You are Here : Home / News Plus

യു.ആര്‍ അനന്തമൂര്‍ത്തി അന്തരിച്ചു

Text Size  

Story Dated: Friday, August 22, 2014 07:14 hrs UTC

ബംഗളൂരു: ജ്ഞാനപീഠ ജേതാവും സാംസ്കാരിക നായകനും എം.ജി. സര്‍വകലാശാല മുന്‍ വൈസ് ചാന്‍സലറുമായിരുന്ന യു.ആര്‍. അനന്തമൂര്‍ത്തി (82) അന്തരിച്ചു. ബംഗളൂരു മണിപ്പാല്‍ ആശുപത്രിയില്‍ വെള്ളിയാഴ്ച വൈകീട്ട് 6.26 ഓടെയായിരുന്നു അന്ത്യം. പനിയും അണുബാധയുംമൂലം പത്തുദിവസം മുമ്പാണ് ആശുപത്രില്‍ പ്രവേശിപ്പിച്ചത്. നില ഗുരുതരമായതിനാല്‍ രണ്ടുദിവസമായി വെന്‍റിലേറ്ററിലായിരുന്നു. ഇരു വൃക്കകളും പ്രവര്‍ത്തന രഹിതമായതിനൊപ്പം ശ്വാസകോശം, ഹൃദയം എന്നിവയുടെ പ്രവര്‍ത്തനവും താളംതെറ്റി. വെള്ളിയാഴ്ച ഉച്ചയോടെ അനന്തമൂര്‍ത്തിയുടെ ആരോഗ്യനില മോശമായി. വൈകീട്ടോടെ നേരിയ പുരോഗതി കൈവന്നെങ്കിലും ഹൃദയാഘാതം സ്ഥിതി വഷളാക്കി. വൈകീട്ട് 6.26 ഓടെ മരണത്തിന് കീഴടങ്ങി.
അനന്തമൂര്‍ത്തിയുടെ നിര്യാണത്തെ തുടര്‍ന്ന് കര്‍ണാടകയില്‍ ശനിയാഴ്ച പൊതു അവധിയും മൂന്നു ദിവസം ദു:ഖാചരണവും പ്രഖ്യാപിച്ചു. പൂര്‍ണ ഒൗദ്യോഗിക ബഹുമതിയോടെയാകും സംസ്കാരം.
കര്‍ണാടകയിലെ ഷിമോഗ ജില്ലയില്‍ മെലിംഗ ഗ്രാമത്തില്‍ രാജഗോപാലാചാരിയുടെയും സത്യഭാമയുടെയും മകനായി 1932 ഡിസംബര്‍ 21നാണ് യു.ആര്‍. അനന്തമൂര്‍ത്തി ജനിച്ചത്. മൈസൂര്‍ സര്‍വകലാശാലയില്‍നിന്ന് ഇംഗ്ളീഷ് സാഹിത്യത്തില്‍ സ്വര്‍ണമെഡലോടെ ബിരുദാനന്തര ബിരുദം നേടി. തുടര്‍ന്ന് ഇംഗ്ളണ്ടിലെ ബര്‍മിങ്ഹാം സര്‍വകലാശാലയില്‍നിന്ന് ഡോക്ടറേറ്റ് നേടി. തിരിച്ചത്തെിയ മൈസൂര്‍ സര്‍വകലാശാലയില്‍ ഇംഗ്ളീഷ് അധ്യാപകനായി.
1970ല്‍ സംസ്കാര എന്ന നോവല്‍ പുറത്തിറങ്ങിയതോടെ രാജ്യത്തെ പ്രമുഖ എഴുത്തുകാരുടെ നിരയിലേക്കുയര്‍ന്നു. അവസ്ഥ, ഭാരതീപുര, ഭാവ, ബാര എന്നിവയാണ് പ്രശസ്തമായ മറ്റ് കൃതികള്‍. പല നോവലുകളും ചലച്ചിത്രഭാഷ്യങ്ങളായി.
1987ല്‍ മഹാത്മാഗാന്ധി സര്‍വകലാശാലയുടെ വൈസ് ചാന്‍സലറായി.1991ല്‍ ഉദ്യോഗസ്ഥ മേധാവിത്വം കണ്ട് മടുത്ത് വി.സി സ്ഥാനം രാജിവെച്ചൊഴിഞ്ഞു. 1992 ല്‍ നാഷണല്‍ ബുക് ട്രസ്റ്റിന്‍െറ ചെയര്‍മാനായി. അടുത്ത വര്‍ഷം കേന്ദ്ര സാഹിത്യ അക്കാദമി പ്രസിഡന്‍റായി. ജെ.എന്‍.യുവിലുള്‍പ്പടെ വിവിധ സര്‍വകലാശാലകളില്‍ വിസിറ്റിങ് പ്രൊഫസറായിരുന്നു. 2012 ല്‍ കര്‍ണാടകയിലെ സെന്‍ട്രല്‍ സര്‍വകലാശാലയുടെ ആദ്യ വൈസ് ചാന്‍സലറുമായി.
കര്‍ണാടകയിലെ ആധുനിക സാഹിത്യത്തിന്‍െറ മുഖ്യ പ്രയോക്താക്കളിലൊരാളായിരുന്നു.നോവലിസ്റ്റ്, കഥാകൃത്ത്, കവി, നിരൂപകന്‍, അധ്യാപകന്‍, വിദ്യാഭ്യാസ വിചക്ഷണന്‍ എന്നീ നിലകളില്‍ രാജ്യാന്തര പ്രശസ്തനായിരുന്നു. 1994 ല്‍ ജ്ഞാനപീഠം ലഭിച്ചു. 1998 ല്‍ രാജ്യം പത്ഭൂഷന്‍ നല്‍കി ആദരിച്ചു. 
ഭാര്യ: എസ്തര്‍, മകന്‍: ശരത്, മകള്‍: അനുരാധ.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.