You are Here : Home / News Plus

കെ.എം.എം.എല്‍ വാതക ചോര്‍ച്ചയുമായി ബന്ധപ്പെട്ട് ഉന്നതതല യോഗം ചേരും

Text Size  

Story Dated: Friday, August 08, 2014 03:09 hrs UTC

തിരുവനന്തപുരം: കെ.എം.എം.എല്ലിലെ വാതക ചോര്‍ച്ചയുമായി ബന്ധപ്പെട്ട സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ ആഗസ്റ്റ് 12 വൈകിട്ട് 3.30ന് വ്യവസായ വകുപ്പ് മന്ത്രിയുടെ ചേംബറില്‍ ഉന്നതതല യോഗം ചേരുമെന്ന് മന്ത്രിയുടെ ഓഫിസ് അറിയിച്ചു.
വ്യവസായ വകുപ്പ് മന്ത്രിക്ക് പുറമേ, ആഭ്യന്തര മന്ത്രി, തൊഴില്‍ മന്ത്രി, കെ.എം.എം.എല്‍ ചെയര്‍മാന്‍ കൂടിയായ ധനകാര്യ-ഐടി വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി വി.സോമസുന്ദരം, ആഭ്യന്തര വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി, കൊല്ലം ജില്ലാ കലക്ടര്‍, കെ.എം.എം.എല്‍ ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങള്‍, അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് പാലീസ് എ.ഹേമചന്ദ്രന്‍, കെ.എം.എം.എല്‍ മാനേജിംഗ് ഡയറക്ടര്‍, മലിനീകരണ നിയന്ത്രണ ബോര്‍ഡ് ചെയര്‍മാന്‍, ഫാക്ടറീസ് ആന്‍റ് ബോയിലേഴ്സ് ഡയറക്ടര്‍, വ്യവസായ വകുപ്പിലെയും കെ.എം.എം.എല്ലിലെയും മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുക്കും.
ആഗസ്റ്റ് ആറിന് കെ.എം.എം.എല്ലില്‍ നിന്നും വാതകം ചോര്‍ന്ന് സ്കൂള്‍ കുട്ടികള്‍ ആശുപത്രിയിലായി എന്ന വാര്‍ത്ത ശ്രദ്ധയില്‍പ്പെട്ട ഉടന്‍തന്നെ അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ വ്യവസായ-ഐടി വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി പി.എച്ച്.കുര്യനെ ചുമതലപ്പെടുത്തിയിരുന്നുവെന്ന് വ്യവസായ വകുപ്പ് മന്ത്രി പി.കെ.കുഞ്ഞാലിക്കുട്ടി അറിയിച്ചു.
അന്വേഷണ റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലുള്ള തുടര്‍ നടപടികള്‍ ചര്‍ച്ച ചെയ്യാനാണ് 12 ന് ഉന്നതതല യോഗം വിളിച്ചതെന്നും കമ്പനിയുടെ ഭാഗത്ത് ഏതെങ്കിലും തരത്തിലുള്ള വീഴ്ചയുണ്ടായെന്ന് തെളിഞ്ഞാല്‍ ബന്ധപ്പെട്ടവര്‍ക്കെതിരെ കടുത്ത നടപടി സ്വീകരിക്കുമെന്നും അദ്ദേഹം അറയിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.