You are Here : Home / News Plus

പ്രേംനസീര്‍ ഓര്‍മയായിട്ട് കാല്‍ നൂറ്റാണ്ട്

Text Size  

Story Dated: Thursday, January 16, 2014 06:36 hrs UTC

മലയാളിയുടെ മനസ്സിലെ നിത്യഹരിത നായകനായ   പ്രേം നസീര്‍ മറഞ്ഞിട്ട് ജനുവരി 16ന് 25 വര്‍ഷം പൂര്‍ത്തിയാവുന്നു. വെള്ളിത്തിരയിലെ പ്രണയഭാവങ്ങളിലൂടെ പ്രേക്ഷകമനസുകളില്‍ ചിരപ്രതിഷ്ഠ നേടിയ നടനായിരുന്നു നസീര്‍.മരം ചുറ്റി പ്രേമം മാത്രമല്ല വ്യത്യസ്തതയാര്‍ന്ന കഥാപാത്രങ്ങളും അദ്ദേഹം വെള്ളിത്തിരയിലവതരിപ്പിച്ചു.

ചിറയന്‍കീഴില്‍ ഷാഹുല്‍ ഹമീദിന്റെയും അസ്മാബീബിയുടെയും മകനായി 1926 ല്‍ ജനിച്ച പ്രേം നസീര്‍ 1952 മുതല്‍ 1988 വരെ സിനിമയില്‍ സജീവമായിരുന്നു. ചങ്ങനാശേരി എസ്.ബി കോളജില്‍ പഠിക്കുമ്പോള്‍ ‘വെനീസിലെ വ്യാപാരി’ എന്ന നാടകത്തില്‍ ഷൈലോക്കായാണ് ചിറയിന്‍കീഴുകാരന്‍ അബ്ദുല്‍ ഖാദര്‍ അഭിനയരംഗത്തേക്ക് എത്തിയത്.
പിന്നീട് 1952ല്‍ ‘മരുമകള്‍’ എന്ന ചിത്രത്തിലൂടെയായിരുന്നു സിനിമാലോകത്ത് കടന്നുവന്നത്. തിക്കുറിശ്ശി സുകുമാരന്‍ നായര്‍ ചാര്‍ത്തിക്കൊടുത്ത പ്രേം നസീര്‍ എന്ന പേരുമായി ആ യുവാവ് വളര്‍ന്നുകയറിയത് മലയാളസിനിമയുടെ നെറുകയിലേക്കാണ്.
 
ജനപ്രിയതക്കൊപ്പം 600 ലേറെ ചിത്രങ്ങളില്‍ നായകനായി അപൂര്‍വ ബഹുമതി നേടി ഗിന്നസിലും അദ്ദേഹം പേരു ചേര്‍ത്തു. ഒരു സംവിധായകന്‍റെ  ഏറ്റവുമധികം ചിത്രങ്ങളില്‍ അഭിനയിച്ച നടനും അദ്ദേഹം തന്നെ. ശശികുമാറിന്‍റെ  89 ചിത്രങ്ങളിലാണ് അദ്ദേഹം മുഖ്യവേഷത്തില്‍ എത്തിയത്.
 
ഇരുട്ടിന്റെ ആത്മാവിലെ വേലായുധന്‍, അനുഭവങ്ങള്‍ പാളിച്ചകളിലെ ഗോപാലന്‍, പടയോട്ടത്തിലെ ഉദയന്‍ തുടങ്ങിയ കഥാപാത്രങ്ങള്‍ നസീറിന്റെ വേഷപ്പകര്ച്ചക്ക് ഉധാഹരണമാണ്.    താരം എന്നതിലുപരി മനുഷ്യസ്നേഹിയും സൗമ്യനുമായ വ്യക്തിത്വമായാണ് നസീര്‍ വിലയിരുത്തപ്പെടുന്നത്. സ്വന്തം നാട്ടിലും സിനിമാ മേഖലയിലും അദ്ദേഹത്തിന്റെസന്‍മനസ് അടുത്തറിയാത്തവരായി ആരുമുണ്ടായിരുന്നില്ല.
 
32 വര്‍ഷം കൊണ്ട് അറുന്നൂറിലേറെ ചിത്രങ്ങള്‍ അഭിനയിച്ച നസീറിനൊപ്പം നൂറ്റിപ്പത്തോളം ചിത്രങ്ങളില്‍ ഷീല നായികയായി. ഇതും റെക്കോഡാണ്. 72 നായികമാര്‍ക്കൊപ്പം അഭിനയിച്ച അദ്ദേഹം 33 തവണ ഇരട്ടവേഷം കൈകാര്യം ചെയ്തിട്ടുമുണ്ട്. പഴയകാലത്ത് സജീവമായിരുന്ന മിക്ക വടക്കന്‍ പാട്ട് ചിത്രങ്ങളിലും നായകന്‍ അദ്ദേഹമായിരുന്നു.
 
1983ല്‍ രാജ്യം പത്മഭൂഷണ്‍ നല്‍കി മഹാനടനെ ആദരിച്ചു. 1989 ജനുവരി 16ന് അറുപത്തിരണ്ടാം വയസിലാണ് അദ്ദേഹം അന്തരിച്ചത്.
 
 
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.