You are Here : Home / News Plus

കോണ്‍ഗ്രസിലെ വിഴുപ്പലക്കികളെ നിലക്ക് നിര്‍ത്തണമെന്ന് പി.സി. ജോര്‍ജ്

Text Size  

Story Dated: Sunday, August 24, 2014 05:40 hrs UTC

പാലക്കാട്: കോണ്‍ഗ്രസിലെ വിഴുപ്പലക്കികളെ നിലക്ക് നിര്‍ത്താന്‍ ഹൈക്കമാന്‍ഡ് തയാറാവണമെന്ന് സര്‍ക്കാര്‍ ചീഫ് വിപ്പ് പി.സി. ജോര്‍ജ് വാര്‍ത്താമ്മേളനത്തില്‍ ആവശ്യപ്പെട്ടു. മദ്യവിമുക്ത കേരളമെന്നത് യു.ഡി.എഫിന്‍െറ നയവും ജനങ്ങളുടെ പൊതുകാഴ്ചപ്പാടുമാണ്. ഇത് തങ്ങളുടേതെന്ന രീതിയിലുള്ള കോണ്‍ഗ്രസിലെ വിവിധ ഗ്രൂപ്പുകളുടെ വിഴുപ്പലക്കല്‍ എല്ലാ പരിധിക്കും അപ്പുറത്തേക്ക് കടന്നിരിക്കുന്നു. അടിയന്തരമായി ഹൈകമാന്‍ഡ് ഇടപെട്ടില്ലെങ്കില്‍ കേരളത്തിലും കോണ്‍ഗ്രസിന്‍െറ പതനം ആസന്നമാണ്.
തലേദിവസംവരെ എത്ര ബാറുകള്‍ അനുവദിക്കണമെന്ന് കൂട്ടികിഴിച്ച് ചര്‍ച്ച ചെയ്തവരാണ് നേരംവെളുത്തപ്പോള്‍ സമ്പൂര്‍ണ്ണ മദ്യനിരോധനവുമായി വന്നതെന്നോര്‍ക്കണം. സുധീരന്‍െറയോ ഉമ്മന്‍ചാണ്ടിയുടേയോ ചെന്നിത്തലയുടെയോ സംഭാവനയെ കുറച്ചുകാണുന്നില്ല. എന്നാല്‍, ഘടകകക്ഷികളുടെ ശക്തമായ സമ്മര്‍ദ്ദം പുതിയ മദ്യനയത്തിന് പിന്നിലുണ്ട്. ഘടകകക്ഷികളൊന്നും കോണ്‍ഗ്രസിന്‍െറ പാട്ടപറമ്പില്‍ കിടക്കുന്നവരല്ല. ഘടകക്ഷികളുടെ മുതിര്‍ന്ന നേതാക്കള്‍ക്കെതിരെ വൃത്തികേട് പറയുന്നത് ശരിയല്ല.
വിഴുപ്പലക്കികളെ നിലക്കുനിര്‍ത്തിയില്ലെങ്കില്‍ കടുത്ത നടപടി വേണ്ടിവരും. നെല്ലിയാമ്പതി തോട്ടവുമായി ബന്ധപ്പെട്ട സി.ബി.ഐ അന്വേഷണ റിപ്പോര്‍ട്ട് തന്‍െറ നിലപാടുകള്‍ക്കുള്ള അംഗീകാരമാണെന്ന് പി.സി. ജോര്‍ജ് പറഞ്ഞു. പച്ച പറയുന്ന എം.എല്‍.എമാരും കപട പരിസ്ഥിതി സ്നേഹികളും യഥാര്‍ഥ്യം ഉള്‍കൊണ്ട് തെറ്റ് തിരുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.