You are Here : Home / News Plus

നല്ല വേഷം കിട്ടിയാല്‍ മാത്രമേ ഇനി സിനിമയിലേക്കുള്ളൂ: ജലജ

Text Size  

Story Dated: Wednesday, March 05, 2014 10:31 hrs UTC

നല്ല വേഷം കിട്ടിയാല്‍ മാത്രമേ ഇനി സിനിമയിലേക്ക് തിരിച്ചുവരികയുള്ളൂവെന്ന് നടി ജലജ. ഇരുപതുവര്‍ഷം മുമ്പ് അഭിനയം ഉപേക്ഷിച്ച് ഭര്‍ത്താവ് പ്രകാശിനൊപ്പം വിദേശത്തേക്ക് പോയതാണ്. മലയാള സിനിമ കാണാറുണ്ടെങ്കിലും പുതിയ തലമുറയില്‍പ്പെട്ട ഒരാളെപ്പോലും അറിയില്ല. അതുകൊണ്ടുതന്നെ സിനിമയിലേക്ക് തിരിച്ചെത്തിയാല്‍ അവര്‍ എങ്ങനെ പെരുമാറുമെന്ന് തനിക്കറിയില്ലെന്നും ജലജ ഒരു ചാനലിന് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി.

ന്യൂജനറേഷന്‍ സിനിമ എന്നൊരു വിഭാഗമില്ല. അത് മാധ്യമങ്ങള്‍ സൃഷ്ടിച്ചതാണ്. സിനിമയില്‍ എല്ലാ കാലത്തും പരീക്ഷണങ്ങള്‍ വന്നിട്ടുണ്ട്. അതിനെയൊന്നും ആരും ഒരു പേരിട്ടുവിളിച്ചില്ലെന്നേയുള്ളൂ. പുതിയ തലമുറയിലുള്ളവരുടെ ട്രെന്‍ഡാണ് അവരുടെ സിനിമകളിലും കാണുന്നത്.
വാണിജ്യവും കലാപരവുമായ ഒരുപാടു സിനിമകളില്‍ എനിക്ക് അഭിനയിക്കാന്‍ കഴിഞ്ഞു. മലയാളത്തിലെ മുന്‍നിര സംവിധായകര്‍ക്കൊപ്പവും താരങ്ങള്‍ക്കൊപ്പവും പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞതാണ് ജീവിതത്തിലെ ഏറ്റവും വലിയ ഭാഗ്യമായി കരുതുന്നത്. ലെനിന്‍ രാജേന്ദ്രന്റെ ആദ്യ സിനിമയായ 'വേനലി'ലും ഭരതന്റെ 'മര്‍മ്മര'ത്തിലും റോള്‍ കിട്ടിയത് യാദൃച്ഛികമായാണ്.

 'വേനലി'ല്‍ അക്കാലത്ത് ഏറ്റവും മാര്‍ക്കറ്റുള്ള നടിയെയാണ് ബുക്ക് ചെയ്തത്. എന്നാല്‍ ഇതിലും വലിയൊരു പ്രൊജക്ട് വന്നപ്പോള്‍ അവര്‍ ഇട്ടിട്ടുപോയി. അണിയറപ്രവര്‍ത്തകര്‍ വേറെ നായികയെ അന്വേഷിച്ചിറങ്ങി. ഷൂട്ടിംഗ് തുടങ്ങാന്‍ ദിവസങ്ങള്‍ മാത്രമുള്ളപ്പോഴാണ് വേനലിന്റെ അണിയറപ്രവര്‍ത്തകര്‍ വീട്ടിലെത്തി കാര്യം പറഞ്ഞത്. അതോടെ സമ്മതിക്കേണ്ടിവന്നു.
'മര്‍മ്മര'ത്തിലേക്ക് ഭരതേട്ടന്‍ വിളിക്കുമ്പോള്‍ മറ്റൊരു സിനിമയ്ക്ക് ഡേറ്റ് നല്‍കിയിരിക്കുകയായിരുന്നു. അതിനാല്‍ പറ്റില്ലെന്നു പറഞ്ഞു.

