You are Here : Home / News Plus

വനിതാ മതിലിന്റെ പേരില്‍ നിര്‍ബന്ധിത പിരിവ് നടത്തിയിട്ടില്ലെന്ന് സുധാകരന്‍

Text Size  

Story Dated: Sunday, December 30, 2018 07:32 hrs UTC

വനിതാ മതിലിന്റെ പേരില്‍ നിര്‍ബന്ധിത പിരിവ് നടത്തിയിട്ടില്ലെന്ന് മന്ത്രി ജി സുധാകരന്‍. കുടുംബശ്രീക്കാര്‍ അടക്കം പണം പിരിച്ചാണ് വരുന്നതെന്നും മതിലില്‍ പങ്കെടുക്കാന്‍ വരുന്നവര്‍ ചെലവിനായി പണം പിരിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ആലപ്പുഴ ജില്ലയില്‍ ഒരു പരാതിയും ഉയര്‍ന്നിട്ടില്ല. ചില സ്ഥലത്ത് ടെലിവിഷനില്‍ വരാന്‍ വേണ്ടി ഏതാനും സ്ത്രീകള്‍ സംസാരിച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി

വനിതാ മതിലുമായി ബന്ധപ്പെട്ട് വിവാദം വേണ്ടെന്നും വനിതാ മതിലിനെ രാഷ്ട്രീയമായി കൂട്ടികുഴക്കേണ്ടതില്ലെന്നും സുധാകരന്‍ പറഞ്ഞു. വനിതാ മതിലിന് ശബരിമലയുമായി നേരിട്ട് ബന്ധമില്ലെന്നും എന്‍എസ്‌എസ് നിലപാട് തിരുത്തണമെന്നും സുധാകരന്‍ കൂട്ടിച്ചേര്‍ത്തു.

അതേസമയം സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന വനിതാ മതിലുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് മൂന്ന് ജില്ലകളില്‍ ആക്രമണത്തിന് സാധ്യതയെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട് വന്നിരുന്നു. കാസര്‍ഗോഡ്, കണ്ണൂര്‍, കോഴിക്കോട് റൂറല്‍ എന്നിവിടങ്ങളിലാണ് ഭീഷണിയുള്ളത്.

മുന്നറിയിപ്പിനെ തുടര്‍ന്ന് ഇവിടങ്ങളില്‍ പ്രത്യേക നിരീക്ഷണം ഏര്‍പ്പെടുത്താന്‍ പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ മൂന്ന് ജില്ലാ പോലീസ് മേധാവികള്‍ക്കും നിര്‍ദേശംനല്‍കി.

മൂന്ന് ജില്ലകളിലും ബി.ജെ.പി., സംഘപരിവാര്‍ നേതാക്കളുടെയും സജീവ പ്രവര്‍ത്തകരുടെയും നീക്കങ്ങള്‍ നിരീക്ഷിക്കാനും നിര്‍ദേശമുണ്ട്.

കാസര്‍ഗോഡ് മഞ്ചേശ്വരം, ആദൂര്‍, ബേക്കല്‍, അമ്ബലത്തറ, വെള്ളരിക്കുണ്ട് സ്റ്റേഷന്‍ പരിധികളിലെ 74 ഇടങ്ങളിലാണ് അതിശ്രദ്ധ വേണ്ടത്. കണ്ണൂര്‍ ജില്ലയില്‍ കരിവെള്ളൂര്‍, കോത്തായിമുക്ക്, അന്നൂര്‍, കണ്ടോത്ത്പറമ്ബ്, തലായി, സെയ്താര്‍പള്ളി എന്നിങ്ങനെ ആറിടത്താണ് നിരീക്ഷണം. കോഴിക്കോട് റൂറലില്‍ അഴിയൂര്‍, കുഞ്ഞിപ്പള്ളി, മുക്കാളി, പാലയാട്ടുനട, ബ്രദേഴ്‌സ് ബസ് സ്റ്റോപ്പ്, പയ്യോളിയും പരിസര പ്രദേശങ്ങളും എന്നിവയാണ് കൂടുതല്‍ ശ്രദ്ധിക്കേണ്ട സ്ഥലങ്ങള്‍.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.