You are Here : Home / News Plus

കോതനല്ലൂരില്‍ റെയില്‍പ്പാളത്തില്‍ വിള്ളല്‍ ; തലനാരിഴയ്ക്ക് അപകടം ഒഴിവായി

Text Size  

Story Dated: Monday, September 29, 2014 04:34 hrs UTC

റെയില്‍പ്പാളത്തിലെ വിള്ളല്‍ ഗേറ്റ്മാന്റെ ശ്രദ്ധയില്‍പ്പെട്ടതിനാല്‍ തലനാരിഴയ്ക്ക് അപകടം ഒഴിവായി. കോതനല്ലൂര്‍ റെയില്‍േവഗേറ്റിനോടു ചേര്‍ന്നുള്ള പാളമാണ് രണ്ടായി മുറിഞ്ഞത്. ഞായറാഴ്ച രാവിലെ 7.30 ഓടെ എറണാകുളത്തുനിന്നു കൊല്ലത്തേക്ക് പോവുകയായിരുന്ന പാസഞ്ചര്‍ ട്രെയിന് സിഗ്നല്‍ കാണിക്കാന്‍ ഗേറ്റ്മാന്‍ എത്തിയപ്പോഴാണ് പാളം മുറിഞ്ഞിരിക്കുന്നതു കാണുന്നത്. വിവരം ഉടന്‍തന്നെ കോട്ടയത്ത് റെയില്‍േവ ഓഫീസില്‍ അറിയിച്ചു. പാസഞ്ചര്‍ ട്രെയിന്‍ നിര്‍ത്തിയിടാനുള്ള സന്ദേശം നല്‍കാനും സംവിധാനം ഒരുക്കി. എന്നാല്‍ ഇതിനിടെ പാസഞ്ചര്‍ ട്രെയിന്‍ എത്തി. എന്‍ജിന്‍ ഉള്‍പ്പെടെ നാലുബോഗി വിള്ളലുള്ള ഭാഗം കടന്നശേഷമാണ് തീവണ്ടി നിന്നത്.

കോട്ടയത്തുനിന്ന് സെക്ഷന്‍ എന്‍ജിനീയറുടെ നേതൃത്വത്തിലുള്ള ജീവനക്കാര്‍ പിന്നീടെത്തി പാളങ്ങള്‍ കൂട്ടിഘടിപ്പിച്ചശേഷം ട്രെയിന്‍ കടത്തിവിട്ടു. പാസഞ്ചര്‍ ട്രെയിനിനു തൊട്ടുമുമ്പ് വഞ്ചിനാട് എക്‌സ്പ്രസ് കടന്നുപോയപ്പോള്‍ വിള്ളലുണ്ടായിടത്തുനിന്നു വലിയ ശബ്ദം കേട്ടതായി സമീപവാസികള്‍ പറഞ്ഞു. പൊട്ടിയപാളം മാറ്റി പുതിയ റെയില്‍ സ്ഥാപിക്കുന്നതുവരെ ഈഭാഗത്ത് ട്രെയിനുകളുടെ വേഗം 30 കിലോമീറ്ററായി നിയന്ത്രിച്ചിട്ടുണ്ട്. 30 മിനുട്ടോളം പാസഞ്ചര്‍ ട്രെയിന്‍ ഇവിടെ പിടിച്ചിട്ടു. ഈസമയം ഗേറ്റടച്ചിട്ടതിനാല്‍ റോഡുഗതാഗതവും മുടങ്ങി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.