You are Here : Home / News Plus

സുനന്ദയുടെ മരണം: വിശദ അന്വേഷണത്തിന് നിര്‍ദേശം

Text Size  

Story Dated: Wednesday, January 22, 2014 04:52 hrs UTC

കേന്ദ്രമന്ത്രി ശശി തരൂരിന്‍റെ  ഭാര്യ സുനന്ദ പുഷ്കറിന്‍റെ  മരണത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്താന്‍ സബ് ഡിവിഷനല്‍ മജിസ്ട്രേറ്റ് ഡല്‍ഹി പൊലീസിന് നിര്‍ദേശം നല്‍കി. ആത്മഹത്യ, കൊലപാതകം എന്നിവയടക്കമുള്ള സാധ്യതകളെക്കുറിച്ച് പൊലീസ് അന്വേഷിക്കണമെന്ന് നിര്‍ദേശിച്ചിട്ടുണ്ട്.
പോസ്റ്റുമോര്‍ട്ടം, രാസപരിശോധനാ റിപ്പോര്‍ട്ടുകളും ശശി തരൂര്‍, സുനന്ദയുടെ ബന്ധുക്കള്‍, ഹോട്ടല്‍ ജീവനക്കാര്‍ എന്നിവരടക്കമുള്ളവരുടെ മൊഴികളും അടിസ്ഥാനമാക്കിയാണ് സബ്ഡിവിഷനല്‍ മജിസ്ട്രേറ്റ് പൊലീസിന് തനന്‍റെ  അന്വേഷണ റിപ്പോര്‍ട്ട് ചൊവ്വാഴ്ച കൈമാറിയത്. സുനന്ദയുടെ മരണത്തില്‍ കുടുംബാംഗങ്ങള്‍ ആരും ദുരൂഹത സംശയിക്കുന്നില്ളെന്നും പരാതി നല്‍കിയിട്ടില്ലെന്നും  റിപ്പോര്‍ട്ടില്‍ പറഞ്ഞിട്ടുണ്ട്. തരൂരിനെതിരെ റിപ്പോര്‍ട്ടില്‍ പരാമര്‍ശമില്ല.
വിവാഹം നടന്ന് ഏഴു വര്‍ഷം തികയാതെ അസ്വാഭാവികമായി സ്ത്രീ മരിച്ചാല്‍ സബ്ഡിവിഷനല്‍ മജിസ്ട്രേറ്റ് പ്രാഥമിക അന്വേഷണം നടത്തണമെന്നാണ് ചട്ടം. അതനുസരിച്ചാണ് സുനന്ദയുടെ മരണത്തെക്കുറിച്ച് എസ്.ഡി.എം അലോക് ശര്‍മ അന്വേഷിച്ചത്. എസ്.ഡി.എം നിര്‍ദേശിക്കുന്നതിന് അനുസരിച്ചാണ് പൊലീസ് തുടര്‍നടപടികളിലേക്ക് കടക്കുന്നത്. ആത്മഹത്യയുടെയും കൊലപാതകത്തിന്റെയും  സാധ്യതകള്‍ അന്വേഷിക്കാന്‍ എസ്.ഡി.എം നിര്‍ദേശിച്ചതിനാല്‍, അതുപ്രകാരം പൊലീസ് ഇനി കേസ് രജിസ്റ്റര്‍ ചെയ്യും. അന്വേഷണം നടത്താതെ കേസ് അവസാനിപ്പിക്കാന്‍ പൊലീസിന് കഴിയില്ല. ഇതിന്‍റെ  ഭാഗമായി ബന്ധുക്കളോടും തരൂരിനോടും വിശദാംശങ്ങള്‍ തേടുകയും ചെയ്യും.
ആത്മഹത്യക്ക് പ്രേരണയുണ്ടായിട്ടുണ്ടോ മൂന്നാമതൊരാള്‍ക്ക് മരണത്തില്‍ പങ്കുണ്ടോ തുടങ്ങിയ കാര്യങ്ങള്‍ ഇനി പൊലീസാണ് അന്വേഷിക്കേണ്ടത്. അമിതമായി ഗുളിക കഴിച്ചതാണ് മരണകാരണമെന്ന് രാസപരിശോധനയില്‍ തെളിഞ്ഞിരുന്നു.
ആല്‍പ്രാക്സ് എന്നറിയപ്പെടുന്ന, വിഷാദ രോഗത്തിനുള്ള ആല്‍പ്രാസോളം എന്ന മരുന്നിന്‍െറ രണ്ടു ഡസനിലേറെ ഗുളികകള്‍ സുനന്ദ കഴിച്ചിരുന്നു. അതേസമയം, ആല്‍പ്രാസോളം അമിതമായി കഴിച്ചാല്‍ പോലും മരണം സംഭവിക്കില്ലെന്ന്  മുതിര്‍ന്ന മനോരോഗ വിദഗ്ധര്‍ പറയുന്നുണ്ട്.
ഏറെനേരം ഉറങ്ങിയെന്നും മന്ദത ഉണ്ടായെന്നും വരാം. മറ്റേതെങ്കിലും മരുന്നുകൂടി ഉള്ളില്‍ ചെന്നിരുന്നോ എന്ന സംശയമാണ് ഇതുവഴി ഉയരുന്നത്. ഇതേക്കുറിച്ചും പൊലീസ് പരിശോധിക്കേണ്ടി വരും.
പെട്ടെന്നുള്ള അസ്വാഭാവിക മരണമാണ് നടന്നതെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടും വ്യക്തമാക്കുന്നു. 12ലേറെ മുറിവുകള്‍ സുനന്ദയുടെ ദേഹത്ത് കണ്ടത്തെിയിട്ടുണ്ട്. എന്നാല്‍, അവ മരണ കാരണമല്ല. ഇടത്തെ കവിളില്‍ ക്ഷതമേറ്റിട്ടുണ്ട്. സുനന്ദയുടെ വയറ്റില്‍നിന്ന് ഭക്ഷണ സാമ്പിളുകള്‍ എടുക്കാന്‍ കഴിഞ്ഞിരുന്നില്ല. ഭക്ഷണമൊന്നും കഴിച്ചിരുന്നില്ലെന്ന്  റിപ്പോര്‍ട്ടില്‍ ഡോക്ടര്‍മാര്‍ അനുമാനിച്ചിരുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.