത്. ജൂണില്‍ പാലാരിവട്ടത്തെ ബഹുനിലക്കെട്ടിടത്തിലും തീപിടിത്തമുണ്ടായി. മെട്രോ സ്‌റ്റേഷനു സമീപത്തുള്ള ഹെഡ്ജ് കെട്ടിടത്തിന്റെ എട്ടാംനിലയിലെ ഫ്‌ളക്‌സ് ബോര്‍ഡുകള്‍ക്കാണ് തീപിടിച്ചത്.

ഡിസംബറില്‍ പള്ളിമുക്കില്‍ ഇലക്‌ട്രോണിക്‌സ് കടയില്‍ വന്‍ തീപിടിത്തമുണ്ടായി. നാലു നിലകളിലുള്ള കെട്ടിടത്തില്‍ താഴെ നിലയിലെ കടയ്ക്കാണ് തീപിടിച്ചത്. ഗോഡൗണില്‍ പാര്‍ക്ക്‌ചെയ്തിരുന്ന 10 ബൈക്കുകള്‍ കത്തിനശിച്ചു. ഇതേമാസം ടിഡി റോഡില്‍ കെട്ടിടത്തിന്റെ ഒന്നാംനിലയില്‍ പ്രവര്‍ത്തിക്കുന്ന ബാങ്ക് ഓഫ് ബറോഡയുടെ റീജണല്‍ ഓഫീസിന് തീപിടിച്ചു.

വേനല്‍ക്കാലത്ത് വഴിയോരങ്ങളിലെ പുല്ലിനും മാലിന്യത്തിനുമൊക്കെ തീപിടിച്ച് ആളിപ്പടരുന്നതും കൊച്ചിയില്‍ പതിവാണ്. കാക്കനാട് ബ്രഹ്മപുരം മാലിന്യസംസ്‌കരണ പ്ലാന്റില്‍ മാസങ്ങള്‍ക്കിടെ നിരവധിതവണ തീപിടിത്തമുണ്ടായി. പ്രളയദുരന്ത മാലിന്യങ്ങള്‍ ഉള്‍പ്പെടെ ടണ്‍കണക്കിന് പ്ലാസ്റ്റിക് മാലിന്യങ്ങളില്‍ തീപിടിച്ചതുമൂലം ദിവസങ്ങളോളം പുക നിറഞ്ഞു. കഴിഞ്ഞവര്‍ഷം ഫെബ്രുവരിയില്‍ കപ്പല്‍ശാലയില്‍ ഉണ്ടായ പൊട്ടിത്തെറിയില്‍ അഞ്ചുപേരും മരിച്ചു.
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.