ആ സിനിമയുടെ പ്രമേയം എനിക്ക് വല്ലാതെ ഇഷ്ടപ്പെട്ടിരുന്നു. ആറുമാസം കഴിഞ്ഞ് ഡബ്ബിംഗ് തിയറ്ററില്‍ വച്ച് ഭരതേട്ടനെക്കണ്ടപ്പോള്‍ ആദ്യം ചോദിച്ചത് മര്‍മ്മരത്തെക്കുറിച്ചായിരുന്നു. ഷൂട്ടിംഗ് കഴിഞ്ഞെന്നായിരുന്നു ഞാന്‍ കരുതിയിരുന്നത്.  
''അത് തനിക്കുവച്ച ക്യാരക്ടറാണ്. നീ പറ്റില്ലെന്ന് പറഞ്ഞപ്പോള്‍ മറ്റൊരു കുട്ടിയെ വച്ചെടുത്തു. പക്ഷെ ശരിയായില്ല. തനിക്ക് താല്‍പ്പര്യമുണ്ടെങ്കില്‍ അഭിനയിക്കാം.''

ബി.എയുടെ പരീക്ഷ നടക്കുന്ന സമയമായിരുന്നു അത്. അതുകൊണ്ട് എനിക്ക് അഭിനയിക്കാന്‍ പറ്റില്ല. പക്ഷെ ഇത്തവണയും മര്‍മ്മരത്തെ ഒഴിവാക്കാനൊരു മടി. ഒടുവില്‍ അഭിനയം തന്നെ ജയിച്ചു. പരീക്ഷ സെപ്റ്റംബറിലുമെഴുതാമല്ലോ. ഈ രണ്ട് സിനിമകളും ചെയ്തില്ലെങ്കില്‍ അഭിനയജീവിതത്തില്‍ അത് വലിയ നഷ്ടമായേനെ.

ഒരു ബഹറൈന്‍ ട്രിപ്പിനിടെയാണ് പാലക്കാട്ടുകാരനായ പ്രകാശിനെ കാണുന്നത്. ഇന്നത്തെപ്പോലെ അന്ന് ഫോണൊന്നുമില്ല. കത്തുകള്‍ ധാരാളം വരാറുണ്ട്. അക്കൂട്ടത്തില്‍ പ്രകാശിന്റെ കത്തുമുണ്ടാവും. നല്ലൊരു സൗഹൃദബന്ധമായിരുന്നു ഞങ്ങളുടേത്. പക്ഷെ ഒരുനാള്‍ അത് ഉടക്കിപ്പിരിഞ്ഞു. വീണ്ടും പ്രകാശ് സ്‌റ്റേജ് പ്രോഗ്രാമിന് വിളിച്ചപ്പോഴാണ് ആ പിണക്കം മാറിയത്.

പരസ്പരം അറിയുന്ന സ്ഥിതിക്ക് എന്തുകൊണ്ട് വിവാഹം കഴിച്ചുകൂടാ എന്നൊരു തോന്നല്‍ വന്നപ്പോഴാണ് അക്കാര്യത്തെക്കുറിച്ച് ചിന്തിച്ചത്. ജാതകം നോക്കിയപ്പോള്‍ പൊരുത്തമുണ്ട്. അങ്ങനെയായിരുന്നു വിവാഹം. വിവാഹം കഴിഞ്ഞയുടന്‍ തന്നെ ഞാന്‍ പ്രകാശിനൊപ്പം വിദേശത്തേക്കു പോയി. ഇപ്പോള്‍ ഞങ്ങള്‍ക്കൊരു മകളുണ്ട്. അമ്മു.

കുക്കിംഗ്, ട്രാവലിംഗ്, അമ്മുവിന്റെ പഠിത്തം എന്നിവയായപ്പോള്‍ ഞാന്‍ ശരിക്കും തിരക്കിലായി. മാത്രമല്ല, ഞങ്ങള്‍ നാട്ടിലെത്തുന്നത് ജൂലൈ മാസത്തിലാണ്. ആ സമയത്ത് കേരളത്തില്‍ നല്ല മഴയാണ്. അതിനാല്‍ അധികം ഷൂട്ടിംഗൊന്നും ഉണ്ടാവില്ല. മാത്രമല്ല, അഭിനയിക്കണമെന്ന് പറഞ്ഞ് ആരും സമീപിച്ചിട്ടുമില്ല. ഇപ്പോള്‍ ഞാന്‍ ഫ്രീയാണ്. വേണമെങ്കില്‍ അഭിനയിക്കാം. അമ്മവേഷമാണെങ്കിലും അതിനൊരു പ്രാധാന്യമുണ്ടാവണം. വെറുതെ അമ്മയായി നിന്നുകൊടുക്കാന്‍ താല്‍പ്പര്യമില്ല.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.