You are Here : Home / News Plus

ചൈനീസ്‌ പ്രസിഡന്റ്‌ ഷീ ചിന്‍പിംഗ്‌ ഇന്ത്യന്‍ പര്യടനം തുടങ്ങി

Text Size  

Story Dated: Wednesday, September 17, 2014 09:58 hrs UTC

അഹമ്മദാബാദ്‌: ചൈനീസ്‌ പ്രസിഡന്റ്‌ ഷീ ചിന്‍പിംഗ്‌ പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കു ജന്മദിനാശംസ നേര്‍ന്ന ഗുജറാത്തില്‍നിന്ന്‌ ഇന്ത്യന്‍ പര്യടനം തുടങ്ങി.ഗുജറാത്തി നൃത്തത്തോടെയാണു ചൈനീസ്‌ പ്രസിഡന്റിനെ ഇന്ത്യ സ്വീകരിച്ചത്‌. വിമാനത്താവളത്തില്‍വച്ചുതന്നെ ചിന്‍പിംഗിനു ഗാര്‍ഡ്‌ ഓഫ്‌ ഓണര്‍ നല്‍കി. ഭഗവത്‌ ഗീത നല്‍കിയാണു ചിന്‍പിംഗിനെ നരേന്ദ്ര മോഡി സ്വീകരിച്ചത്‌. വെളുത്ത ഖാദി ജാക്കറ്റും പ്രധാനമന്ത്രി സമ്മാനിച്ചു. സബര്‍മതി ആശ്രമത്തിലേക്കു മോഡിയും ചിന്‍പിംഗും ഒരുമിച്ചാണു പോയത്‌. മോഡി സമ്മാനിച്ച ജാക്കറ്റ്‌ ധരിച്ചെത്തിയ ചിന്‍പിംഗ്‌, ഗാന്ധിജിയുടെ ഓര്‍മകള്‍ നിറഞ്ഞ ഹൃദയകുഞ്ചില്‍ ആദരവോടെ ഏതാനും നിമിഷം ചെലവിട്ടു. ചുവപ്പുപരവതാനി വിരിച്ചാണു ഗുജറാത്ത്‌ സര്‍ക്കാര്‍ ചിന്‍പിംഗിനെ സ്വീകരിച്ചത്‌. പ്രോട്ടോക്കോളുകളുടെ ഔപചാരികത പലതും മാറ്റിവച്ചാണു ചൈനീസ്‌ പ്രസിഡന്റിന്റെ മൂന്നു ദിവസം നീളുന്ന സന്ദര്‍ശനത്തിന്റെ ആദ്യ ദിനം. ആദ്യ ദിവസംതന്നെ മൂന്നു കരാറുകളാണ്‌ അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള സംഘം ഒപ്പുവച്ചത്‌. വ്യവസായ പാര്‍ക്കുകള്‍, ഗ്വാന്‍ഷു- അഹമ്മദാബാദ്‌ സഹോദര നഗരങ്ങള്‍, ഗ്വാഗ്‌ഡോംഗ്‌ പ്രവിശ്യ-ഗുജറാത്ത്‌ സാംസ്‌കാരിക കരാര്‍ എന്നിവയാണു ഒപ്പുവച്ചത്‌. ഇവിടെവച്ചു ചര്‍ക്ക പ്രവര്‍ത്തിപ്പിക്കാനും അദ്ദേഹം മറന്നില്ല. പിന്നീട്‌ സബര്‍മതി റിവര്‍ഫ്രണ്ടില്‍ മോഡി ചൈനീസ്‌ പ്രസിഡന്റിനും ഭാര്യക്കുമായി വിരുന്നു നടത്തി. ഗുജറാത്ത്‌ മാതൃകയില്‍ തയാറാക്കിയ പ്രത്യേക ആട്ടുകട്ടിലിലിരുന്നായിരുന്നു ചര്‍ച്ച. വ്യാപാര വാണിജ്യ നിക്ഷേപ മേഖലകളില്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണം കൂടുതല്‍ ശക്‌തമാക്കാന്‍ ലക്ഷ്യമിട്ടാണു ചൈനീസ്‌ പ്രസിഡന്റിന്റെ ഇന്ത്യാ സന്ദര്‍ശനം. ഇന്നു ഡല്‍ഹി ഹൈദരാബാദ്‌ ഹൗസിലാണ്‌ ഇന്ത്യ - ചൈന ഉഭയകക്ഷി ചര്‍ച്ച. വ്യാപാര വാണിജ്യ മേഖലകളില്‍ പരസ്‌പര സഹകരണം മെച്ചപ്പെടുത്തുന്നതിനുള്ള കരാറുകളില്‍ ഇരു രാജ്യങ്ങളും ഒപ്പുവയ്‌ക്കും. അടിസ്‌ഥാന സൗകര്യവികസനം സംബന്ധിച്ചും ഇരു രാജ്യങ്ങളും തമ്മില്‍ ധാരണയിലെത്തിയേക്കും. വൈകിട്ടു രാഷ്‌ട്രപതി പ്രണബ്‌ മുഖര്‍ജി ചൈനീസ്‌ പ്രസിഡന്റിന്‌ അത്താഴവിരുന്നു നല്‍കും. നാളെ ലോക്‌സഭാ സ്‌പീക്കര്‍ സുമിത്രാ മഹാജനുമായും കോണ്‍ഗ്രസ്‌ അധ്യക്ഷ സോണിയാ ഗാന്ധിയുമായും ചിന്‍പിംഗ്‌ കൂടിക്കാഴ്‌ച നടത്തും. അതിര്‍ത്തിയിലെ ചൈനയുടെ നുഴഞ്ഞുകയറ്റം ചര്‍ച്ചയാക്കണമെന്ന കോണ്‍ഗ്രസ്‌ ആവശ്യത്തോടു പ്രതികരിക്കാന്‍ മോഡിയും കേന്ദ്ര സര്‍ക്കാരും തയാറായിട്ടില്ല.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.