You are Here : Home / News Plus

ഞായറാഴ്ചകള്‍ പൂര്‍ണ അവധി,പിന്‍സീറ്റ് യാത്ര അനുവദിക്കില്ല

Text Size  

Story Dated: Saturday, May 02, 2020 01:20 hrs UTC

 സംസ്ഥാനത്ത് ഇരുചക്ര വാഹനങ്ങളില്‍ പിന്‍സീറ്റ് യാത്ര അനുവദിക്കില്ല; സ്വകാര്യ വാഹനങ്ങളില്‍ ഡ്രൈവര്‍ അടക്കം മൂന്നുപേരെ അനുവദിക്കും
 
സംസ്ഥാനത്ത് ഇരുചക്ര വാഹനങ്ങളില്‍ പിന്‍സീറ്റ് യാത്ര അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. എന്നാല്‍ അത്യാവശ്യ സാഹചര്യങ്ങള്‍ക്ക് ഇളവുണ്ട്. ഓഫീസുകളില്‍ പോകുന്ന ഭാര്യ, ഭര്‍ത്താക്കന്‍മാര്‍, സഹോദരീ സഹോദരന്‍മാര്‍ എന്നിവര്‍ക്ക് ഇളവ് നല്‍കും. സ്വകാര്യ വാഹനങ്ങളില്‍ ഡ്രൈവര്‍ അടക്കം മൂന്നുപേരെ അനുവദിക്കും.
 
ഗ്രീന്‍ സോണില്‍ കടകള്‍ ആഴ്ചയില്‍ ആറു ദിവസം തുറക്കാം. ഞായറാഴ്ച ആരും പുറത്തിറങ്ങരുത്. ആളുകള്‍ കൂടിച്ചേരുന്ന ഒരു പരിപാടിയും അനുവദിക്കില്ല. തീയേറ്ററുകള്‍, മാളുകള്‍, ആരാധനാലയങ്ങള്‍ എന്നിവയും അടച്ചിടണം. ഒന്നിലധികം നിലകളില്ലാത്ത ടെക്‌സ്റ്റൈയില്‍ സ്ഥാപനങ്ങള്‍ക്ക് പ്രവര്‍ത്തിക്കാമെന്നും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി.
രണ്ട് ജില്ലകള്‍ കൂടി ഗ്രീന്‍ സോണില്‍ ഉള്‍പ്പെടുത്തി. 21 ദിവസത്തിലേറെയായി പുതിയ കേസുകളില്ലാത്ത ആലപ്പുഴ, തൃശൂര്‍ ജില്ലകളെയാണ് ഗ്രീന്‍ സോണിലേക്ക് മാറ്റിയത്. നിലവില്‍ കൊവിഡ് പോസിറ്റീവ് രോഗികള്‍ ചികിത്സയിലില്ലാത്ത ജില്ലകളാണിവ. കണ്ണൂരും കോട്ടയവും റെഡ് സോണില്‍ തുടരും. മറ്റ് ജില്ലകള്‍ ഓറഞ്ച് സോണിലാണ്. സമയാസമയം ജില്ലകളിലെ സ്ഥിതി വിലയിരുത്തി സോണുകളുടെ തരംതിരിക്കല്‍ മാറ്റും. റെഡ് സോണ്‍ ജില്ലകളിലെ ഹോട്ട്സ്പോട്ടുകളില്‍ ലോക്ക് ഡൗണ്‍ നിയന്ത്രണം കര്‍ശനമായി തുടരും. മറ്റ് പ്രദേശങ്ങളില്‍ ഇളവുകള്‍ ഉണ്ടാകും.
 
ജില്ലകളെ മൂന്നായി തരംതിരിച്ചിട്ടുണ്ട്. 21 ദിവസമായി കൊവിഡ് പോസിറ്റീവ് ഇല്ലാത്ത ജില്ലകളാണ് ഗ്രീന്‍ സോണ്‍. കേന്ദ്രത്തിന്റെ പട്ടിക അനുസരിച്ച്‌ എറണാകുളം, വയനാട് ജില്ലകള്‍ ഗ്രീന്‍ സോണിലാണ്. വയനാട്ടില്‍ ഇന്ന് പോസിറ്റീവ് കേസ് വന്നതിനാല്‍ ജില്ലയെ ഓറഞ്ച് സോണിലേക്ക് മാറ്റുന്നു.
 
ഇതില്‍ ശ്രദ്ധിക്കേണ്ട കാര്യം ജില്ലകളിലെ സ്ഥിതി വിലയിരുത്തി സോണുകളില്‍ മാറ്റം വരുത്തുക എന്നതാണ്. റെഡ് സോണിലെ ജില്ലകളിലെ ഹോട്സ്പോട്ട്, കേന്ദ്രസര്‍ക്കാര്‍ പുറപ്പെടുവിച്ച പ്രസ്താവനയില്‍ ഇതിനൊരു കണ്ടെയ്ന്‍മെന്റ് സോണ്‍ ഉണ്ട്. ഇവിടെ ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ കര്‍ശനമായി തുടരും. മറ്റ് ഇടങ്ങളില്‍ ഇളവുണ്ടാകും. ഹോട്സ്പോട്ടുകളുള്ള നഗരസഭകളുടെ കാര്യത്തില്‍ വാര്‍ഡോ, ഡിവിഷനോ ആണ് ഹോട്സ്പോട്ടായതെങ്കില്‍ അത് അടച്ചിടുന്ന സമീപനമാണ് സ്വീകരിച്ചത്. ഇതു പഞ്ചായത്തുകളുടെ കാര്യത്തില്‍ കൂടി വ്യാപിപ്പിക്കും. വാര്‍ഡും അതുമായി കൂടിച്ചേര്‍ന്ന പ്രദേശവും കണ്ടെയ്ന്‍മെന്റ് സോണുകളാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.