You are Here : Home / News Plus

ഇപ്പൊ കണ്ടോണം നമ്മുടെ 'ഫ്ലക്സ് എംപി'മാരെ; പിന്നെ കാണാന്‍ പറ്റിയില്ലെങ്കിലോ?

Text Size  

Aswamedham News Team

mail@aswamedham.com

Story Dated: Sunday, March 16, 2014 06:32 hrs UTC

കേരളത്തില്‍ ജനപ്രിയരില്‍ മുന്‍ നിരയിലുള്ള എം.പിമാരില്‍ ഒന്നാമനാണു എം.കെ രാഘവന്‍ എം.പി. ജനങ്ങളോടുള്ള ഇടപഴകലിലും,സബ്മിഷന്‍ അവതരിപ്പിക്കുന്നതിലും എം.പി എല്ലാവരെക്കാളും ഒരുപടി മുന്‍പില്‍ തന്നെ. പക്ഷെ ജനപ്രിയ എം.പിമാരില്‍ മറ്റൊരു ഒന്നാംസ്ഥാനം കൂടിയുണ്ട് ഇദ്ദേഹത്തിന്. എന്താണെന്നല്ലെ? എറ്റവും കൂടുതല്‍ ഫ്ളക്സ് ബോര്‍ഡുകളില്‍ വെട്ടി തിളങ്ങിയ മുഖം എന്ന ഖ്യാദി.

ബാംഗ്ലൂര്‍ ആസ്ഥാനമായുള്ള സ്വകാര്യ കമ്പനി നടത്തിയ സര്‍വ്വെയിലാണ് കേരളത്തില്‍ എം.പി ഒന്നാംസ്ഥാനം നിലനിര്‍ത്തിയത്. 497 ഫ്ളക്സുകളാണ് ഇദ്ദേഹത്തിന്റെതായി കോഴിക്കോട് ജില്ലയില്‍ ഉള്ളതത്രെ. ഇപ്പോള്‍ നിലവിലുള്ളതിന്റെ കണക്കാണിത്. നശിപ്പിക്കപ്പെട്ടപോയതും ഇനി വരാനുള്ളതും വേറെ. അതുകൊണ്ടുതന്നെ ശത്രുക്കള്‍ ഇദ്ദേഹത്തിന് ഒരുപേരിട്ടു. 'ഫ്ളക്സ് എം.പി'.

ഇതുകേട്ട് സി.പി.എം ചിരിക്കാന്‍ വരട്ടെ... രണ്ടാംസ്ഥാനം പാലക്കാട് എം.പിയായ എം.ബി രാജേഷിനാണ്. ജനപ്രതിനിധികള്‍ എങ്ങിനെയായിരിക്കണമെന്ന വിഷയത്തെ അധികരിച്ചു നടത്തിയ പഠന സര്‍വ്വെയിലാണ് എം.പിമാരുടെ ഈ ശക്തമായ മുന്നേറ്റം.

എന്നാല്‍ ഫ്ളക്സ് പ്രേമത്തിനു പിന്നില്‍  ഒരു കഥകൂടിയുണ്ട്. രണ്ടു എം.പിമാരും റെയില്‍വേയുമായുള്ള വിഷയത്തില്‍ കാര്യമായി ഇടപെടുന്നവരാണ്. കോഴിക്കോടിനെ  രാജ്യാന്തര റെയില്‍വേസ്റ്റേഷനാക്കി ഉയര്‍ത്തുന്നതിന്റെ ഭാഗമായി എം.കെ രാഘവന്‍ എം.പി യെടുത്ത ഓരോ നീക്കത്തിനും നഗരത്തില്‍ പുതിയ ഓരോ ഫ്ളകസ് ബോര്‍ഡുകള്‍ തൂങ്ങിയാടി. പാലക്കാട് സോണ്‍ രൂപീകരണവും കോച്ച് ഫാക്ടറിയുമായി രാജേഷും പാര്‍ലമെന്റില്‍ കസറി. പിന്നെ എങ്ങിനെ ഇവര്‍ക്ക് അഭിവാദ്യമര്‍പ്പിച്ച് ബോര്‍ഡുകള്‍ ഉയാരാതിരിക്കും. റെയില്‍വേയുമായി ബന്ധപ്പെട്ടുള്ള ഏതു വികസനവും ഇവരുടെ മേലാണ് ചാര്‍ത്തപ്പെടുക. ജനങ്ങളുമായി ഏറെ അടുത്തു നില്‍ക്കുന്ന വിഷയമായതിനാല്‍ ഇതില്‍ ഇടപെടാന്‍ രണ്ടുപേര്‍ക്കും താല്‍പര്യവുമാണ്.  വികസന മുന്നേറ്റയാത്രയുമായി എം.കെ രാഘവന്‍ അവാസാന നിമിഷം ആഞ്ഞടിച്ചപ്പോള്‍ 400 നു മുകളില്‍ നിന്ന് ഫ്ളക്സ് ബോര്‍ഡുകളുടെ എണ്ണം കുതിച്ചുയര്‍ന്നു. അതു ചൂണ്ടിക്കാട്ടിയാണ്  സി.പി.എം ഇദ്ദേഹത്തെ എതിരിടാനൊരുങ്ങുന്നത്. എം.പിയ്ക്ക് ഫ്ലക്സ് ബോര്‍ഡുകളില്‍ വെയ്ക്കാനായി മുഖം പകര്‍ത്തുന്ന പ്രത്യേക ഫോട്ടോഗ്രാഫര്‍ തന്നെയുണ്ടെന്നാണു ശത്രുക്കള്‍ പറഞ്ഞുപരത്തുന്നത്.
എതിര്‍ സ്ഥാനാര്‍ഥി വിജയരാഘവന്‍ ഇൌ നാട്ടിലേ ഇല്ലാത്ത ആളായതിനാല്‍ അദ്ദേഹത്തിന് ഫ്ളക്സ് വെക്കുന്നതിനു ഒരു പരിധിയുണ്ടല്ലോ. മാത്രമല്ല നഗരത്തിലെ കണ്ണായ സ്ഥലമെല്ലാം രാഘവന്റെ കുട്ടികള്‍ ബുക്ക് ചെയ്യുകയും ചെയ്തു.

യുവത്വവും അതു നല്‍കുന്ന പ്രസരിപ്പുമാണ് എം.ബി രാജേഷിന്റെ മുഖം ഫ്ളകസ് ബോര്‍ഡുകളില്‍  പതിപ്പിക്കാന്‍ പ്രവര്‍ത്തകര്‍ക്ക് ആവേശം പകരുന്നത്. പൊതുവെ സി.പി.എം നേതാക്കള്‍ക്ക് ഫ്ളക്സ് ബോര്‍ഡുകളോടുള്ള പ്രണയം കുറവാണെന്നാണ് പറയപ്പെടുന്നതെങ്കിലും ചരിത്രം വഴിമാറുകയാണ് രാജേഷിനു മുന്നില്‍. ലാവലിന്‍ കേസില്‍ പിണറായി വിജയനെ കുറ്റ വിമുക്തനാക്കിയപ്പോള്‍ മാത്രമാണ്  ഒരു.സി.പി.എം നേതാവിനെ പ്രകീര്‍ത്തിച്ച് ഇത്രയും  ബോര്‍ഡുകള്‍ വയ്ക്കാനാവുമെന്ന്  പ്രവര്‍ത്തകര്‍ക്ക് മനസ്സിലായത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.