You are Here : Home / News Plus

‘മിഷന്‍ 676’: പ്രത്യേക മന്ത്രിസഭാ യോഗം ഇന്ന്

Text Size  

Story Dated: Tuesday, April 22, 2014 04:54 hrs UTC

ലോക്സഭാ തെരഞ്ഞെടുപ്പിന്‍െറ ജനവിധി പുറത്തുംവരുംമുമ്പുതന്നെ അടുത്ത തെരഞ്ഞെടുപ്പിനായി യു.ഡി.എഫ് സര്‍ക്കാര്‍ ഒരുക്കം തുടങ്ങി. സര്‍ക്കാറിന്‍െറ ശേഷിക്കുന്ന രണ്ടു വര്‍ഷം നടപ്പാക്കേണ്ട പദ്ധതികള്‍ സംബന്ധിച്ച് ചൊവ്വാഴ്ച ചേരുന്ന പ്രത്യേക മന്ത്രിസഭാ യോഗം അംഗീകാരം നല്‍കും. കുടിവെള്ളത്തിന് മുന്‍ഗണന നല്‍കുന്നതായിരിക്കും പദ്ധതികള്‍. ശേഷിക്കുന്ന 676 ദിവസത്തിനകം യാഥാര്‍ഥ്യമാക്കാവുന്ന പദ്ധതികള്‍ ഏതൊക്കെയെന്ന് ചൊവ്വാഴ്ചത്തെ യോഗത്തില്‍ അറിയിക്കണമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി മന്ത്രിമാരോട് നിര്‍ദേശിച്ചിരുന്നു. ബജറ്റില്‍ നിര്‍ദേശിച്ചതടക്കമുള്ള പദ്ധതികളില്‍ മുന്‍ഗണന നല്‍കേണ്ടതിന് പുറമെ സ്വപ്ന പദ്ധതികളും യോഗത്തില്‍ അവതരിപ്പിക്കണം.
ധനകാര്യ വകുപ്പിന്‍െറകൂടി അംഗീകാരത്തിനുശേഷം പദ്ധതികള്‍ നടപ്പാക്കാനാണ് ആലോചന. ഇവ നടപ്പാക്കുന്നതിന് ഓരോ വകുപ്പിലും പ്രത്യേക സംവിധാനവും ഏര്‍പ്പെടുത്തിയേക്കും. മന്ത്രിസഭയുടെ കാലാവധി അവസാനിക്കാന്‍ 676 ദിവസങ്ങള്‍കൂടി അവശേഷിക്കുന്നതിനാല്‍ ‘മിഷന്‍ 676’ എന്ന പേരിലാണ് പദ്ധതികള്‍ നടപ്പാക്കുക. മന്ത്രിസഭയുടെ മൂന്നാം വാര്‍ഷികം തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തില്‍പെടുമെന്ന് മുന്‍കൂട്ടിക്കണ്ട് സര്‍ക്കാറിന്‍െറ ആയിരം ദിവസം ആഘോഷിച്ചതിന് പിന്നാലെയാണ് മിഷന്‍ 676 നടപ്പാക്കുന്നത്. സ്വപ്ന പദ്ധതികള്‍, സുപ്രധാന പദ്ധതികള്‍ എന്നിങ്ങനെ തരംതിരിച്ചായിരിക്കും മന്ത്രിസഭയില്‍ അവതരിപ്പിക്കുക. എം.എല്‍.എമാര്‍ക്ക് അവരുടെ മണ്ഡലങ്ങളിലെ പ്രധാന പദ്ധതികളും മിഷന്‍ 676ല്‍ ഉള്‍പ്പെടുത്താം. സ്വപ്നപദ്ധതികളായ വിഴിഞ്ഞം തുറമുഖം, കൊച്ചി മെ¤്രടാ, കണ്ണൂര്‍ വിമാനത്താവളം തുടങ്ങിയവ വേഗത്തിലാക്കാനുള്ള ശിപാര്‍ശകള്‍, ദേശീയപാതകളുടെയും ബൈപാസുകളുടെയും നിര്‍മാണം തുടങ്ങിയവ സമയബന്ധിതമായി പൂര്‍ത്തീകരിക്കുന്നത് സംബന്ധിച്ചും പ്രത്യേക സംവിധാനം ഏര്‍പ്പെടുത്തിയേക്കും.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.